റാന്നിയിൽ പോലീസ് ഒത്താശയിൽ അനധികൃത പാറ ഖനനം തുടരുന്നു




പത്തനംതിട്ട : ജില്ലയുടെ മലയോര മേഖലയിൽ ഖനന മാഫിയ ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾ തുടരുകയാണ്. റാന്നി , നാറാണം മൂഴിയിൽ ഖനനം നടത്താൻ രേഖകളില്ല എന്നിരിക്കെ, അവ പെരുമ്പാവൂരിലെന്നു പറഞ്ഞ് പോലീസ് ഖനനത്തിന് പച്ചക്കൊടി കാട്ടുന്നു.കോവിഡ് മഹാമാരിയുടെ മറവിൽ ജില്ലയിലെ പശ്ചിമഘട്ട മലനിരകളോടെ ചേർന്ന പാറ കുന്നുകളെല്ലാം പൊട്ടിച്ചു മാറ്റാനാണ് ഖനന മാഫിയയും ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടും ശ്രമിക്കുന്നത്.പോലീസ് ഖനന മാഫിയക്കായി കാവൽ നിന്ന് പ്രതിഷേധ മുയർത്തുന്ന നാട്ടുകാർക്കെതിരെ തിരിഞ്ഞിരി ക്കുകയാണ്‌ .സ്ഥലം MLA , തൻ്റെ അധികാരം എന്നത്തേയും പോലെ ഖനന മുതലാളിമാർക്ക് നൽകി അവരുടെ രക്ഷക വേഷത്തിലുണ്ട്.


റാന്നി നാറാണംമൂഴി പഞ്ചായത്തിലെ ഉന്നതാനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പശു ഫാം തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ് വൻ തോതിൽ പാറ പൊട്ടിച്ചു കടത്താനുള്ള നീക്കം നടന്നത്. ഇതിനെതിരെ റാന്നി പെരുനാട് പോലീസിൽ നാട്ടുകാർ പരാതി നൽകിയിരുന്നു . ഇതനുസരിച്ചു ബുധനാഴ്ച രാവിലെ നാട്ടുകാരെയും പാറമട നടത്തിപ്പുകാരെയും സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും സി ഐ യും പോലീസുകാരും നാട്ടുകാരെ കേൾക്കാൻ കൂട്ടാക്കിയില്ല.പാറമട ലോബി സ്റ്റേഷനിൽ ഹാജരാക്കുക പോലും ചെയ്തില്ലെങ്കിലും പാറമടയ്ക്ക്  അനുമതികളുമുണ്ടെന്നും അതെല്ലാം പെരുമ്പാവൂരിൽ ഇരിക്കുകയാണ് കോവിഡായതിനാൽ കൊണ്ടുവരുവാൻ പറ്റില്ല, പാറപൊട്ടിക്കൽ തുടരും എന്നായിരുന്നു പോലീസ് ഭാഷ്യം. നാട്ടുകാരാവഴി പ്രതിഷേധവുമായി കണ്ടേക്കരുതെന്നും പോലീസിന്റെ വക ഭീഷണി ഉണ്ടായി. സംസ്ഥാന പോലീസ് മേധാവിക്ക് പെരുനാട് പോലീസിനെതിരെ നാട്ടുകാർ പരാതി നൽകിയിരിക്കുകയാണ്.


ഒരാഴ്ചയിലേറെയായി ഈ ഭാഗത്തു മണ്ണുമാന്തി ഉപയോഗിച്ച് റോഡ് നിർമ്മാണവും മറ്റും നടക്കുന്നുണ്ട്.പാറമട തുടങ്ങാനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം പരാതി നൽകി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ചൊവ്വാഴ്ച്ച രാവിലെ പത്തു മണിയോടെ ഉഗ്ര സ്ഫോടനം നടത്തി ഇവിടെ നിന്നും പാറ പൊട്ടിച്ചുകടത്താനുള്ള നീക്കം തുടങ്ങി.ഇതോടെ നാട്ടുകാർ പരാതിയുമായി പെരുനാട് പോലീസിനെയും വില്ലേജ് അധികൃതരെയും സമീപിച്ചു . പിന്നീട് സ്ഥലത്തെത്തിയ അത്തിക്കയം വില്ലേജ് ഓഫിസർ കർശന നിർദേശം നൽകി സ്ഫോടനം നടത്തിന്നത് നിർത്തിവെപ്പിച്ചു.പശു വളർത്തൽ കേന്ദ്രം തുടങ്ങുവാനുള്ള അനുമതിക്കുപരി, ഉരുൾപൊട്ടൽ മേഖലയായ ഉന്നതാനിയിൽ പാറമട തുടങ്ങാൻ അനുമതി നൽകിയതായി അറിയില്ലെന്നാണ് റാന്നി തഹസിൽദാർ  പറയുന്നത്.


കോവിഡ് ആശങ്കകൾ പടർന്നു തുടങ്ങിയപ്പോൾ മുതൽ അതീവ പരിസ്ഥിതി ദുർബല മേഖലയായ പെരുനാട് പഞ്ചായത്തിലും ശബരിമല വനത്തോട് ചേർന്നു കിടക്കുന്ന നാറാണംമൂഴി പഞ്ചായത്തിലും മണ്ണിനു മുകളിൽ തെളിഞ്ഞുനിൽക്കുന്ന പാറകൾ  യാതൊരനുമതിയുമില്ലാതെ പൊട്ടിച്ചു കടത്താൻ പാറമട ലോബി ശ്രമിച്ചു.ചെമ്പന്മുടി ഉപ്പേടെയുള്ള പാറമടകളുടെ പ്രവർത്തനം മൂലം പാരിസ്ഥിതിക, ആരോഗ്യ ആഘാതങ്ങൾ നേരിടുന്ന നാറാണംമൂഴി പഞ്ചായത്തിലെ പാറക്കൂട്ടങ്ങൾ പൊട്ടിച്ചു കടത്തുന്നതിലൂടെ പ്രകൃതിദുരന്തത്തെ ക്ഷണിച്ചു വരുത്തുകയാണ് ഉത്തര വാദിത്തപ്പെട്ടവർ. ഖനനം നടത്തുന്നവർക്കെതിരെയും ഇതിനു കൂട്ടുനിൽക്കുന്ന പോലീസ്, മറ്റുദ്യോഗസ്ഥർക്കുമെതിരെ  കേസ്സെടുത്ത് ശിക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment