പോലീസ് അതിക്രമത്തിന്റെ ഒന്നാം വാർഷികം ; പുതുവൈപ്പിലെ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക്




പുതുവൈപ്പിലെ എൽ.എൻ.ജി ടെർമിനലിനെതിരായ സമരത്തിന് നേർക്ക് നടന്ന പോലീസ് അതിക്രമത്തിന് ഒരു വയസ്. പോലീസ് അതിക്രമങ്ങളുടെ ഒന്നാം വാർഷികത്തിൽ എൽ.എൻ.ജി ടെർമിനൽ  സ്ഥാപിക്കരുത് എന്നാവശ്യപ്പെട്ട് പുതുവൈപ്പിലെ അമ്മമാർ സെക്രട്ടേറിയറ്റിന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ജൂൺ 17 ന് സമരപ്പന്തലിൽ പ്രതിഷേധ സംഗമവും നടക്കും. കഴിഞ്ഞ വർഷം ജൂൺ 14 മുതലായിരുന്നു മൂന്ന് ദിവസങ്ങളിലായി സമരക്കാർക്ക് നേരെ പോലീസ് ക്രൂരമായ അതിക്രമം അഴിച്ച് വിട്ടത്. എ.സി.പി യതീഷ്‌ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ നരനായാട്ട് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂൺ 14, 16,18 തീയതികളിലായിട്ടായിരുന്നു പോലീസ് അതിക്രമങ്ങൾ. 

 

ഐ.ഓ.സിയുടെ എൽ.എൻ.ജി ടെർമിനലിനെതിരെ വർഷങ്ങളായി പുതുവൈപ്പ് നിവാസികൾ സമരത്തിലാണ്. 2009 മുതൽ തുടരുന്ന സമരം 2017 ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല ഉപരോധത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് ഐ.ഒ.സിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടി വന്നു. മേയ് 11 ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയും  നിർമ്മാണം തുടരാൻ ഐ.ഒ.സിയോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ശക്തമായ സമരത്തെ അടിച്ചമർത്താൻ ജൂൺ 14 ന് കുപ്രസിദ്ധനായ പോലീസ് ഉദ്യോഗസ്ഥൻ എ.വി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുതുവൈപ്പിലെത്തി അക്രമം അഴിച്ച് വിടുകയായിരുന്നുവെന്ന് സമരസമിതി പറയുന്നു. 

 

ഇതിനെ തുടർന്നും ജൂൺ 16, 18 തീയതികളിൽ പുതുവൈപ്പിലും എറണാകുളത്തും വെച്ച് ഭീകരമായ മർദ്ദനമാണ് സമരക്കാർക്ക് നേരെ പോലീസ് അഴിച്ച് വിട്ടത്. എറണാകുളത്ത് സമരത്തിനെത്തിയവരെ എസിപി യതീഷ്‌ചന്ദ്ര ക്രൂരമായി മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും ചെയ്തിരുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. 

 

ജൂൺ 21 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ജനങ്ങൾ ഉന്നയിച്ച ആശങ്കകളിൽ കാര്യമുണ്ടെന്നാണ് സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന കടൽക്ഷോഭത്തെ നേരിടാൻ ചെന്നൈ ഐ.ഐ.ടി പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിൻ പോർട്ടും ഐ.ഓ.സിയും നിർദ്ദേശിച്ച പരിഹാരമാർഗ്ഗങ്ങൾ കാലഹരണ പെട്ടതാണെന്ന് സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൈവവൈവിധ്യ ബോർഡിന്റെ മുൻ അധ്യക്ഷനായ ഡോ. വി.എസ്  വിജയൻറെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ജനവാസമേഖലയും ജൈവ മത്സ്യസമ്പത്തിന്റെ കലവറയുമായ പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കരുതെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 

ഈ സാഹചര്യത്തിൽ പ്ലാന്റ് പുതുവൈപ്പിൽ സ്ഥാപിക്കരുതെന്നും അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സമരസമിതി പോലീസ് അതിക്രമത്തിന്റെ ഒന്നാം വാർഷികത്തിൽ  സമരപ്പന്തലിലും സെക്രട്ടേറിയറ്റിന് മുന്നിലുമായി സമരത്തിന് ഒരുങ്ങുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment