കർഷകരുടെ അതിജീവന പോരാട്ടം - ഭക്ഷ്യ, ജീവ സുരക്ഷാ സമരം 50 ദിവസങ്ങൾ പിന്നിടുമ്പോൾ




കർഷകരുടെ അതിജീവന പോരാട്ടം -  മലയാളിയുടെ ഭക്ഷ്യ - ജീവ സുരക്ഷാ സമരം 50 ദിവസങ്ങൾ പിന്നിട്ട് മുൻപോട്ട് ശക്തമായി നീങ്ങുകയാണ്. കൃഷിഭൂമി നശിപ്പിക്കാൻ കഴിയാത്ത വിധം നിയമം കർശനമാക്കുക, കൃഷിയിടത്തിൽ നിന്നും മുഴുവൻ പണവും നൽകി സർക്കാർ നെല്ല് സംഭരിക്കുക, കുടിവെള്ള സ്രോതസുകൾ സംരക്ഷിച്ച് പോരുന്ന കൃഷിക്കാർക്ക് പ്രതിഫലം നൽകുക തുടങ്ങിയ ഏഴോളം ആവശ്യങ്ങളാണ് സമരം മുന്നോട്ട് വെക്കുന്നത്. 

 


കൃഷിഭൂമി സംരക്ഷണത്തിൽ കേന്ദ്ര - കേരള സർക്കാരുകളും അധികാരികളും മതിയായ താല്പര്യം കാണിക്കുന്നില്ല എന്നതാണ് അവസ്ഥ. വികസനമെന്ന പേരിൽ കൃഷിഭൂമികൾ മണ്ണിട്ട് നികത്തുന്നതിന്  മുൻകൈ എടുക്കുന്നത് സർക്കാർ തന്നെയാണ്. ഇതിനായി നെൽവയൽ - തണ്ണീർത്തട നിയമത്തിൽ തന്നെ ഭേദഗതികൾ  നടത്താൻ തന്നെ കേരള സർക്കാർ തയ്യാറായി എന്നത് അധികാരികൾ തുടരുന്ന സമീപനം വെളിവാക്കുന്നതാണ്.

 


കർഷകരെ ദുരിതത്തിലാക്കി കൃഷിഭൂമികൾ നശിപ്പിച്ച് വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനത്ത് പലയിടത്തും സമരങ്ങൾ നടന്ന് വരികയാണ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കണ്ടങ്കാളിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ  വൻകിട എണ്ണ സംഭരണ ശാല വരുന്നത് ഏകദേശം 80 ഏക്കറോളം വയൽ നികത്തിയാണ്. എണ്ണ സംഭരിച്ച് വിതരണം ചെയ്യുന്നതിനായി സർക്കാർ 80 ഏക്കർ ഏറ്റെടുത്ത് നികത്തുന്നതിനൊപ്പം തന്നെ മറ്റൊരു 10 ഏക്കർ കൂടി ഏറ്റെടുത്ത് പ്രദേശത്തേക്ക് വലിയ റോഡ് നിർമിക്കാനും പദ്ധതിയുണ്ട്. ഇതിനെതിരെ ജനങ്ങൾ അണിചേർന്ന് സമരം നടത്ത്ന്നുണ്ടെങ്കിലും സർക്കാർ ഇതുവരെ കൺതുറന്നിട്ടില്ല.

 


കണ്ണൂരിലെ തന്നെ കീഴാറ്റൂരിൽ വീണ്ടും സമരം തുടങ്ങുകയാണ്. വയൽ നികത്തിയാണ് ഇവിടെയും നിർമാണ പ്രവർത്തികൾ നടത്താൻ സർക്കാർ ഒരുങ്ങുന്നത്. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് പാലക്കാട് കർഷക മുന്നേറ്റം സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ കൃഷിഭൂമിയും സംരക്ഷിക്കുന്നതിനായി നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒന്നര മാസക്കാലമായി അന്തിമ ഘട്ട സമരം നടക്കുന്നത്.

 


2006 ഡിസംബറിലാണ് ഇതേ ആവശ്യങ്ങളുന്നയിച്ച് കർഷക മുന്നേറ്റം സംഘടനയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി കെ പി പോളിയാണ് അന്ന് തൃശൂർ മുരിയാടിൽ നടന്ന  സമരത്തിന് നേതൃത്വം നൽകിയത്. ഒരു വർഷത്തിനപ്പുറം വർഗീസ് തൊടുപറമ്പിലിന്റെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. പിന്നീട് പലഘട്ടങ്ങൾ കടന്ന സമരം അതിന്റെ അന്തിമഘട്ടത്തിലാണ് നിലവിൽ ഉള്ളത്. നവംബർ ഒന്നുമുതൽ ആരംഭിച്ച അവസാന ഘട്ട സമരം ആദ്യ പത്ത് ദിനങ്ങൾ ഓരോ ആളുകൾ വീതം മാറി മാറി നടത്താനായിരുന്നു പദ്ധതി. എന്നാൽ സമരം ഫലം കാണാത്തതിനെ തുടർന്ന് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. 

 

കഴിഞ്ഞ 52 ദിവസമായി നിരവധി ആളുകളാണ് ഓരോ പകൽ ന്യായമായ തങ്ങളുടെ ആവശ്യത്തിനായി ഉപവാസമിരിക്കുന്നത്. അതേസമയം കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകുയാണ് സംഘാടകരായ വർഗീസ് തൊടുപറമ്പിൽ, കെ എ കുഞ്ഞൻ, കെ എ ഫിറോസ് ഖാൻ, രാമപ്രസാദ്‌ അകലൂർ തുടങ്ങിയവർ.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment