ഏനാദിമംഗലത്തെ ക്വാറികൾക്കെതിരെ കണ്ണങ്കരകോളനി നിവാസികൾ സമരത്തിലേക്ക്




അടൂർ :ഏനാദിമംഗലം പഞ്ചായത്തിലെ പാറമടകളിലെ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണങ്കര കോളനി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. 


ഏനാദിമംഗലം പഞ്ചായത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണങ്കര പട്ടികജാതികോളനിയോട് ചേർന്ന് മൂന്ന് ക്വാറികളാണ് പരിസ്ഥിതി നിയമങ്ങളും സ്ഫോടകവസ്തു നിയമങ്ങളും കാറ്റിപ്പറത്തി പ്രവർത്തിക്കുന്നത്. കൊല്ലം ജില്ലയിൽ അനുവദിക്കപ്പെട്ട സ്ഫോടകവസ്തു ലൈസൻസ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഇവിടെ പ്രവർത്തിച്ചു വരുന്നതെന്ന് സമരസമിതി ഭാരവാഹികൾ ആരോപിച്ചു. 


ക്വാറി പ്രവർത്തനത്തിന്റെ മറയിൽ വൻതോതിൽ മണ്ണ് കടത്തിയിട്ടും പഞ്ചായത്തും ജിയോളജി, പോലീസ് വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. രണ്ട് തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിട്ട കുന്നിട ക്വാറി ദുരന്തത്തിൽ മനപൂർവ്വമായ നരഹത്യയ്ക്ക് ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നേരിടുന്ന ക്വാറി ഉടമയ്ക്കും വീണ്ടും ലൈസൻസ് നൽകിയത് നിയമത്തോടുള്ള വെല്ലുവിളിയാണന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സംസ്ഥാന ക്വാറിവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എബ്രഹാം മാത്യു ഗ്രീൻറിപ്പോർട്ടറോട് പറഞ്ഞു.


ക്വാറിയിൽ സ്ഫോടനമുണ്ടാകുമ്പോൾ പാറയുമായി ഏറെ അകലെയുള്ള സ്ഥലത്ത് പോലും അതിന്റെ ചലനം ഉണ്ടാകുമെന്നും പ്രദേശത്തെ രാഷ്ട്രീയ നേതൃത്വം അറിയാതെ ഒരു ക്വാറികളും പൊട്ടിമുളച്ച് വരില്ലന്ന് യോഗം ഉദ്ഘാടനം ചെയ്ത് സി.ആർ നീലകണ്ഠൻ  പറഞ്ഞു. പ്രളയത്തിൽ അധികംപേരും മരിച്ചത് ഉരുൾപൊട്ടൽ മൂലമാണ് . യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത പാറ ഖനനമാണ് ഉരുൾപൊട്ടലിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഓലിക്കുളങ്ങര സുരേന്ദ്രൻ, സുധാവിജയകുമാർ, ഷാജി ചെമ്പകശേരി, രാജൻ പടനിലം, പി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു. മേയ് രണ്ട് മുതലാണ് പാറമടയ് ക്കെതിരെ അതിജീവന സമരം ആരംഭിച്ചത്. സമരത്തിന് പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഇ പി അനിൽ പിന്തുണ പ്രഖ്യാപിച്ചു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment