ജൈവവൈവിധ്യം തകർക്കരുത്; പെരിങ്ങമ്മല മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ഇടമല്ല




മനുഷ്യർ തള്ളുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ നാം പ്ലാന്റുകൾ ഒരുക്കുമ്പോൾ നഷ്‌ടങ്ങൾ ജൈവ വൈവിധ്യ വ്യവസ്ഥക്കാണ്. ജീവജാലങ്ങൾ തങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിന്നും പുറം തള്ളപ്പെട്ടാൽ അവയ്ക്ക് മനുഷ്യരെ പോലെ അതിജീവനം പലപ്പോഴും സാധ്യമല്ല. അത്‌കൊണ്ട് തന്നെ മനുഷ്യന്റെ കടന്ന് കയറ്റവും ഇടപെടലുകളും പലപ്പോഴും പല ജീവികളുടെയും വംശനാശത്തിന് വരെ കാരണമാകുന്നു. വംശനാശനങ്ങൾക്ക് എത്രയോ ഉദാഹരണങ്ങൾ നമ്മൾ കണ്ടതാണ്. എങ്കിലും കരുണയില്ലാതെ നമ്മുടെ 'വികസന' നയങ്ങൾ നാം തുടരുകയാണ്. 


നിർദിഷ്‌ട മാലിന്യ സംസ്‌കരണ പ്ലാന്റിനായി പെരിങ്ങമ്മലയിൽ സർക്കാർ കണ്ടെത്തിയ സ്ഥലവും ഇത്തരത്തിൽ ജൈവ ആവാസ വ്യവസ്ഥയിലേക്കുള്ള കടന്ന് കയറ്റമായി വേണം കണക്കാക്കാൻ. കാരണം സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന വന്യജീവികൾ, അപൂർവ ഇനം പക്ഷികൾ, ചിത്രശലഭങ്ങൾ, പൂമ്പാറ്റകൾ എന്നിവയുടെ വാസ ഇടമാണ് പെരിങ്ങമ്മല. അവിടെ മാലിന്യസംസ്‌കരണ പ്ലാന്റ് വരുന്നതോടെ ഇവയെല്ലാം മലയിറങ്ങേണ്ടി വരും. സ്വന്തം വാസസ്ഥലം നഷ്ടമാകുന്നതോടെ ഇവയിൽ പല വിഭാഗവും ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷമായേക്കാം.


തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തോട് ചേർന്ന പെരിങ്ങമ്മലയിൽ കടുവ, കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കരടി, മലമുഴക്കി വേഴാമ്പൽ എന്നിവയും ധാരാളമായി കണ്ടുവരുന്നു.കൂടാതെ, കാട്ടുജാതി വളരുന്ന ശുദ്ധജല കണ്ടൽവകുപ്പിന്റെ 80 ശതമാനവും ജുറാസിക് കാലഘട്ടശേഷം ഭൂമിയിൽ ആദ്യമായി ഉണ്ടായ ലിവിങ് ഫോസിൽ എന്നറിയപ്പെടുന്ന പുഷ്പിക്കുന്ന സത്യങ്ങളും ഇവിടെയുണ്ട്.


അഗസ്ത്യമല ബയോസ്ഫിയർ വനമേഖലയിലെ 68 ശതമാനം സംരക്ഷിത വാനപ്രദേശവും പെരിങ്ങമ്മലയിലാണ്. വിവിധ ഇനം പക്ഷികളാണ് ഇവിടെ വസിക്കുന്നത്. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന കോഴിവേഴാമ്പൽ, ചെറുതേൻ കിളി, ചാരത്തലയൻ ബുൾബുൾ, നീലവാലൻ കാട്ടുതത്ത, ചെഞ്ചീലിപ്പൻ, ആൽക്കിളി, കരിച്ചുണ്ടൻ ഇത്തിക്കണ്ണികുരുവി തുടങ്ങിയ നിരവധി പക്ഷികളാണ് ഇവിടെയുള്ളത്. കേരളത്തിലെ വനങ്ങളിൽ തന്നെ അപൂർവമായി കാണപ്പെടുന്ന ഏറ്റവും വലിയ മരംകൊത്തിയായ കാക്ക മരംകൊത്തിയെയും ഇവിടെ കാണാം. ഇതെല്ലാം ഓർമിപ്പിക്കുന്നത് ഈ പ്രദേശം ബാഹ്യ ഇടപെടലുകളില്ലാതെ സംരക്ഷിക്കപ്പെടേണ്ട ഇടമാണെന്നാണ്. 


അപൂർവ ഇനം പക്ഷികളുടെ ഗണത്തിൽപ്പെടുന്ന കാക്കത്തമ്പുരാട്ടി കുയിൽ, ചെങ്കുയിൽ, കരിന്തൊപ്പി, ചാരപ്പൂണ്ടൺ, മേനിപ്രാവ്, കൊമ്പൻ ശരപക്ഷി, കിന്നരികാക്ക എന്നിവയും പെരിങ്ങമ്മലയിൽ കണ്ടുവരുന്നു. ഇവയ്ക്ക് പുറമെ ചൈനയിൽ നിന്നുള്ള ദേശാടന പക്ഷിയായ ചീന മഞ്ഞക്കിളിയും ഇവിടെ എത്താറുണ്ട്. കാറ്റിൽ ധാരാളം ഇലവ് പൂത്തതോടെ തേൻ കുടിക്കാനാണ് ഇത്തരം ദേശാടന പക്ഷികൾ ഇവിടെ എത്തുന്നത്.


43 ഇനം ചിത്രശലഭങ്ങളുടെയും 26 ഇനം തുമ്പികളും ഇവിടെ വാസമാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്നതും പശ്ചിമ ഘട്ടത്തിൽ മാത്രമുള്ളതുമായ കാനന റോസ് ( മലബാർ റോസ്) ഇന്ത്യയിൽ മാത്രം കാണുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ (സന്ധ്യാ ശലഭം), പശ്ചിമഘട്ടത്തിലെ തനത് തുമ്പിയായ നീർകടുവ തുമ്പിയും ഇവിടെ കാണാം. നീർകടുവ തുമ്പിയെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സമീപത്ത് കൂടി ഒഴുകുന്ന ചിറ്റാറിലാണ് കണ്ടെത്തിയത്. 


തുമ്പികളുടെ കൂട്ടത്തിൽ പ്രധാനികളായ മരതകത്തുമ്പി, പുള്ളിമരതകത്തുമ്പി, മാണിക്യ തുമ്പി, മരതക മയിൽത്തുമ്പി എന്നിവയും ഇവിടെ ധാരാളമായി കാണാം. ഇവയ്ക്ക് പുറമെ മറ്റ് ഇരുപതിൽ കൂടുതൽ തുമ്പികളും ഇവിടെ ഉണ്ട്. ഇവയ്ക്ക് പുറമെ അപൂർവ ഇനത്തിലുള്ള 80 ഉഭയജീവികളുടെയും 48 ഉരഗങ്ങളും ഇവിടെ വസിക്കുന്നു. 


ഇത്രയും ജൈവവൈവിധ്യമുള്ള, സസ്യ - ജന്തു - ജീവജാലങ്ങളുടെ പറുദീസയായ പെരിങ്ങമ്മല, നിർദിഷ്‌ട മാലിന്യപ്ലാന് ഒരുക്കുന്നതോടെ ഈ ജീവികളുടെയെല്ലാം കൊലക്കളമായി മാറും. വനവും പുഴയും വായുവും മലിനമാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതി പ്രദേശത്ത് നിന്നും മാറ്റിസ്ഥാപിച്ച് ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കാതെ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം  സർക്കാരിനുണ്ട്, ഒപ്പം നമുക്ക് ഓരോരുത്തർക്കുമുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment