പ്രളയത്തിന്റെ ആഘാതം പഠിക്കാൻ നിയമസഭ പരിസ്ഥിതി സമിതി വിദഗ്ദ്ധ സഹായം തേടും




പ്രളയത്തിന്റെ ആഘാതം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ തീരുമാനം. പ്രളയം കേരളത്തിന്റെ പരിസ്ഥിതിക്കുണ്ടാക്കിയ ആഘാതം പഠിക്കാൻ വിവിധ വിദഗ്ധരുടെ സഹായം തേടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി കമ്മിറ്റി അധ്യക്ഷൻ മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. ആരൊക്കെയാവും വിദഗ്ധ സമിതിയിൽ ഉൾപ്പെടുക, എന്തൊക്കെയാവും പഠനവിഷയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇ മാസം 13 ന് ചേരുന്ന പരിസ്ഥിതി സമിതിയുടെ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫസർ മാധവ് ഗാഡ്ഗിലിനെ ഉൾപ്പെടെ കൊണ്ട് വരാൻ ശ്രമിക്കുന്നതായി ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, ഇക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല എന്നാണ് മുല്ലക്കര പ്രതികരിച്ചത്. പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യത്തിന് ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്നും ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിലാവും ഈ പഠനമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. 

 

കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് പാരിസ്ഥിതിക ചൂഷണങ്ങൾ കൂടിയാണെന്ന് അംഗീകരിക്കാൻ മന്ത്രിമാരടക്കമുള്ള ഒരു വിഭാഗം മടിക്കുമ്പോഴും ഭരണ തലത്തിൽ തന്നെ ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണവും പഠനവും വേണമെന്ന അഭിപ്രായവും ശക്തമാകുന്നുണ്ട്. സിപിഐഎം മുഖപത്രമായ ദേശാഭിമാനി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖപ്രസംഗം എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രളയത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ തീരുമാനം. അതേ സമയം മലപ്പുറം കക്കാടംപൊയിലിൽ പരിസ്ഥിതി ദുർബല പ്രദേശത്ത് വാട്ടർ തീം പാർക്ക് നിർമ്മിച്ച , വനത്തിനുള്ളിൽ ഉരുൾപൊട്ടുന്നത് ജെസിബി ഉള്ളത് കൊണ്ടാണോ എന്ന ചോദ്യം ഉന്നയിച്ച പി.വി അൻവറും നിയമസഭാ പരിസ്ഥിതി സമിതിയിൽ അംഗമാണ്  വിരോധാഭാസം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment