വടശേരിക്കരയിലെ പാറമടയ്ക്ക് പാരിസ്ഥിതിക അനുമതിയുമില്ല ലൈസൻസുമില്ല; നടപടിയുമില്ല




വടശേരിക്കര: പാരിസ്ഥിതികാനുമതിയും ലൈസൻസുമില്ലാതെ പാറമട പ്രവർത്തിച്ചിട്ടും നടപടി എടുക്കാതെ ഭരണകൂടവും ജില്ലാ പഞ്ചായത്തും വടശേരിക്കര പഞ്ചായത്തിലെ തെക്കും മലയിൽ പ്രവവർത്തിക്കുന്ന മോഡേൺ റോക്സ് ആൻഡ് ക്രെഷർ യൂണിറ്റാണ് ലീസ് കാലാവധിയും ലൈസെൻസ് കാലാവധിയും കഴിഞ്ഞിട്ടും ദിവസേന ലോഡുകണക്കിന് കല്ലുപൊട്ടിച്ചു കടത്തിക്കൊണ്ടിരിക്കുന്നത്. 


പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളും അനധികൃത കയ്യേറ്റവുമൊക്കെ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നാളുകളായി പ്രതിഷേധം ഉയർത്തിക്കൊണ്ടിരിക്കുന്ന പാറമട ലൈസെൻസ് കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയെങ്കിലും മുൻപേ വിവരം കിട്ടിയതനുസരിച്ചു ആ സമയം പാറമടയുടെയും ക്രഷർ യൂണിറ്റിന്റെയും പ്രവർത്തനം നിർത്തിവെച്ചതായി നാട്ടുകാർ ആരോപിക്കുന്നു,


2019 ജൂൺ മാസം വരെ മാത്രമേ പ്രസ്തുത പാറമടയ്ക്ക് പ്രവർത്തനാനുമതി ഉള്ളുവെന്നും പാരിസ്ഥിതികാനുമതി ഇല്ലാത്തതിനാൽ ലീസ് കാലാവധി പുതുക്കി നൽകിയിട്ടില്ലായെന്നും കൊമ്പനോലി ഗ്രാമരക്ഷാ സമിതി കൺവീനർ മനോജ് കുന്നുംപുറത്തു സ്റ്റേറ്റ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറയുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ ഈ പ്രദേശം പരിസ്ഥിതി ലോല മേഖലയായതിനാൽ 9 / 8 / 2017  ൽ മോഡേൺ റോക്ക് ആൻഡ് മൈനിങ് ഇൻഡസ്ട്രീസിന്റെ ക്വറിങ് ലൈസെൻസ് അവസാനിച്ചതായി പറയുന്നു.


സർക്കാർ സംവിധാനങ്ങളുടെ അനുമതിയില്ലാതെ ഖനനം നടത്തി പാറ കടത്തുന്നത് കൊമ്പനോലി റോഡ് വഴി നിര നിരയായി പോകുന്ന ടിപ്പർ ലോറികളിൽ ഒരെണ്ണം കസ്റ്റഡിയിലെടുത്താൽ തന്നെ കണ്ടെത്താമെന്നിരിക്കെ നിയമവിരുദ്ധ ഖനനത്തിന് ബന്ധപ്പെട്ട അധികൃതർ മൗനാനുവാദം നൽകുകയാണെന്ന് കൊമ്പനോലി ഗ്രാമ രക്ഷാ സമിതി ആരോപിച്ചു.

 

(വിവരങ്ങൾക്ക് കടപ്പാട്: Sunil Maloor)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment