മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി ഇന്നവസാനിക്കും 




തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി നൽകിയ അന്ത്യശാസനത്തിലെ ദിവസം ഇന്ന് അവസാനിക്കുകയാണ്. ചട്ടം ലംഘിച്ച് നിർമ്മിച്ച അഞ്ചു ഫ്ലാറ്റുകളും 20 ന് മുൻപ്  പൊളിച്ചു നീക്കി റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്   സുപ്രീംകോടതി ഉത്തരവ്. എന്നാൽ സുപ്രീംകോടതിയുടെ അന്ത്യശാസനം ഇന്ന് അവസാനിക്കുമ്പോഴും ഫ്ലാറ്റ് പൊളിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരായ സർക്കാർ സർവ്വ കക്ഷി യോഗങ്ങൾ  വിളിച്ച് എങ്ങിനെ ഫ്ലാറ്റ് പൊളിക്കാതെ ഇരിക്കാം എന്ന ചർച്ചയിലാണ്. 


സർക്കാർ മാത്രമല്ല പ്രതിപക്ഷ പാർട്ടികളും ഫ്ലാറ്റ് പൊളിക്കരുതെന്ന് ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. നിയമ ലംഘകരായ ഫ്ലാറ്റ് നിർമ്മാതാക്കളെയും, അതിന് അംഗീകാരം നൽകിയ ഉദ്യോസ്ഥരെയും  മരട് നഗരസഭാ അധികൃതരെയും സംരക്ഷിക്കാനാണ് സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. പരസ്യമായി തന്നെ രാജ്യത്തെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിച്ച് നിൽക്കുകയാണ് ഇവർ. 


അവസാനമായി കേസ് പരിഗണിച്ച ദിവസം സുപ്രീംകോടതി അന്ത്യശാസനമായി പറഞ്ഞത് ഈ മാസം 20ന് മുമ്പ് ഫ്ളാറ്റുകൾ പൊളിച്ചു നീക്കണം എന്നാണ്. എന്നാൽ ഫ്ലാറ്റ് പൊളിക്കുമ്പോൾ  പാരിസ്ഥിതികാഘാതം ഉണ്ടാകുമെന്ന കാരണം പറഞ്ഞ് പൊളിക്കുന്നത്  വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതോടൊപ്പം തന്നെ, ഫ്ളാറ്റിലെ ജനങ്ങളുടെ പുനരധിവാസ പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി വൈകിപ്പിക്കുന്നത്.
 

ഇന്ന് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഫ്ലാറ്റ് പൊളിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി എന്ന രീതിയിലായിരിക്കും റിപ്പോർട്ട് നൽകുക. കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 23നാണ് അന്നേദിവസം പൊളിച്ച് അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നൽകിയിട്ടില്ലെങ്കിൽ സർക്കാർ കോടതിയുടെ കോടതിയിൽ മറുപടി പറയേണ്ടിവരും. കേസ് പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ  ആകാനാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. സുപ്രീം കോടതി വിധി മറികടന്ന് കൊണ്ടുള്ള ഒരു തീരുമാനം ഉണ്ടായാൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടക്കും എന്നാണ് സുപ്രീംകോടതി നേരത്തെ നൽകിയ താക്കീത്. ഈ സാഹചര്യത്തിൽ സർക്കാരിന് ഏറെ നിർണായകമാണ് ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ട്.


കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്ന സുപ്രീം കോടതിയുടെ താക്കീത് നിലനിൽക്കുന്നതിനാൽ മികച്ച അഭിഭാഷകരെ കോടതിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമം. അതുകൊണ്ടുതന്നെ കോടതിയിൽ നിന്നുള്ള കടുത്ത ഇടപെടൽ തടയാനാണ് സർക്കാർ നീക്കങ്ങൾ. സർക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ തുഷാർ മേത്തയെ തന്നെ വീണ്ടും കോടതിയിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്. പൊളിക്കാൻ 30 കോടി ചെലവാകുമെന്ന് ആശങ്ക പറയുന്നവർ കേസ് നടത്താൻ കോടികൾ ചെലവഴിക്കാൻ തയ്യാറാണ് എന്നതാണ് വിരോധാഭാസം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment