കാലാവസ്ഥാ മാറ്റം ഉണ്ടാക്കാൻ പോകുന്നത് വൻ പ്രതിസന്ധികൾ




കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ശക്തമായി പ്രകടമാക്കി കൊണ്ടാണ് കഴിഞ്ഞ തണുപ്പുകാലവും അതിനു ശേഷം ഫെബ്രുവരി കാലാവസ്ഥയും അനുഭവപ്പെട്ടു വരുന്നത്. ഇത്തരം പ്രതിഭാസങ്ങൾ മനുഷ്യരുൾപ്പെടെയുള്ള ജീവിവർഗ്ഗങ്ങൾക്ക് വിവിധ തരത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കും. വടക്കേ ഇന്ത്യയിലും മരുഭുമി കളിലും അനുഭവപ്പെടുന്ന ഏറെ തണുപ്പും ചൂടുള്ളതുമായ കാലാവസ്ഥ (extreme climate) ആരോഗ്യകര  മായ ജൈവ പരിസ്ഥിതിയെയല്ല പ്രദാനം ചെയ്യുന്നത്. തെക്കേ ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ ഉയർന്നതും  താഴ്ന്നതുമായ  താപനങ്ങൾ  തമ്മിലുള്ള അന്തരം കുറവായിരിക്കുന്ന അവസ്ഥ  ആരോഗ്യകരമായ ജൈവ മണ്ഡലം നിലനിൽക്കുവാൻ സഹായകരമാണ്.നാട്ടിലനുഭവപ്പെടുന്ന വർദ്ധിച്ച ചൂട്‌ നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യങ്ങളെ ഇല്ലാതെയാക്കും.


കഴിഞ്ഞ ഡിസംബർ മാസം തെക്കേ ഇൻഡ്യയിൽ അനുഭവപ്പെട്ട തണുപ്പ് 4 ഡിഗ്രി വരെ കുറഞ്ഞ തോതിലായിരുന്നു..അവിചാരിതമായ തണുപ്പ് പാവപ്പെട്ടവരെ മരണത്തിലേക്കു തള്ളി വിട്ടു. കർണ്ണാടക, തമിഴ് നാട്, കേരളം എന്നിവടങ്ങളിലും 3 ഡിഗ്രി വരെ അന്തരീക്ഷം തണുത്തു. 
 ജാനുവരി 18ന് ബാംഗ്ലൂർ നഗരത്തിലെ കുറഞ്ഞ ചൂട് 13 ഡിഗ്രിയിലെത്തി. പകൽ സമയ ഊഷ്മാവും കുറവായിരുന്നു. ചെന്നൈയിൽ ജനുവരി 17 ലെ തണുത്ത കാലാവസ്ഥ പ്രതീക്ഷക്കും അപ്പുറമായിരുന്നു. കേരളത്തിൽ പൊതുവേ അനുഭവപ്പെടുന്നതിലും മൂന്നു ഡിഗ്രിയിൽ കുറഞ്ഞ ചൂടാണ് മകരമാസത്തിൽ നാട്ടിലുണ്ടായിരുന്നത്.ഏറ്റവും അധികം ചൂട് ഉണ്ടാകാറുള്ള പുനലൂരിൽ നല്ല തണുപ്പ് രേഖപ്പെടുത്തി.


തെക്കേ ഇന്ത്യയിൽ ചൂടനുഭവപ്പെടുവാൻ കാരണമായ ബംഗാൾ ഉൾക്കടലിൽ നിന്നും തീരത്തേക്കടിക്കുന്ന ചൂടുകാറ്റ് (സൈക്കളോണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റത്തിലൂടെ) വീശാതിരിക്കുകയും പകരം വടക്കേന്ത്യയിൽ നിന്നും തെക്കേ ഇന്ത്യൻ അന്തരീക്ഷത്തിലേക്ക് തണുത്ത കാറ്റ് വീശുകയും ചെയ്തു.ചൂടുകാറ്റിനു പകരം തണുത്ത കാറ്റ് അന്തരീക്ഷത്തെ തണുപ്പിക്കുകയായിരുന്നു.  ഉത്തരാൻച്ചൽ ,ഹിമാചൽ, കാശ്മീർ മുതലായ  മേഖലയിൽ ഉണ്ടായ വലിയ തോതിലുള്ള മഞ്ഞുവീഴ്ചക്ക് ലാനിനോ (എൽ നിനോ പ്രതിഭാസത്തിന്റെ വിവരീത പ്രവർത്തനം) അവസരമൊരുക്കി. 


നാട്ടിൽ വേനൽ കാലം പൊതുവേ ശക്തമാകുന്നത് മാർച്ച് മാസം മുതലാണ്. എന്നാൽ ഫെബ്രുവരിയിൽ തന്നെ വർദ്ധിച്ച ചൂട്  പ്രകടമായി കഴിഞ്ഞു. ഇനിയുള്ള മാസങ്ങളിൽ ചൂട് വർദ്ധിക്കും , കുറഞ്ഞതണുപ്പിൽ നിന്നും കൂടിയ ചൂടിലേക്കുള്ള ഈ  മാറ്റം ആശാവഹമല്ല. സസ്യങ്ങളുടെ വളർച്ചയേയും അതിന്റെ മറ്റു സ്വഭാവത്തേയും പുതിയ പ്രതിഭാസങ്ങൾ പ്രതികൂലമായി ബാധിക്കും.(  മാവുകൾ വർദ്ധിച്ച അളവിൽ ആവർത്തിച്ചു പൂക്കുന്നതായി കാണാം )  വർദ്ധിച്ച തണുപ്പ് ,പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ മനുഷ്യരിൽ രോഗങ്ങൾ വർദ്ധിക്കുവാൻ ഇടയുണ്ടാക്കുന്നു.(പൊടിയും മഞ്ഞും ചേർന്ന Smoge എന്ന അവസ്ഥ) ഡൽഹിയിലെ അന്തരീക്ഷ പൊടിപടലങ്ങൾ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാണ്.


ന്യൂന മർദ്ധങ്ങൾ ഉണ്ടാക്കുന്ന ഓക്കിയും മറ്റും കടലിനെ കൂടുതൽ പ്രക്ഷ്യുബ്ധമാക്കിയതിനാൽ മത്സ്യസമ്പത്ത് കുറയുന്നതായി കാണാം. കടലാക്രമണങ്ങൾ വർദ്ധിച്ചു. മഴയുടെ അളവിലും സ്വഭാവത്തിലുമുള്ള മാറ്റം, വർദ്ധിച്ച ചൂടും തണുപ്പും ഒക്കെ പ്രതികൂലമായി പ്രവർത്തിക്കുന്നു.  ഇത്തരം കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായി ബാധിക്കുക കേരളത്തെ പോലെയുള്ള പ്രദേശങ്ങളിലായിരിക്കും.തെറ്റായ വികസന  സമീപനങ്ങൾ കാലാ വസ്ഥാ വ്യതിയാനം ഉണ്ടാകുന്നതിൽ  മുഖ്യ പങ്കു വഹിക്കുന്നു എന്ന ബോധ്യപ്പെടൽ നമുക്കുണ്ടാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment