ചാലിയാറിലെ മണൽമാഫിയ ; രക്ഷാപ്രവർത്തനത്തിനെത്തിയ റവന്യൂ സംഘം മണൽക്കൂനകൾ കണ്ടു ഞെട്ടി




മലപ്പുറം : ഒഴുക്കിൽ പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനെത്തിയ റവന്യൂ പോലീസ് സംഘം ചാലിയാറിന്റെ തീരത്തെ മണൽക്കൂനകൾ കണ്ടു ഞെട്ടി. ചാലിയാറിലെ ഊർങ്ങാട്ടീരി ആതാടി തെഞ്ചേരി കടവിലാണ് ലോഡ്  കണക്കിന്  മണൽ കണ്ടെത്തിയത്. മണലിന് പുറമേ മണലരിക്കാൻ  സ്ഥാപിച്ച കാലുകളും ഇവിടെ കണ്ടെത്തി. 

 

ചാലിയാറിലെ മണൽ കടത്തിന് നേർക്ക് അധികൃതർ കണ്ണടക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. അതിന്റെ വ്യക്തമായ തെളിവാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കല്ലുകളുള്ള മണൽ ഡിമാന്റ് കുറവായതിനാൽ മണൽ വാരി കരക്കിട്ട് വെള്ളം വാർന്ന ശേഷം അരിച്ച്  കല്ലൊഴിവാക്കിയാണ് മണൽ കടത്തുന്നത്. പ്രദേശത്തെ എറ്റവും വലിയ ഈ കടവിൽ ദിവസങ്ങളോളം ലോഡ്‌ കണക്കിന് മണൽ സൂക്ഷിക്കാൻ അതികൃതരുടെ ഒത്താശയില്ലാതെ കഴിയില്ല എന്ന് പ്രദേശവാസികൾ പറയുന്നു.

 

മണൽ കടത്ത് സംഘത്തിനെതിരെ കർശന നടപടി എടുത്ത അരീക്കോട് എസ് ഐ സിനോദിന്റെ സ്ഥലം മാറ്റം മണൽ മാഫിയയുടെ സമ്മർദ്ദം മൂലമാണെന്ന് ആക്ഷേപം ഉണ്ടായിരുന്നു. പിടിച്ചെടുത്ത മണൽ  കലവറയിലേക്ക് മാറ്റാനുള്ള നടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അനിയന്ത്രിതമായ മണൽ ഖനനം മൂലം അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ് ചാലിയാർ. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment