വന്യമൃഗങ്ങളും പരിഷ്കൃത മനുഷ്യരും! (വേട്ടയാടി മതിവരാത്തവർ)




വന്യമൃഗങ്ങളുടെയും, മറ്റസംഖ്യം ജീവജാലങ്ങളുടെയും വസതിയും, ജീവനോപാധികളുടെ ഇടവുമാണ് വനങ്ങൾ എന്ന അടിസ്ഥാന വസ്തുത നാം മനഃപൂർവ്വം അവഗണിക്കുന്നതായിട്ടാണ് ആനുകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നത്. വനാതിർത്തികൾകടന്ന്, തീയിട്ടും, വെട്ടിത്തെളിച്ചും കാടുകൾ നശിപ്പിച്ച്,  കയ്യേറാവുന്നിടത്തോളം കയ്യെറി സ്വന്തമാക്കി, വന്യമൃഗങ്ങളെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വിരട്ടിയോടിച്ചും, കൊന്നുതിന്നും, വേട്ടയാടി നശിപ്പിച്ചും പരിഷകൃത മനുഷ്യർ സ്വന്തം ആധിപത്യ-ആവാസ മേഖലകൾ വിപുലീകരിച്ചു.

 


ഇതിന്റെ ഫലമായി സ്വന്തം ആവാസവ്യവസ്‌ഥയിൽ നിന്ന് കുടിയിറക്കപ്പെടുകയും, സഞ്ചാരപഥങ്ങൾ തകർക്കപ്പെടുകയും, പോകാൻ ഇടമില്ലാതെ അലയേണ്ടിവരുകയും ചെയ്യുന്ന കാട്ടുമൃഗങ്ങൾക്ക്‌ പച്ചപ്പുള്ളിടത്തേക്ക് കടന്നുചെല്ലുകയല്ലാതെ മറ്റെന്തുചെയ്യാനാവും? 

 

മൃഗങ്ങളും മനുഷ്യരെപ്പോലെ ജീവികളാണെന്നും, ഈ ഭൂമി അവർക്കും അവകാശപ്പെട്ടതാണെന്നും, മനുഷ്യരെപ്പോലെ അവർക്കും ജീവിക്കാനും, വളരാനും, സഞ്ചാരിക്കാനുമുള്ള  അവകാശമുണ്ടെന്നും, ഈ അവകാശം നിയമംവഴി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണെന്നും, അത് അനിഷേദ്ധ്യമാണെന്നും സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിദ്യാഭ്യാസവും, രാഷ്ട്രീയപ്രബുദ്ധതയും ഉണ്ടെന്ന് അഹങ്കരിക്കുന്ന  കേരളീയർ ഇത് അറിയാത്തത് അഥവാ ഓർമ്മിക്കാത്തത് എന്തുകൊണ്ടാണ്? 
മൃഗങ്ങളെ കൂടുകളിലടച്ച് ഞങ്ങളുടെ സ്വതന്ത്ര സഞ്ചാരം/ വിഹാരം ഉറപ്പുവരുത്തണമെന്ന് വാദിക്കുകയും അതിനുവേണ്ടി സമരം നടത്തുകയും ചെയ്യുന്നതിൽ 
ഒളിഞ്ഞിരിക്കുന്ന "മൃഗീയത" നാം തിരിച്ചറിയാതെ പോകരുത്.

 

വനത്തിലെ ജീവിജാലങ്ങളിൽ ഒന്നാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞ്, വന്യമൃഗങ്ങളെ സ്വന്തമായികരുതിപ്പോന്ന ആദിവാസികളെക്കൊണ്ട് മൃഗങ്ങൾ തങ്ങളുടെ ശത്രുക്കളാണെന്ന് പറയിക്കുന്നതിലും, സ്വന്തം  താത്പര്യം സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന സമരത്തിൽ അവരെയും പങ്കാളികളാക്കുന്നതിലും മൃഗവിരുദ്ധർക്ക്‌ കഴിഞ്ഞു എന്നത് ഈ സംഭവത്തിന് ഒരു ട്രാജടിയുടെ മാനം നൽകിയിരിക്കുന്നു.

 


മൃഗങ്ങളെ കൂട്ടിലാക്കുകയോ, കൊന്നൊടുക്കുകയോ അല്ല, മറിച്ച്  മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ  താമസമാക്കാൻ ഇടയായ മനുഷ്യരെ - അവരിൽ അധികവും നിരപരാധികളും, നിഷ്കളങ്കരും, പാവപ്പെട്ടവരുമാണെന്ന വസ്തുത അംഗീകരിക്കുന്നു - സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം എന്നു വ്യക്തം.

 

തീരുമാനം എടുക്കേണ്ടവർ ഈ സത്യം തിരിച്ചറിയുമോ? അംഗീകരിക്കുമോ? ഇതാണ് പ്രശ്നം.

 

• സത്യം നമ്മെ സ്വതന്ത്രരാക്കും•

 

                                                          പ്രൊഫസർ എം. പി.മത്തായി.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment