അടൂരിൽ മണ്ണെടുപ്പിന് അനുമതി നൽകരുത് ; ആർ.ഡി.ഒ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി




പത്തനംതിട്ട: പ്രളയം സർവ്വനാശം വിതച്ചതിന് തൊട്ടുപിന്നാലെ നടന്ന ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ അടൂരിലെ മൂന്ന് വില്ലേജുകളിൽ മണ്ണെടുപ്പിന് അനുമതി നൽകരുതെന്ന് ജിയോളജി വകുപ്പിന് നിർദ്ദേശം കൊടുക്കണമെന്ന റിപ്പോർട്ട് അടൂർ ആർ.ഡി.ഒ എം.എ റഹീം ജില്ലാ കളക്ടർ പി.ബി.നൂഹിന് സമർപ്പിച്ചു. അടൂർ താലൂക്കിൽ പള്ളിക്കൽ, പെരിങ്ങനാട്, ഏനാദിമംഗലം വില്ലേജുകളിൽ ഭൂചലനത്തിൽ നിരവധി വീടുകൾക്ക് വിള്ളലുകൾ വീഴുകയും ഭൂമി വിണ്ടുകീറുകയും ചെയ്തിരുന്നു. നിരവധി സ്ഥലങ്ങളിൽ അനുമതിയോടെയും അല്ലാതെയും മണ്ണെടുപ്പ് നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. 


മണ്ണെടുപ്പ് വ്യാപകമായ പ്രദേശങ്ങളിലാന്ന് ഭൂചലനം അനുഭപ്പെട്ടത്. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏനാദിമംഗലത്തുനിന്ന് നൂറ് കണക്കിന് ലോഡ് മണ്ണാണ് കടത്തികൊണ്ടു പോകുന്നത്. പ്രളയ ദുരന്തം ഉണ്ടായതിനുശേഷവും ജിയോളജിവകുപ്പ് മണ്ണെടുക്കുന്നതിന് വ്യാപകമായി അനുമതി നൽകുന്നതായും വീടുവയ്ക്കാൻ എന്ന വ്യാജേന പെർമിറ്റ് കരസ്ഥമാക്കി കൂടുതൽ വിസ്തീർണത്തിൽ മണ്ണ് എടുക്കുകയും പിന്നീട് വീട് വയ്ക്കാതിരിക്കുകയും ചെയ്യുന്നതായും ആർ.ഡി.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. മണ്ണെടുത്ത് കുന്നുകൾ ഇടിക്കുന്നത് വലിയ ഭൂ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഏനാദിമംഗലം, പള്ളിക്കൽ, പെരിങ്ങനാട് വില്ലേജുകളിൽ മണ്ണെടുക്കുന്നതിന് അനുമതി നൽകരുതെന്ന് ജില്ല ഖനന ഭൂവിജ്ഞാന വകുപ്പിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അടൂർ ആർ.ഡി.ഒ റിപ്പോർട്ട് നൽകിയിരിക്കുന്നത് 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment