ഖനനത്തിന്റെ ദൂര പരിധി കുറച്ചതോടെ 96 ക്വാറികൾ തുറക്കുന്നു




തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ 96 ക്വാറികൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ദേശീയ ഉദ്യാനങ്ങൾക്കും വന്യ ജീവി സങ്കേതങ്ങൾക്കും പത്ത് കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന നിബന്ധന ഒരു കിലോമീറ്ററായി ചുരുക്കിയതോടെയാണ് ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നത്. ഇതോടെ കേരളത്തിലെ ക്വാറികളുടെ എണ്ണം വീണ്ടും കൂടും. ഏഴായിരത്തിലധികം ക്വാറികൾ നിലവിൽ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയിലധികവും അനധികൃതമാണ്.


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് ചട്ടത്തിലാണ് ദേശീയ ഉദ്യാനങ്ങൾക്കും വന്യ ജീവി സങ്കേതങ്ങൾക്കും സമീപത്ത് നിന്ന് പത്തുകിലോമീറ്റർ ദൂര പരിധിക്കുള്ളിൽ വിലക്കുണ്ടായിരുന്നത്. എന്നാൽ സംസ്ഥാനങ്ങൾക്ക് ചട്ടത്തിൽ പരിധി നിശ്ചയിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കുറഞ്ഞത് ഒരു കിലോമീറ്ററും കൂടിയത് പത്ത് കിലോമീറ്ററുമായിരുന്നു. എന്നാൽ നിലപാട് അറിയിക്കാത്തതിനെ തുടർന്ന് കേരളത്തിലെ പരിധി പത്ത് കിലോമീറ്ററായി നിശ്ചയിക്കുകയായിരുന്നു.


ഇതേതുടർന്ന് 96 ക്വാറികൾ പൂട്ടിയിരുന്നു. ഇതോടെയാണ് ക്വാറികൾക്ക് വേണ്ടി ദൂരപരിധി കുറക്കാൻ സർക്കാർ തീരുമാനിച്ചത്. ഏറെ വിവാദങ്ങൾക്ക് വഴിവെച്ചതായിരുന്നു മന്ത്രിസഭയുടെ ഈ തീരുമാനം. ഇതിനു കേന്ദ്ര അനുമതി കൂടെ വേണം എന്നുണ്ടെങ്കിലും കേരളത്തിന്റെ തീരുമാനം പ്രതിഷേധാർഹമാണ്. പ്രത്യേകിച്ചും ഉരുൾപൊട്ടലും പ്രളയവും തുടർക്കഥയാകുന്ന സാഹചര്യത്തിൽ.


ക്വാറികൾ സ്‌തംഭിക്കുന്നത് സാമ്പത്തിക - തൊഴിൽ മേഖലയിൽ കടുത്ത ആഘാതമുണ്ടാക്കുമെന്നാണ് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ അറിയിച്ചത്. കർശന ഉപാധികളോടെയാണ് ക്വാറികൾ  നൽകുന്നതെന്ന് അറിയിച്ച മന്ത്രി 2018 ലെ പ്രളയത്തിന് ശേഷം 147 ഖനന ലൈസൻസ് നൽകിയെന്നും അറിയിച്ചു. പ്രളയ പ്രദേശങ്ങളിലൊന്നും ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ല എന്ന് മന്ത്രി പറയുമ്പോഴും സർക്കാരിന്റെ കണക്കിൽ ഉള്ളതിനേക്കാൾ ഇരട്ടി ക്വാറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് എന്നത് കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment