എം.ജി.രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കിയ പിണറായിയുടെ നടപടി: ചരിത്രത്തിൽ സമാനതകളില്ലാത്ത വഞ്ചന




പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തുവാനായി മലനിരകൾ ആദിവാസികളുടെ കൈകളിലെത്തിക്കുകയല്ലാതെ മറ്റു വഴികളില്ല.ഭൂമിക്കു വേണ്ടി നടക്കുന്ന സമരങ്ങളെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാണുവാൻ സമൂഹത്തിനു ബാധ്യതയുണ്ട്.കാടുകളെ അതിന്റെ സ്വാഭാവിതയിൽ നില നിർത്തുവാൻ ആദിവാസികളെ മുന്നിൽ നിർത്തുകയാണ് മാതൃകാപരമായ സമീപനം.എന്നാൽ പശ്ചിമഘട്ടത്തെ ബഹു ഭൂരിപക്ഷം തോട്ടങ്ങളും അനധികൃതമായി കുത്തകകൾ കൈവശം വെച്ചിരിക്കെ ആദിമ വാസികൾ ഭൂരഹിതരായി അലയേണ്ടി വരുന്നു.ഭൂമി വേണ്ടിയുള്ള സമരങ്ങളെ കണ്ടില്ല എന്നു നടിക്കുവാൻ സർക്കാർ ഇഷ്ടപെടുകയാണ്. ഈ പശ്ചാത്തലത്തിൽ തോവരി സമര നേതാവ് എം.പി.കുഞ്ഞിക്കണാരൻ, രാജമാണിക്യം റിപ്പോർട്ടിനെ അട്ടിമറിച്ച സംഭവം  ഇവിടെ  ഓർമ്മിപ്പിക്കുന്നു


എം.ജി.രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കിയ പിണറായിയുടെ നടപടി: ചരിത്രത്തിൽ സമാനതകളില്ലാത്ത വഞ്ചന


ഹാരിസണടക്കമുള്ള തോട്ടം കുത്തകകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ പദവിയില്‍ നിന്ന്  രാജമാണിക്യത്തെ മാറ്റിയത്  വിദേശ തോട്ടം കുത്തകകൾക്കും ബിനാമികളായ ഭൂമാഫിയകള്‍ക്കും വേണ്ടി ഇടതുസര്‍ക്കാര്‍ നിരന്തരം തുടരുന്ന പാദസേവ ചരിത്രത്തിലെ സമാനതകളില്ലാത്ത വഞ്ചനയുടേതാണ്.


അഞ്ച് ലക്ഷത്തി ഇരുപത്തി അയ്യായിരം ഏക്കർ  ഭൂമിയാണ് ഹാരിസൺസും ടാറ്റയുമടക്കമുള്ള പ്ലാന്റേഷന്‍ മാഫിയകള്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി കേരളത്തിൽ കൈവശം വെച്ച് കൊണ്ടിരിക്കുന്നതു്. സർക്കാർ തന്നെ നിയമിച്ചിട്ടുള്ള അഞ്ചു കമ്മീഷനുകൾ നടത്തിയ പഠനങ്ങൾ വളരെ വ്യക്തമായ രേഖകളുടെയും നിയമ വശങ്ങളുടേയും പിൻബലത്തിലാണ് ഇത് കണ്ടെത്തിയത്. രാജ്യത്തോടും ജനങ്ങളോടും കൂറുപുലർത്തിയ നിവേദിത പി ഹരൻ മുതൽ എം.ജി രാജമാണിക്യം വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ നീതിക്ക് വേണ്ടി നിലകൊണ്ടപ്പോഴാണ്. ജന്മിത്ത വിരുദ്ധ നാടുവാഴിത്ത വിരുദ്ധ സമര ചരിത്രങ്ങളുടെ അട്ടിപ്പേർ അവകാശപ്പെടുന്ന പിണറായി വിജയൻ കേരള സർക്കാറിൽ നിക്ഷിപ്ത മാകേണ്ട, ജനങ്ങൾക്കവകാശപ്പെട്ട അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തട്ടിയെടുത്ത വിദേശ തോട്ടം കുത്തകകൾക്കും അവരുടെ കോർപ്പറേറ്റ് ബിനാമികൾക്കും പാദസേവ ചെയ്യുന്നത്.


നിയമപരമായി ഒരു സെന്റ് ഭൂമി പോലും കൈവശം വെക്കാൻ അധികാരമില്ലാത്ത ഈശക്തികളിൽ നിന്നും അവർ നിയമവിരുദ്ധമായി തട്ടിയെടുത്ത ഭൂമിയും അവർ നിയമങ്ങളെ കാറ്റിൽ പറത്തി കൊണ്ടു വില്പന നടത്തിയ ഭൂമിയും കണ്ടെത്തി അത് സർക്കാറിൽ നിക്ഷിപ്തമാക്കാനാണ് 2013 ൽ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്നത്തെ  സര്‍ക്കാര്‍ രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി ജൂഡീഷ്യൽ അധികാരങ്ങൾ നല്കികൊണ്ട് നിയമിച്ചത്.ഈ വിധം ഭൂമി ഏറ്റെടുക്കല്‍ നടപടിക ളാരംഭിച്ചപ്പോഴാണ് ഈ നടപടികളെ അട്ടിമറിക്കുന്നതിനായും ഉടമസ്ഥാവകാശം തെളിയിക്കാനുള്ള കേസ്സുകളെ അട്ടിമറിക്കുന്നതിനും .പിണറായി വിജയൻ  എം.ജി.രാജമാണിക്യത്തെ തൽസ്ഥാനത്ത് നിന്നും മാറ്റിയത്.


രാജമാണിക്യത്തിന്റെ നടപടികളെ കോർപ്പറേറ്റ്കൾക്ക് വേണ്ടി തുടക്കം മുതല്‍ അട്ടിമറിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചിരുന്നത്. 2016 ജൂണില്‍ രാജമാണിക്യം പിണറായി സർക്കാറിന്‌നല്‍കിയ റിപ്പോര്‍ട്ട് നാല് വര്‍ഷത്തിലേ റെയായി റവന്യൂ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്നു ഇരുട്ടറയിൽ വെച്ചിരിക്കയാണ്.


ഹാരസണിനെതിരെയുള്ള കേസ് വിജയകരമായി നടത്തിക്കൊണ്ടിരുന്ന ഗവണമെന്റ് പ്ലീഡറായിരുന്ന സുശീല ആര്‍ ഭട്ടിനെ അധികാരമേറ്റെടുത്ത ഉടൻ തന്നെ പിണറായി നീക്കം ചെയ്ത് ഹാരിസണിന്റെ ഇഷ്ടക്കാരെ ഗവണമെന്റ് പ്ലീഡറായി നിശ്ചയിച്ച് കേസ് ആദ്യമേ തന്നെ  അട്ടിമറിച്ചു. ഇതിന് ശേഷമാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ കേസ് തോറ്റുകൊടുത്തത്. 


വിദേശതോട്ടം കുത്തകകൾ അനധികൃതമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സിവിൽ കോടതിയിൽ  സർക്കാറിന് തെളിയാക്കാമെന്ന് സുപ്രീം കോടതി പോലും പരാമർശിച്ചിരിക്കെ ധൃതി  പിടിച്ചു ഹാരിസൺസിന്റെ ഒറ്റുകാശ് വാങ്ങി എം ജി രാജമാണിജ്യത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് ചരിത്രത്തിൽ സമാനതകളില്ലാത്ത വഞ്ചനയാണ്.


ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാർഷികം ആഘോഷമാക്കുന്നവർ മണ്ണിൽ പണിയെടുക്കുന്ന കേരളത്തിലെ ഭൂരഹിത ജനതക്ക് നല്കിയതു് 40000 പട്ടികജാതി കോളനികളും 15000 ത്തോളം പട്ടികവർഗ്ഗ കോളനികളുമാണ്. ടാറ്റയു ടേയും ഹാരിസൺസിന്റേയും ഏജൻസികളായി പ്രവർത്തിക്കുന്നവർ തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്ക് സമ്മാനിച്ചതു് അടിമത്തമാണ്. ശവമടക്കാനുള്ള മണ്ണ്പോലും മണ്ണിൽ പണിയെടുക്കുന്നവന് നല്കിയിട്ടില്ലാത്ത ഈ ഒറ്റുകാരായ മിർജാഫർമാർക്ക്


ചരിത്രം അവരർഹിക്കുന്ന സ്ഥലം തന്നെ ഒരുക്കുന്നുണ്ട്.


എം.പി.കുഞ്ഞിക്കണാരൻ,
തോവരി സമര കൺവീനർ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment