സെൽഫ് ഗോളടിക്കുന്ന ഫ്ലെക്സ് യുദ്ധങ്ങൾ




ഫുട്ബാൾ  ലോകകപ്പ് നടക്കുന്നത് റഷ്യയിലാണെങ്കിലും നമ്മുടെ നാട്ടിലും ആവേശത്തിനും ആഘോഷത്തിനും കുറവില്ല. അർജന്റീന ഫാൻസും ബ്രസീൽ ഫാൻസുമാണ് മുന്നിലെങ്കിലും മറ്റു ടീമുകൾക്കും ആരാധകർ കുറവില്ല തന്നെ. അർജന്റീന ബ്രസീൽ  തമ്മിലുള്ള പോർവിളികൾ സമൂഹ മാധ്യമങ്ങളെ കടന്ന് തെരുവുകളായ തെരുവുകളിലെല്ലാം ഫ്ലെക്സ് ബോർഡുകളായി നിറയുകയാണ്. സൂപ്പർതാര ആരാധകരും ആനപ്രേമികളും തോൽക്കുന്ന ഘടാഘടിയൻ ഡയലോഗുകൾ നിറയുന്ന പടുകൂറ്റൻ ഫ്ലെക്സുകൾ വഴിയോരത്തുടനീളം കാണാം. 

 

കണ്ണൂർ ജില്ലാ കളക്ടർ ആരാധകരുടെ ഫ്ലെക്സ് പ്രേമത്തിന് കടിഞ്ഞാണിടാൻ ഉത്തരവ് ഇറക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ ഇതെത്രത്തോളം പ്രാവർത്തികമാകുമെന്നോ മറ്റു ജില്ലകളിലെ അവസ്ഥയെന്തെന്നോ യാതൊരു ഉറപ്പുമില്ല. ഫലത്തിൽ അർജന്റീന ഫാൻസിനും ബ്രസീൽ ഫാൻസിനും മറ്റു ടീമുകളുടെ ഫാൻസിനും ഒക്കെ ആരാധനയും വാശിയും മൂക്കുന്നതിനനുസരിച്ച് ആയിരക്കണക്കിന് ചതുരശ്ര അടി ഫ്ലെക്സുകളാണ് കേരളമെമ്പാടും നിറയുന്നത്. 

 

ആയിരക്കണക്കിന് ഫുട്ബാൾ മൈതാനങ്ങളെക്കാൾ  വിസ്തീർണ്ണത്തിൽ  ഫ്ലെക്സുകൾ ഓരോ ഫുട്ബാൾ മാമാങ്ക കാലത്തും ആരാധകർ അടിച്ച് കൂട്ടുന്നുണ്ട് എന്നാണ് കണക്ക്. മണ്ണിൽ ലയിച്ച് ചേരാതെ ഭൂമിക്ക് ഭാരമാകുന്ന ഫ്ലെക്സിന് പകരം തുണിയിൽ പ്രിന്റ് ചെയ്യാനുള്ള സൗകര്യങ്ങൾ നിലനിൽക്കെയാണ് ഈ കടുംകൈ. നിയമസംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഫ്ലെക്സ് യുദ്ധത്തെ നിയന്ത്രിക്കാൻ ശ്രമിക്കാമെങ്കിലും  യഥാർത്ഥത്തിൽ മാറേണ്ടത് ആരാധകർ തന്നെയാണ്. ഫുട്‍ബോൾ ഒരു വികാരമായി നെഞ്ചേറ്റുന്നവർ ഈ ഭൂമിയുടെ അവസ്ഥ കൂടി പരിഗണിക്കേണ്ടതുണ്ട്. 

 

അർജന്റീനൻ ഫുട്ബാൾ ടീം ഇസ്രായേലിലെ കളി ഉപേക്ഷിച്ചപ്പോൾ നിലപാടിന്റെ പേരിൽ കയ്യടിച്ചവരാണ് നമ്മൾ. അതേ ആരാധകർ  ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീമായ പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പൊരുതുക എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ഈ മണ്ണിനെ മലിനപ്പെടുത്തുന്നതിൽ നിന്ന് മാറി നിന്നാൽ ഇവിടുത്തെ ഓരോ പുൽക്കൊടിയും നിങ്ങൾക്ക് വേണ്ടി കയ്യടിക്കും. മെസ്സിയുടെയോ നെയ്മറുടെയോ റൊണാൾഡോയുടെയോ സൂപ്പർ ഗോളിന് കിട്ടുന്നതിനേക്കാൾ മുഴക്കമുള്ള കയ്യടി. ഒന്നു കാതോർക്കൂ അതിനായി.

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment