പശ്ചിമഘട്ടം വീണ്ടും കത്തുമോ ? - ഒരു മറുപടി




ഒരു വാർത്താക്കുറിപ്പിലേക്ക് വായനക്കാരുടെ ശ്രദ്ധക്ക് ക്ഷണിച്ചു കൊണ്ടാണ് ഈ കുറിപ്പു് എഴുതുന്നത്.


മാധവ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ഉദ്യേശ ലക്ഷ്യങ്ങൾ ഈ വാർത്തയിൽ സ്വയം വിശദീകരിക്കുന്നുണ്ട്. എന്നാൽ അവാസ്തവീകമായ പല കാര്യങ്ങളൂം പറയാൻ  ശ്രമിച്ചപ്പോൾ അറിയാതെ ചില സത്യവും വിശദമാക്കേണ്ടി വന്നു എന്നു മാത്രം. ഗാഡ്ഗിൽ റിപോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 26 പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ വാദം ആഗസ്റ്റ് 8 ന് ആരംഭിക്കുകയാണ്.ഇതിൽ കേരളത്തിൽ നിന്ന് കൃഷി നാശവും മൃഗശല്യവും എന്ന പേരിൽ വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ പ്രവർത്തിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പും കക്ഷി ചേരുന്നുണ്ടത്രെ. അവർ, കൃഷിക്കാർ എന്നു സ്വയം പറയുന്നവർ, നേരിടുന്ന പ്രശ്നങ്ങൾക്ക് എല്ലാം കാരണം ഗാഡ്ഗിൽ റിപ്പോർട്ടാണെന്നും അത് എന്തു വില കൊടുത്തും , വേണ്ടിവന്നാൽ പശ്ചിമ ഘട്ടം വീണ്ടും കത്തിച്ചു കൊണ്ട്, നേരിടുമെന്നും ഒക്കെ അവർ ഗ്രൂപ്പിലൂടെ ഭീഷണി മുഴക്കുന്നുണ്ട്. 


ഇൻഫാം ദേശീയ അധ്യക്ഷൻ എന്ന പേരിലാണ് മേൽ കാണിച്ച വാർത്താക്കിപ്പു് എന്നതും ശ്രദ്ധേയമാണ്. പശ്ചിമഘട്ട മേഖലയിലെ വലിയ വലിയ കയ്യറ്റങ്ങളെല്ലാം, അത് തോട്ട ഭൂമിക്കും ഖനനത്തിനും വൻകിട റിയൽ എസ്റ്റേറ്റ് കച്ചവടത്തിനും ഒക്കെ, വിശ്വാസത്തിന്റെ മറവിൽ വിവിധ ക്രിസ്ത്യൻ രൂപതകളും കോർപ്പറേറ്റുകളുമാണ്  നടത്തിയിട്ടുള്ളതെന്നാണ് രേഖകൾ. ഇതിലെ ഒരു പാർശ്വവർത്തിയാണ് ഇൻഫാം. ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പേരിലാണ് 2013 മുതൽ ഗാഡ്‌ഗിലിനും കസ്തൂരി രംഗനുമെതിരെ കേരളമാകെ അക്രമമഴിച്ചുവിട്ടതും, താമരശേരിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് തീയിട്ട് രേഖകൾ എല്ലാം നശിപ്പിച്ചതും.


ഇതെല്ലാം അവർ ചെയ്തത് മലയോര മേഖലകളിൽ കുടിയേറി പത്തും ഇരുപതും സെന്റ് സ്ഥലത്തിന്റെ പട്ടയം സമ്പാദിച്ചു അതിൽ വീടുവച്ചും കൃഷി ചെയ്തും ഉപജീവിച്ചു പോന്ന സാധാരണ കർഷകരെ തെറ്റിദ്ധരിപ്പിച്ച് അവരെ മുന്നിൽ നിർത്തിയാണ്. ഗാഡ്ഗിൽ റിപ്പോർട്ട് ഒരിക്കൽ പോലും ഒന്നു തുറന്നു നോക്കുക പോലും ചെയ്യാതെ അത് കർഷകക്കെതിരാണ്, അവരുടെ കൃഷിയും കന്നുകാലി വളർത്തലും എല്ലാം ഇല്ലാതാക്കി അവരെ കുടിയിറക്കാനാണ് ഈ റിപ്പോർട്ട് എന്നാണ് അവർ പ്രചരിപ്പിച്ചത്. വാസ്തവത്തിൽ റിപ്പോർട്ട് ഭീഷണിയാകുന്നത് ഈ ഭൂമാഫിയകൾക്കാണ് എന്ന് അവർ അറിഞ്ഞു കൊണ്ട് തന്നെ അതിനെ തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഈ മാഫിയകളുമായി ചങ്ങാത്ത മുള്ള അന്നത്തെ കേന്ദ്ര സർക്കാർ തന്നെ ഗാഡ്ഗിൽ റിപ്പോർട്ട് പുറം കാണാതെ പൂഴ്ത്തിവച്ച് ഒടുവിൽ അതിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാൻ കസ്തൂരി രംഗനെ ഏൽപിച്ചത്.കസ്തൂരി രംഗൻ നിർദ്ദേശങ്ങൾ പോലും കേരളത്തിലെ ഭൂമാഫിയകൾക്ക് സ്വീകാര്യമാകാത്തതിനാലാണ് അതിനെതിരെ കലാപമഴിച്ചുവിട്ട ശേഷം അതിൽ ഒത്തുകളിച്ച സർക്കാർ ഉമ്മൻ വി ഉമ്മനെ പുതിയ നിർദ്ദേശങ്ങൾക്ക് നിയോഗിച്ചത്.


ഇപ്പോൾ ഈ മാഫിയ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കുട്ടുകച്ചവടം പലപ്പോഴായി എല്ലാ റിപ്പോർട്ടുകളിലും വെള്ളം ചേർത്ത് ഒന്നും നടപ്പിലാക്കാതെ വന്നപ്പോഴാണ് വീണ്ടും കോടതികളിൽ ഈ വിഷയം എത്തുന്നത്. സ്വാഭാവികമായും അവർ സടകുടഞ്ഞ് ഉണരുകയും ചെയ്യും. ഇതിന്റെ ഭവിഷ്യത്ത് എത്ര വലുതായിരിക്കുമെന്ന് ഈ കോവിഡ് കാലത്ത് നമ്മൾ തിരിച്ചറിയുന്നത് നന്നായിരിക്കും.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment