ഒന്നരമാസം പ്രായമുള്ള മിഥുൻ സമരം ചെയ്യുന്നത് എന്തിന്?
പത്തനംതിട്ട : പത്തനംതിട്ട പെരുമ്പെട്ടി സജിയുടെ മകൻ ഒന്നരമാസം പ്രായമുള്ള മിഥുൻ ഇന്ന് തൊട്ടിൽ കെട്ടി ഉറങ്ങുന്നത് ഒരു സമരപ്പന്തലിലാണ്. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ ഏഴായിരം ഏക്കറോളം സർക്കാർ ഭൂമി തിരികെ പിടിക്കുക, വനാതിർത്തിയിൽ താമസിക്കുന്ന കൈവശവകാശക്കാർക്ക് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്തൻപുഴ വലിയകാവ്‌ വനം സംരക്ഷണ സമരസമിതി തുടങ്ങിയ അനിശ്ചിതകാല സമരപ്പന്തലിലാണ് ഇന്ന് മിഥുൻ. പെരുമ്പെട്ടി സ്വദേശികളായ സജിയും കുടുംബവുമാണ് ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ഒന്നര നൂറ്റാണ്ടായി ഇവിടെ താമസിക്കുന്ന സാധാരണക്കാരുടെ പട്ടയത്തിന് വേണ്ടിയുള്ള ആവശ്യം പൊന്തൻപുഴ വനവുമായി ബന്ധപ്പെട്ട കേസിൽ പെട്ട് നീണ്ടു പോകുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ജനുവരി പത്തിന് പൊന്തൻപുഴ വനം 283 സ്വകാര്യ വ്യക്തികൾക്ക് നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. 

 

സർക്കാർ അഭിഭാഷകരുടെയും വനംവകുപ്പിന്റെയും പിടിപ്പ്കേട് കൊണ്ട് ഒരു സംരക്ഷിത വനപ്രദേശം അപ്പാടെ സ്വകാര്യ വ്യക്തികൾ കൈക്കലാക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ തെരുവിലായത് ഈ 1200 കുടുംബങ്ങൾ കൂടിയാണ്. ഇവരുടെ കൈവശ ഭൂമി വനത്തിന്റെ അതെ സർവ്വേ നമ്പറിൽ ഉൾപ്പെട്ടതോടെ ഇവരുടെ കിടപ്പാടവും കൃഷിയിടവും കൊല്ലത്തും കോട്ടയത്തും പാലായിലും ഉള്ള ആരുടെയൊക്കെയോ സ്വന്തമായി മാറുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതിനെതിരെയാണ് പൊന്തൻപുഴ വലിയകാവ്‌ വനം സംരക്ഷണ സമരസമിതി മേയ് 12 മുതൽ പെരുമ്പെട്ടി വില്ലേജോഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. 

 

ഈ സമരപ്പന്തൽ സമരം തുടങ്ങിയ രാത്രി തന്നെ ആക്രമിക്കപ്പെട്ടെങ്കിലും സമരപ്രവർത്തകർ ധൈര്യപൂർവ്വം സമരവുമായി മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായാണ് കൊച്ചു മിഥുനും കുടുംബവും ഇന്ന് സമരപന്തലിൽ എത്തിയിരിക്കുന്നത്. തനിക്കും തന്റെ തലമുറയ്ക്കും അവകാശപ്പെട്ട ഭൂമിയും സ്വന്തം കിടപ്പാടവും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് 45 ദിവസം മാത്രം പ്രായമുള്ള മിഥുനും ചേച്ചി മൂന്ന് വയസുകാരി മീനുവും. പൊന്തൻപുഴ വനം തിരിച്ച് പിടിക്കാനുള്ള നിയമനിർമ്മാണം നടത്തുക, കൈവശക്കാരായ സാധാരണക്കാർക്ക് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ നേടുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് സമരസമിതി പ്രവർത്തകർ ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment