അരുവിക്കര ഡാമിന് സമീപം പുതിയ ക്വാറി തുടങ്ങാൻ നീക്കം ; പഞ്ചായത്ത് അനുമതി നിഷേധിച്ചു




അരുവിക്കര ഡാമിന് സമീപം പുതിയ ക്വാറി തുടങ്ങാൻ ക്വാറി മാഫിയ നീക്കം തുടങ്ങി. ഡാമിന് ഭീഷണിയായി നിലവിൽ തന്നെ പ്രവർത്തിച്ച് വരുന്ന ക്വാറികൾക്കും ക്രഷറുകൾക്കും പുറമെയാണ് ഡാമിന് രണ്ടു കിലോമീറ്റർ ചുറ്റളവിൽ പുതിയ ക്വാറി തുടങ്ങാൻ ശ്രമം നടക്കുന്നത്. അരുവിക്കര പഞ്ചായത്തിലെ തോണിപ്പാറ മല വിലക്ക് വാങ്ങിയ സ്വകാര്യ വ്യക്തി ക്വാറി തുടങ്ങാൻ അനുമതി തേടിയിട്ടുള്ളത്. എന്നാൽ ക്വാറിക്ക് അനുമതി നൽകേണ്ടെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. എങ്കിലും ഗവണ്മെന്റിന്റെ അനുമതിയോടെ ക്വാറിയുടെ പ്രവർത്തനം നടക്കുമോ എന്ന സംശയത്തിലാണ് നാട്ടുകാർ.

 


തോണിപ്പാറ മല സംരക്ഷിണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത്‌ അനുകൂലമായ തീരുമാനം കൈകൊണ്ടത്. നിലവിൽ അരുവിക്കര പഞ്ചായത്തിൽമാത്രം അഞ്ച‌് ക്രഷർ യൂണിറ്റും നാല‌് ക്വാറിയും പ്രവർത്തിക്കുന്നുണ്ട്. വൻ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ക്വാറികൾ ഇവിടെ സൃഷ്ടിക്കുന്നത്. അരുവിക്കര പഞ്ചായത്തിൽ പുതുതായി ക്വാറികളും ക്രഷർ യൂണിറ്റും വേണ്ടെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നയം.

 

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും കുടിവെള്ള സ്രോതസ്സുമായ അരുവിക്കര ഡാം പ്രദേശത്തിന്റെ വികസനത്തിനാണ് പഞ്ചായത്ത് പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇരുമ്പ, പാണ്ടിയോട്, കളത്തുകാൽ, അയണിക്കാട് പ്രദേശങ്ങളിലെ ജനങ്ങളെ നേരിട്ടും ആയിരക്കണക്കിന് ജനങ്ങളെ പരോക്ഷമായും ബാധിക്കാനിടയുള്ള തോണിപ്പാറ മല ഖനനത്തിനെതിരെയുള്ള ജനങ്ങളുടെ സമരത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment