ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ ക്വാറി മാഫിയകളുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കണം




പ്രളയം ദുരന്തമാടിയ കേരളത്തെ ഞെട്ടിക്കുന്നതാണ് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പുറത്ത് വന്ന പാറമടകളുടെ എണ്ണം. 5924 പാറമടകളാണ് കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം എണ്ണത്തിനും നിയമാനുസൃത ലൈസൻസ് ഇല്ല. ലൈസൻസ് ഇല്ലാതെയും ഇവയെല്ലാം സുഗമമായി തന്നെ കേരളത്തിൽ പ്രവർത്തിച്ച് വരുന്നുണ്ട്. രാഷ്ട്രീയക്കാരുടെ സ്വാധീനത്തിന്റെ ബലത്തിലാണ് ലൈസൻസ് ഇല്ലാതെയും പാറമടകൾ പ്രവർത്തിച്ച് വരുന്നത്.


നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഉറക്കം കെടുത്തുന്നതും പരിസരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായുമാണ് ക്വാറികൾ എല്ലാം പ്രവർത്തിച്ച് വരുന്നത്. തുടർച്ചയായ പാറ ഖനനവും അതിനായി നടത്തുന്ന സ്ഫോടനങ്ങളും നാട്ടുകാർക്ക് ഭീഷണിയാകുന്നതിനോടൊപ്പം തന്നെ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓർക്കുക, കഴിഞ്ഞ പ്രളയ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് മലയിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായത് മൂലമാണ്.


അനിയന്ത്രിതമായ ഖനനം ഭൂഗർഭ ജലവിതാനം താഴാനും വരൾച്ച രൂക്ഷമാകാനും കാരണമാകും. കാലാവസ്ഥ വ്യതിയാനം സംഭവിച്ച്‌കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഭൂഗർഭ ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. കഴിഞ്ഞ വേനൽ കാലത്ത് രൂക്ഷമായ വരൾച്ചയുണ്ടായതും നാം ഓർക്കേണ്ടതാണ്. ഖനനം നിയന്ത്രിച്ച് നിർത്താതെ പണ ലാഭത്തിനായി മാത്രം വിട്ടുനൽകിയാൽ വീണ്ടും കടുത്ത പ്രകൃതിക്ഷോഭമായിരിക്കും ഫലമായി ഉണ്ടാവുക.


പാറകൾ ഉപയോഗിക്കുന്നതിൽ കൂടുതലും ധൂർത്തിനും ദുരുപയോഗത്തിനുമാണ്. അതോടൊപ്പം തന്നെ അപ്രായോഗികമായ വികസന നയങ്ങളുടെ പേരിലും പാറ ഖനനം നടത്തുന്നുണ്ട്. യഥാർത്ഥത്തിൽ ആവശ്യമായതിനേക്കാൾ പലമടങ്ങാണ് ധൂർത്തിനായി ഖനനം നടത്തുന്നത്. അത് ഒഴിവാക്കാൻ നടപടിയെടുത്താൽ ആവശ്യാനുസരണമുള്ള ഏതാനും പാറമടകൾ മാത്രമേ കേരളത്തിന് ആവശ്യമായി വരൂ.


പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷമുണ്ടാകാതെ ഓരോ പ്രദേശത്തും ഖനനം നടത്താൻ അനുവദീനയമായ പാറയുടെ അളവിനെ കുറിച്ച് പഠിക്കാൻ നിയമസഭാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടിട്ട്  നാല് വർഷമായി. പ്രകൃതിക്ക് ഏറെ ഗുണകരമാകുന്ന, മാഫിയകളെ തുരത്താനുള്ള ആ നടപടി പക്ഷേ ചുവപ്പ് നാടയിൽ കുരുങ്ങി ഉറക്കത്തിലാണ്. റിപ്പോർട്ട് പുറത്തുവന്നാൽ മിക്ക പാർട്ടിയുടെയും നേതാക്കൾക്ക് പങ്കുള്ള പാറമടകൾ പൂട്ടേണ്ടിവരുമെന്നതിനാൽ രാഷ്ട്രീയ പ്രവർത്തകർ ഇത്തരം പഠനത്തിനായി തയ്യാറാകില്ല. ഈ സാഹചര്യത്തിൽ സമ്മർദ്ദം ചെലുത്തേണ്ടതും അതിനായി മുന്നിട്ടിറങ്ങേണ്ടതും ജനങ്ങൾ തന്നെയാണ്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment