അസമില്‍ കനത്ത ഇടിമിന്നലില്‍ 18 ആനകള്‍ക്ക് ദാരുണാന്ത്യം; അന്വേഷണം പ്രഖ്യാപിച്ചു




അസമില്‍ കനത്ത ഇടിമിന്നലില്‍ 18 ആനകള്‍ ചരിഞ്ഞതായി റിപ്പോര്‍ട്ട്. നഗാവ് ജില്ലയിലെ വനപ്രദേശത്താണ് ആനകള്‍ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കാത്തിയതോലി ഫോറസ്റ്റ് റേഞ്ചില്‍ പെടുന്ന കുന്ദോലി മലയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ അമിത് സഹായി അറിയിച്ചിരിക്കുന്നത്.


14 ആനകൾ മലമുകളിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. പ്രദേശവാസികളാണ് കാട്ടാനകൾ കൂട്ടത്തോടെ ചത്ത വിവരം വനം വകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ 18 ആനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ള. ഇടിമിന്നലേറ്റാണ് മരണം എന്നാണ് പ്രാഥമിക നി​ഗമനം. 

 


ഇടിമിന്നലേറ്റ ആനകൾ ചരിയുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും കൂട്ടത്തോടെ ആനകൾ ചരിയുന്നത് സംശയമുണർത്തുന്നു. കൂട്ടത്തോടെ ഇത്രയും ആനകൾ ഇടിമിന്നലേറ്റ് ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥരും വ്യക്തമാക്കി. 


സംഭവത്തില്‍ ഞെട്ടല്‍ അറിയിച്ച മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ, എത്രയും വേഗം ദുരന്തസ്ഥലത്തെത്താന്‍ വനംവകുപ്പ് മന്ത്രി പരിമള്‍ ശുക്ലയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വനത്തിലെ ഉള്‍പ്രദേശമായതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് അധികൃതര്‍ സ്ഥലത്തെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


അതേസമയം ആനകളുടെ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത നിലവിലുണ്ട്. 18 ആനകളാണ് ചരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നതെങ്കിലും യഥാര്‍ഥത്തില്‍ 20 ല്‍ അധികം ആനകള്‍ ചരിഞ്ഞുവെന്നും പറയപ്പെടുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment