കേരളത്തിലെ കൊറ്റികളുടെ രാജാവിന്റെ വിശേഷങ്ങൾ അറിയാം




ചാരമുണ്ടി / Grey Heron ( Ardea cinerea )


കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്നു പറയാവുന്ന പക്ഷിയാണ് ചാരമുണ്ടി. വലിയ പുഴകളും, വിസ്താരമുള്ള ജലാശയങ്ങളും ഉള്ള സ്ഥലത്തെല്ലാം കാണുവാനിടയുള്ള  ഈ പക്ഷി, കേരളത്തിലെങ്ങും സുലഭമല്ല. മിക്ക സ്ഥലങ്ങളിലും ഇവയെ ഒറ്റയ്ക്കോ ഇണകളായോ മാത്രമേ കാണുകയുള്ളു .


ഏകദേശം രണ്ടര അടി ഉയരം, നീണ്ട തോട്ടി കാലുകൾ, പാമ്പു പോലെ വളഞ്ഞ് നീണ്ടു മെലിഞ്ഞ കഴുത്ത്, കഠാര പോലെ നീണ്ടു കൂർത്ത് തീരെ വളവില്ലാത്ത കൊക്ക്, പുറം ചാരനിറം, വയറും, മാറിടവും, കഴുത്തും, അടിവശവും തൂവെള്ള.കഴുത്തിന്റെ നടുവിലൂടെ മുകളിൽ നിന്നും മാറിടം വരെ ഒരു വര വരച്ചതു പോലെ കുറേ കറുത്ത പുള്ളികൾ എന്നിവയാണ് ചാരമുണ്ടിയുടെ പ്രത്യേകതകൾ.

 


ഈ വലിയ  പക്ഷി ജലാശയങ്ങളുടെ തീരത്ത് ധ്യാനനിഷ്ഠനായി നിൽക്കുന്നതായാണ് സാധാരണയായി കാണുക. ചാരമുണ്ടി, തപസ്സു ചെയ്യുന്നതു പോലെ നടിച്ച് മുട്ടിനു വെള്ളത്തിൽ അനങ്ങാതേ നിലയുറപ്പിക്കുന്നത് മത്സ്യവും, തവളയും മറ്റും ഭയം കൂടാത അടുത്തു വരുവാനാണ്. നീണ്ട കഴുത്തും ചുരുക്കിപ്പിടിച്ചു നിൽക്കുന്ന പക്ഷി, അടുത്തു വല്ല ജലജന്തുവും എത്തിയാൽ, പെട്ടന്ന് മടക്കി വെച്ച കഴുത്ത് ഒരു സ്പ്രിങ്ങു പോലെ ചാടിച്ച് അതിനെ കൊക്കിലാക്കും. ഞൊടിക്കുള്ളിൽ അതിനെ അകത്താക്കും. വീണ്ടും ഉറക്കം നടിച്ചു നിൽക്കും അടുത്ത ഇര കാത്ത്.


ചാരമുണ്ടിക്കു മനുഷ്യനെ വലിയ വിശ്വാസമില്ല. നാം അടുത്തു ചെല്ലുന്നതു കണ്ടാൽ ഈ പക്ഷി പെട്ടന്ന് ചിറകുകൾ വിടർത്തി, പതുക്കെ പൊന്തി, മന്ദം മന്ദം ചിറകടിച്ച് ദൂരെയ്ക്കു നീങ്ങും.

 

 


ചാരമുണ്ടിയുടെ ചിറകുകൾക്കു നല്ല  വീതിയും നീളവുമാണ് .ആന ചെവി വീശുന്നതു പോലെയാണ് മുറം പോലെയുള്ള ചിറകുകളേ പക്ഷി ഉയർത്തി താഴ്ത്തുക. ഈ പക്ഷിയുടെ കൂടുകൂട്ടൽ കേരളത്തിൽ കണ്ണൂരിൽ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു .

Green Reporter

Basil Peter

Visit our Facebook page...

Responses

0 Comments

Leave your comment