തേൻ തേടി അലയും തേൻ കൊതിച്ചിപ്പരുന്ത്




തേൻ കൊതിച്ചിപ്പരുന്ത് / Oriental Honey Buzzard (Pernis ptilorhynchus ruficollis) 


ചക്കിപ്പരത്തിനോടു സാദൃശ്യമുള്ളതും എന്നാൽ അതിനേക്കാളും പകുതിയോളം വലുപ്പം കൂട്ടിയതായ ഒരു  പക്ഷിയാണ് തേൻകൊതിച്ചിപ്പരുന്ത്. ശരീരമാസകലം തവിട്ടു നിറമാണ്. ചെറിയ തലയും നീണ്ടു മെലിഞ്ഞ കഴുത്തുമാണ് ഇവയ്ക്ക്. പറക്കുമ്പോൾ ചിറകുകൾക്കു കീഴെ, കുറെയേറെ കറുത്തതും വെളുത്തതുമായ പട്ടകൾ നിരന്നു കിടക്കുന്നതായി കാണാം .


കാടുകളിലും, മലമ്പ്രദേശങ്ങളിലും, വനങ്ങളോടു ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് ഇവയെ കാണപ്പെടുന്നത്. വടക്കൻ കേരളത്തിെൽ, വയനാടൻ പ്രദേശങ്ങളിലെ വനപ്രദേശങ്ങളിൽ ഈ മനോഹരമായ പക്ഷിയെ കൂടുതലായി കണ്ടു വരുന്നു .


തേൻകൊതിച്ചിപ്പരന്തുകൾ എല്ലാം ഒരേ നിറക്കാരല്ല. ചിലതിനു ചാരനിറമാണ്, ചിലതിനു കടുത്ത നിറങ്ങളാണ്, ചിലതിന്റെ നിറം വളരെ വിളിർത്തിരിക്കും. അതിനാൽ ഇതിന്റെ ജാതി നിർണ്ണയിക്കുവാൻ വളരെ പ്രയാസമാണ്.


പേരു സൂചിപ്പിക്കുന്ന പോലെ, ഈ പരുന്തിന്റെ മുഖ്യ 'ഭക്ഷണം തേനും, തേനീച്ച കൂടുകളിലുള്ള കീടങ്ങളുമാണ്. പാറകളിലും, മരക്കൊമ്പുകളിലുമുള്ള തേനീച്ചക്കൂടുകളെ മാത്രമല്ല, മരപ്പൊത്തുകളിലും പോടുകളിലും ഗോപ്യമായിരിക്കുന്ന കൂടുകളെയും ഈ പക്ഷി തിരഞ്ഞു പിടിച്ച് അപഹരിക്കുമത്രേ. ക്ഷൂ ഭിതരായ തേനീച്ചകൾ മുഖത്തും, ദേഹത്തും വന്നിരുന്ന് കൊത്തുന്നത് കൂട്ടാക്കാതേ, കൂട്ടിൽ നിന്നും ഒരോ കക്ഷണങ്ങളായി പറിച്ചെടുത്തു തിന്നും. എങ്കിലും തേനും, തേനീച്ച കുഞ്ഞുങ്ങളെയും മാത്രമേ തിന്നൂ എന്നു ശാഠ്യമില്ല. പല്ലി, ഓന്ത്, പാമ്പുകൾ മുതലായവയെയും പക്ഷിക്കിഷ്ടമാണ് .


തേൻകൊതിച്ചിപ്പരന്തുകൾ കേരളത്തിൽ സ്ഥിരവാസിയാണോ, ശരത്കാല അതിഥി മാത്രമാണോ എന്നുള്ളത് ഇന്നും സംശയാസ്പദമാണ്. പക്ഷേ നമ്മുടെ മലമ്പ്രദേശങ്ങളിൽ, ചില കാലത്തെങ്കിലും ഇതിനെ പതിവായി കാണാറുണ്ട്. വേനൽക്കാലമാണ് ഇവയുടെ പ്രജനനകാലം. രണ്ടു മുട്ടകളാണ് പതിവായി ഇടുക.

Green Reporter

Basil Peter

Visit our Facebook page...

Responses

0 Comments

Leave your comment