സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതൽ; ജാഗ്രതാ നിർദേശം നീട്ടി




തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.


രാവിലെ 11 മണി മുതല്‍  മൂന്നു വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്.  


ചിലയിടങ്ങളില്‍ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് ചൂടിന് കുറവില്ല. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശനിയാഴ്ച വരെ ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് 40.2 ഡിഗ്രിയാണ് പാലക്കാട് രേഖപ്പെടുത്തിയത്. കൊല്ലത്ത് 37.8 ഡിഗ്രിയും ആലപ്പുഴയില്‍ 37.2 ഡിഗ്രിയും അനുഭവപ്പെട്ടു.


തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചു. ഇന്നലെ 32 പേര്‍ക്ക് സൂര്യാതാപമേറ്റു. ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചു.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment