തോട്ടപ്പള്ളി തുറമുഖത്തു നിന്ന് ചെല്ലാനത്തേക്ക് മണല്‍ കടത്താനുള്ള നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് നിർത്തി




അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തു നിന്ന് ചെല്ലാനത്തേക്ക് മണല്‍ കടത്താനുള്ള നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് നിർത്തിവെച്ചു. ഇന്ന് ഉച്ചയോടെയാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ മണല്‍ കൊണ്ടുപോകാനെത്തിയത്. 8750 ക്യംബിക് മീറ്റര്‍ മണലെടുക്കാനായിരുന്നു ശ്രമം. അതായത്, ഏകദേശം 500 ടോറസ് മണലാണ് എടുക്കാന്‍ തീരുമാനിച്ചത്.


പഞ്ചായത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഉദ്യോഗസ്ഥര്‍ മണലെടുത്തത്. ചെല്ലാനം ഭാഗത്തെ കടല്‍ ക്ഷോഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ മണലെടുക്കാന്‍ ഉത്തരവ് കൈമാറിയത്. ഈ വിവരം പുറക്കാട് പഞ്ചായത്തിനെ അറിയിച്ചിരുന്നുവെങ്കിലും പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടല്‍ക്ഷോഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തോട്ടപ്പള്ളി തുറമുഖത്തെ മണല്‍ ഉപയോഗിക്കണമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു.


7 ലോഡ് മണലെടുത്ത ശേഷമാണ് വിവിധ സംഘടനകള്‍ തടഞ്ഞത്. പിന്നീട് മന്ത്രി ജി സുധാകരന്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ടതിന് ശേഷം ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ മണലെടുപ്പ് നിര്‍ത്തിവെച്ചു. പിന്നീട് ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ടോറസുകള്‍ തിരിച്ചയ്ക്കുകയായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment