പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് ചുവട് മാറി ഖത്തർ




ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് മുന്നേറി ഖത്തര്‍. ഇതിന്റെ ഭാഗമായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ഇലക്‌ട്രിക് ബസുകള്‍ക്കായി കഴിഞ്ഞ ദിവസം ടെന്‍ഡര്‍ വിളിച്ചു. പരിസ്​ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.


2022 ആകുമ്പോഴേക്ക് പൊതുഗതാഗത ബസുകളില്‍ 25 ശതമാനവും പരിസ്ഥിതി സൗഹൃദ ഇലക്‌ട്രിക് ബസുകളാക്കുമെന്ന് ആഴ്ചകള്‍ക്കു മുൻപ്​ ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പൊതുഗതാഗത ബസുകള്‍ക്ക് പുറമെ, പബ്ലിക് സ്​കൂള്‍ ബസുകള്‍, ദോഹ മെട്രാ ഫീഡര്‍ ബസുകള്‍ എന്നിവയെല്ലാം ഘട്ടം ഘട്ടമായി ഇലക്‌ട്രിക് ബസുകളാക്കി മാറ്റും.


2030ഓടെ കാര്‍ബണ്‍ വിസരണം കുറച്ചുകൊണ്ട് പരിസ്ഥിതി സുസ്ഥിരതയെന്ന ലക്ഷ്യത്തിലേക്കാണ് ഖത്തര്‍ മുന്നേറുന്നത്. 2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിനുള്ള പ്രധാന ബസ്​ സര്‍വിസുകള്‍ക്ക് ഇലക്‌ട്രിക് ബസുകള്‍ ഉപയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇലക്‌ട്രിക് മാസ്​ ട്രാന്‍സിറ്റ് ബസുകള്‍ ഉപയോഗിക്കപ്പെടുന്ന പ്രഥമ ഫിഫ ലോകകപ്പ് ടുര്‍ണമെന്‍റ് കൂടിയായിരിക്കും ഖത്തറില്‍ നടക്കാനിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ, കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പാണ് ലോകത്തിനു മുന്നില്‍ ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 


അതേസമയം, പരിസ്ഥിതി സൗഹൃദ, സുസ്ഥിര ഗതാഗതത്തിലേക്ക് പ്രചോദനം നല്‍കുന്നതിെന്‍റ ഭാഗമായി രാജ്യത്തുടനീളം ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്​ സ്​റ്റേഷനുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ആദ്യ ഇലക്ട്രോണിക് വാഹന അസംബ്ലി ഫാക്ടറി റാസ്​ അബൂ ഫുന്‍താസ്​ ഫ്രീസോണില്‍ നിര്‍മിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായക കരാറില്‍ ഖത്തര്‍ ഫ്രീസോണ്‍ അതോറിറ്റി (ക്യു.എഫ്.ഇസഡ്.എ) ഫ്രഞ്ച് കമ്ബനിയായ ഗൗസിന്‍ അഡ്വാന്‍സ്​ മൊബിലിറ്റിയുമായി ഒപ്പുവെച്ചിരിക്കുന്നത്.


ഗൗസിന്‍ കമ്ബനിയും ഖത്തറിലെ അല്‍ അത്വിയ്യ മോട്ടോര്‍സ്​ ആന്‍ഡ് ട്രേഡിങ്ങ് കമ്പനിയും ചേര്‍ന്നുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭമാണിത്​. ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ വാഹനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ്​ ഇതിലൂടെ യാഥാര്‍ഥ്യമാവുക.


കടപ്പാട്: മാധ്യമം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment