വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലെ പാറഖനനം; ഉപാധികളുമായി  റവന്യൂ വകുപ്പ്




തിരുവനന്തപുരം: വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ പാറഖനനം നടത്താനുള്ള നീക്കത്തിന് ഉപാധികള്‍വെച്ച്‌ റവന്യൂ വകുപ്പ്. കളക്ടറുടെ വിവേചനാധികാരം അനുസരിച്ചുമാത്രമേ പുതിയതായി പാറഖനനം അനുവദിക്കാനാവൂവെന്ന നിലപാട് റവന്യൂ വകുപ്പ് ആവര്‍ത്തിച്ചു. പുതിയതായി ഖനനാനുമതി നൽകുമ്പോൾ പ്രദേശത്തെ കൃഷിഭൂമികളെ ബാധിക്കില്ലെന്നും ജലലഭ്യതയ്ക്ക് തടസ്സമാകുന്നില്ലെന്നും ജനവാസത്തെ ബാധിക്കില്ലെന്നും ഉറപ്പാക്കണം തുടങ്ങിയ ഉപാധികളാണ് റവന്യൂ വകുപ്പ് മുന്നോട്ടുവെച്ചത്.


ഇതോടെ പുതിയ ഖനനാനുമതിക്ക് ജിയോളജിസ്റ്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി സ്ഥലം സന്ദര്‍ശിക്കുകയും ഈ വകുപ്പുകളുടെ എന്‍.ഒ.സി. ആവശ്യമായി വരുകയുംചെയ്യും. അനുമതി നല്‍കുന്നതില്‍ കളക്ടര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കുകയും ചെയ്യാം.


നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വാസയോഗ്യവും കൃഷിയോഗ്യവും അല്ലാത്ത ഭൂമിയില്‍നിന്ന് പാറഖനനത്തിന് അനുമതിവേണമെന്ന് വ്യവസായവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉത്തരവിറക്കുന്നതിന് അവര്‍ മന്ത്രിസഭയുടെ അനുമതിയും തേടി. പുതിയ ഖനനാനുമതി നല്‍കുന്നതിന് 1964-ലെ ഭൂമിപതിവുചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുള്ളതിനാലാണ് ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്. എന്നാല്‍, റവന്യൂ വകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അന്ന് തീരുമാനം എടുക്കാനായില്ല.


കൃഷി, റവന്യൂ, ജിയോളജി വകുപ്പുകളുടെ പരിശോധനകള്‍ക്കു ശേഷമേ അനുമതി നല്‍കാനാവൂവെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിലപാട്. വീണ്ടും ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്നപ്പോള്‍ ചര്‍ച്ചകള്‍ക്കുശേഷം അന്തിമതീരുമാനം മതിയെന്ന് തീരുമാനിച്ചു. പ്രളയാനന്തരസാഹചര്യംകൂടി കണക്കിലെടുത്ത് വിട്ടുവീഴ്ചകള്‍ വേണ്ടെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. 


അതേസമയം, മലപ്പുറം, വയനാട് ജില്ലകളിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളിലെയും ഖനനം 12 ദിവസം നിര്‍ത്തിവെച്ചെങ്കിലും വീണ്ടും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് അനുമതി നൽകിയ ക്വറികളുടെ മലമടങ്ങ് എണ്ണം അധികം പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം പ്രവർത്തിക്കുന്നത് തന്നെ ഉദ്യോഗസ്ഥരുടെ അറിവും സമ്മതത്തോടും കൂടിയാണെന്നും നഗ്ന സത്യമാണ്. പലയിടത്തും നാട്ടുകാർ പ്രതിഷേധം അറിയിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും ക്വറികൾ പ്രവർത്തിക്കുന്നത് തുടരുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment