ഇന്നു ചിങ്ങം 1: കോവിഡ് കാലത്തെ അതിജീവിയ്ക്കാൻ എല്ലാ മനുഷ്യരും മണ്ണിലേയ്ക്കിറങ്ങേണ്ട കാലം


First Published : 2020-08-17, 04:59:20pm - 1 മിനിറ്റ് വായന


ഇന്നു ചിങ്ങം 1 
2020 - 1196


ചിങ്ങം സിംഹമാണ്. ചിങ്ങത്തിനു പാച്ചോറ്റിപ്പൂവിന്റെ നിറമാണ്. കാല പുരുഷന്റെ ഉദരമാകുന്നു ചിങ്ങം. വര്‍ഷ ഋതു. ദക്ഷിണായന കാലം. മൂന്ന് ആണ്ടറുതികളില്‍ ഒന്നായ ഓണത്തിന്റെ വരവ് ചിങ്ങത്തിലാണ്മുണ്ടകന്റേയും കാലം.


കോവിഡ് കാലത്തെ അതിജീവിയ്ക്കാൻ എല്ലാ മനുഷ്യരും മണ്ണിലേയ്ക്കിറങ്ങിയ കാലം. മലയാളിയുടെ പുതു വര്‍ഷം. കൊല്ല വര്‍ഷം 1196 പിറക്കുന്നു. ചിങ്ങ വെയിലും ചിങ്ങ നിലാവും ചിങ്ങ മഴയും മനോഹരമാണ്. പൂപ്പാട്ടിൻ്റെ കാലം. വൈവിദ്ധ്യമാർന്ന നാട്ടു പൂക്കളുടെ കാലം. തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും ഈച്ച പൂവും കാശി തുമ്പയും ചെത്തിയും ചെമ്പരത്തിയും മഞ്ഞ /നീല കൊളാമ്പിയും ശംഖു പുഷ്പവും (വെള്ള /നീല) പല നിറത്തിലുള്ള സുന്ദരി പൂവും തുളസിയും മന്ദാരവും ചേർന്ന: ഓണപ്പൂക്കളുടെ സമൃദ്ധി ചിങ്ങത്തിൻ്റെ സവിശേഷതയാണ്. നഷ്ട സ്മൃതികളുടെ കാലം. ഗൃഹാതുരത്വം വേട്ടയാടുന്ന കാലം. (ഉദാ. മാവേലി നാടു വാണിടും കാലം). 


ഓണക്കാലം സമ്പന്നമാക്കിയ ഒരു പാട് നട്ടുകളികളണ്ടായിരുന്നു. അതിൽ പ്രധാനം കിളികളി/ കിളിത്തട്ടുകളി, തലമ പന്തു കളി, രാശിക്കായ കളി, കുട്ടീം കോലും, ഉണ്ട കളി, അടയ്ക്കാ മണിയൻ, വക്കൻ കളി, കല്ലുകളി,15നായും പുലിയും, ഏറു പന്തു കളി,  ഒളിച്ചുകളി, വട്ടുകളി, ഊഞ്ഞാലാട്ടം, മണ്ണുകപ്പി കളി അങ്ങിനെ പോകുന്നു കളികളുടെ നീണ്ട നിര.


ചിങ്ങം ഒന്ന് കർഷക ദിനമാണ്. പരമ്പാഗത നെൽകൃഷിയിൽ മൂന്ന് വിളക്കാലമുണ്ടായിരുന്നു. വിരിപ്പ് ഒന്നാം വിളയാണ്‌. മുണ്ടകൻ രണ്ടാം വിളയും പുഞ്ച മൂന്നാം വിളയും ആയിരുന്നു. മേടമാസത്തിൽ കൃഷിയാരംഭിച്ച് ചിങ്ങം - കന്നിയോടെ കൊയ്യുന്നു. ഇതാണ് കന്നിക്കൊയ്ത്ത്.' മൂന്ന് വിളകൾ, മൂന്ന് ആണ്ടറുതി കൾ, മൂന്ന് ഉത്സവങ്ങൾ. കന്നിക്കൊയ്ത്ത് മകരക്കൊയ്ത്ത്, പുഞ്ചക്കൊയ്ത്ത് എന്നിവയാണ് മൂന്ന് വിളകൾ. ചിങ്ങം, ധനു. മകരം എന്നിവയാകുന്നു മുന്ന് ആണ്ടറുതികൾ. ഓണം, തിരുവാതിര, വിഷു എന്നിവയാണ് ആണ്ടറുതി ഉത്സവങ്ങൾ. നമ്മുടെ ഉത്സവങ്ങളെല്ലാം തന്നെ ഉർവ്വരതാനുഷ്ഠാനങ്ങളായിരുന്നു. ഉർവ്വരതയുടെ സംഗീതങ്ങൾ.


രണ്ടാം വിളയായ മുണ്ടകൻ ചിങ്ങം - കന്നിയോടെ തുടങ്ങി ധനു - മകരത്തോടെ കൊയ്യുന്നു. ഇതാണ് മകരക്കൊയ്ത്ത്. ധനു മാസത്തിലാണ് തിരുവാതിര. ആഴം കൂടിയ പാടശേഖരങ്ങളിൽ, കായൽ (കോൾ) നിലങ്ങളിൽ ചെയ്യുന്ന കൃഷിയാണ് മൂന്നാം വിളയായ പുഞ്ച. വൃശ്ചികം- ധനു - മകരം മാസങ്ങളിൽ കൃഷിയിറക്കി മേട മാസത്തിൽ കൊയ്തെടുക്കുന്ന ജൈവ കൃഷിയാണിത്. ഇടവിട്ട് മത്സ്യകൃഷിയും ചെയ്യാൻ കഴിയും. ചിറ്റാട്ടുകര, വടക്കേക്കര ഭാഗത്തെ പൊക്കാളി കൃഷിയും പേരുകേട്ട കുട്ടനാടൻ കൃഷിയും പുഞ്ച കൃഷിയാണ്. അവക്ക് കൂടുതൽ വിളവ് ലഭിക്കും.


(തുടരും)

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment