അനധികൃത ക്വാറിക്കെൾക്കെതിരെ വെളിയം പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്




വെളിയം തൂലവിളയിലെ അനധികൃത പാറ ക്വാറി അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. വെളിയം പഞ്ചായത്തിലേക്ക് നടത്തുന്ന മാർച്ചിൽ കുടവട്ടൂർ മുള്ളൻ പാറയിൽ അനധികൃതമായി നിർമാണത്തിലിരിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് പൊളിച്ച് കളയണമെന്ന ആവശ്യവും ഉയർത്തും. തിങ്കളാഴ്ച്ചയാണ് ജനകീയ മാർച്ച്.


കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലാണ് വെളിയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിൽ നിരവധി ക്വാറികൾക്കാണ് പ്രവർത്തനാനുമതി നൽകി വരുന്നത്. ഇതുവരെ പത്തോളം ക്വാറികൾക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്. പോലീസിന്റെ കൂടി സംരക്ഷണയിലാണ് പാറ ഖനനം വ്യാപകമായി നടക്കുന്നത്. രാഷ്ട്രീയ പാർട്ടി നേതാക്കളും പാർട്ടികളും ഇതിന് ഒത്താശ ചെയ്യുന്നുണ്ട്. ക്വാറി മാഫിയകളിൽ നിന്ന് നേതാക്കൾ പണം വാങ്ങിയതായി നാട്ടുകാർ ആരോപിക്കുന്നു. പ്രകൃതിയെ തകർക്കുന്ന ഖനനം തടയാൻ ഉത്തരവാദിത്വപ്പെട്ട ജിയോളജിസ്റ്റും തഹസിൽദാരും പോലീസുമെല്ലാം ഖനനം തടയുന്നതിന് പകരം ജനങ്ങളെ കണ്ട് സമരം ഒത്തുതീർപ്പാക്കുന്നതിനാണ് ശ്രമിച്ച് വരുന്നത്. രാഷ്ട്രീയ പാർട്ടി നേതാക്കളും ഇവർക്കൊപ്പമുണ്ട്.


രാവിലെ 3 മണി മുതൽ പാറ ഖനനം തുടങ്ങും. നേരം വെളുക്കുന്ന സമയം വരെയും ഇരുട്ടിന്റെ മറവിൽ ഈ ഖനനം തുടരും. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളിലെയായാണ് ഓരോ ക്വാറിയിൽ നിന്നും പാറ പൊട്ടിച്ച് കൊണ്ട് പോകുന്നത്. സാധാരണ ചെവികൾക്ക് കേൾക്കാവുന്നതിലും ഉയർന്ന തലത്തിലുള്ള ശബ്ദമാണ് പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്നത്. ദിവസവും വെളുപ്പാൻ കാലത്ത് പാറ പൊട്ടിക്കുന്നത് മൂലം പ്രകമ്പനം ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.


വെളിയം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന ക്വാറികൾക്കെതിരെ അതാത് പ്രദേശങ്ങളിൽ സമരം ചെയ്യുന്നവരെല്ലാം ചേർന്ന് സംയുകതമായാണ് നാളെ പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കുന്നത്. ജില്ലാ പരിസ്ഥിതി ഏകോപന സമിതി, പശ്ചിമഘട്ട സംരക്ഷണ സമിതി തുടങ്ങിയ പത്തോളം സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രാഖ്യാപിച്ചിട്ടുണ്ട്. യുവാക്കളുടെ കൂട്ടായ്‌മയായ വെളിയം പ്രകൃതി സംരക്ഷണ വേദിയും സമരത്തിന് മുന്നിൽ ഉണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment