മധ്യകേരളത്തിൽ മഴ തുടരുന്നു;  വിവിധ നദീ തീരങ്ങളിൽ ജലനിരപ്പുയരുന്നു 




മധ്യ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി കനത്ത മഴയുണ്ടായതിനെ തുടര്‍ന്നാണ് നദികളില്‍ ജലനിരപ്പുയര്‍ന്നത്. മഴ വീണ്ടും കനത്തതോടെ പെരിയാര്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി. ചൊവ്വാഴ്ച വൈകിട്ടോടെ പെരിയാര്‍ തീരത്തും കളക്ടര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിരുന്നു.


മഴ കനത്തതോടെ ഭൂതത്താന്‍കെട്ട് തടയണയില്‍ നിന്ന് പെരിയാറിലേയ്‌ക്കൊഴുകുന്ന ജലത്തിന്റെ അളവും വര്‍ധിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലേക്ക് വെള്ളമൊഴുക്കുന്ന മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉച്ചയോടെ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്.നീരൊഴുക്ക് കൂടിയതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറക്കാന്‍ തീരുമാനിച്ചതോടെ ചാലക്കുടിപ്പുഴയില്‍ 10 സെന്റിമീറ്റര്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


പമ്ബാനദിയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ചെങ്ങന്നൂരില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ യോഗം ചേര്‍ന്നു.


പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രികൊണ്ട് പമ്ബയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ പ്രളയത്തില്‍ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. വൈകിട്ട് 5നു തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്ബയാറിലും തോടുകളിലും കാല്‍ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. റാന്നിയില്‍ മഴ തുടരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment