കാട്ടുപന്നിയെ തിന്ന എം.എൽ.എക്കെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി




തിരുവനന്തപുരം : കാട്ടുപന്നിയുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് നിയമസഭയിൽ പറഞ്ഞ എം.എൽ.എക്കെതിരെ കേസെടുക്കില്ലെന്ന് വനംവകുപ്പ് മന്ത്രി . തിരുവമ്പാടി എം.എൽ.എ ജോർജ്ജ് എം.തോമസിനെതിരെ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഗ്രീൻ റിപ്പോർട്ടറോട് മന്ത്രിയുടെ പ്രതികരണം. നിയമസഭയിൽ ചർച്ചയ്ക്കിടെ പരിഹാസത്തിലും രസത്തിലും ആളുകൾ പലതും പറയാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാർക്കും ഇതുപോലെ കഴിക്കാമോ എന്ന ചോദ്യത്തിന് അങ്ങനെ ആരെങ്കിലും കഴിച്ചെന്ന് പരാതി കിട്ടിയാൽ എം.എൽ.എ ആയാലും ആരായാലും അന്വേഷിച്ച് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എക്കെതിരെ പരാതി ലഭിച്ചാൽ മാത്രമേ അന്വേഷിച്ച് ശരിയാണെങ്കിൽ കേസെടുക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. 

 

വനംവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ, വനപാലകരെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് എം.എൽ.എ  കാട്ടുപന്നിയുടെ ഇറച്ചി കഴിക്കുന്ന കാര്യം  തുറന്നു പറഞ്ഞത്. മുള്ളൻപന്നിയുടെ നല്ല രുചിയുള്ള ഇറച്ചി കറിവെച്ച് കഴിക്കാൻ തുടങ്ങിയ ഒരാളെ വനപാലകർ മർദ്ദിച്ചെന്നാണ് എം.എൽ.എയുടെ പരാതി. അതിന് ശേഷമാണ് താൻ കാട്ടു പന്നിയുടെ ഇറച്ചിയും, വാട്ട് കപ്പയും കൂടി പാകം ചെയ്തു കഴിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞത്. തനിക്ക് ഇടയ്ക്കിടെ ആരെങ്കിലും കാട്ടുപന്നിയുടെ ഇറച്ചി കൊണ്ട് തരാറുണ്ടെന്നും, അതിന്റെ രുചി ഒരു തവണ അറിഞ്ഞാൽ വനപാലകർ പിന്നെ ആരെയും തല്ലില്ലെന്നും ജോർജ്ജ് എം. തോമസ് പറഞ്ഞു. വനപാലകരെ തല്ലിക്കോളാൻ താൻ നാട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. 

 

കാട്ടുപന്നിയെ കൊന്നു തിന്നുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം 10000 രൂപയും 3 മുതൽ 7 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം താൻ ചെയ്തിട്ടുണ്ടെന്നാണ് എം.എൽ.എ നിയമനിർമ്മാണ സഭയിൽ തുറന്നു പറഞ്ഞത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. 
 

വനവും വന്യജീവികളും കടുത്ത ഭീഷണി നേരിടുന്ന കാലത്ത്, അവയെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തേണ്ടുന്ന നിയമസഭാ സാമാജികർ തന്നെ അവയെ ഇല്ലാതാക്കണമെന്നും, കൊന്നു തിന്നാറുണ്ടെന്നും സഭയിൽ തന്നെ തുറന്നു പറയുന്നത് അത്യന്തം ഗൗരവതരമായ വിഷയമാണ്. ഈ സാഹചര്യത്തിൽ എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment