നവ കേരള സൃഷ്ടിക്കായി രാജേന്ദ്ര- അൻവർ ചാണ്ടി മാണിമാർ




നിഴലുകള്‍ ചരക്കായി തീരുന്നില്ല എങ്കില്‍ മരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകും എന്നതാണ് മുതലാളിത്ത സിദ്ധാന്തം.

 

മുതലാളിത്തത്തിന്‍റെ പറുദിസകളില്‍പോലും പ്രകൃതി വിഭവങ്ങളെ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കുമ്പോള്‍ ഇന്ദിരാഗാന്ധിക്ക് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍(ചുരുക്കം ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍) കൈകൊണ്ട സമീപനങ്ങള്‍ ഷെല്‍, മോന്‍സാന്‍ഡോ, ഡൗ, മൊബീല്‍ മുതലായ വന്‍കിട കോര്‍പ്പറേറ്റുകളെക്കാള്‍ അപലനീയമാണ്. 1930 കളില്‍ നീലേശ്വരം കാടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ കിസാന്‍ സഭ നടത്തിയ സമരവും ജൈവ വളകൃഷിക്കായി ചീമകൊന്ന വിപ്ലവം നടത്തിയ കമ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും നെല്‍വയല്‍ സംരക്ഷിക്കുവാന്‍ സഖാവ് വി.എസ്  അച്യുതാനന്ദനും കൂട്ടരും നടത്തിയ സമരവും രാജേന്ദ്രന്‍ സഹകരണ സംഘങ്ങള്‍ക്ക് അറിവുണ്ടാകുകയില്ല.

 

സഖാവ് എ.കെ.ജി  അമരാവതി സമരത്തിനു നേതൃത്വം നല്‍കി ഇടുക്കിയില്‍ സജീവമായ കഥയുടെ തുടര്‍ച്ചയല്ല ഇടുക്കി( പ്രത്യേകിച്ച്) യിലെ ഇന്നത്തെ കമ്യുണിസ്റ്റ് നേതാക്കള്‍(കമ്പനി). 

 

ഉടഞ്ഞു  പോയ ഒരു മൺകുടം കണക്കെ മൂന്നാര്‍ മാറിക്കഴിഞ്ഞു നേര്യ മംഗലം മുതല്‍ ഓരോ കിലോമീറ്ററിലും വന്‍ മണ്ണിടിച്ചിലുകൾ കാണാം (land slip). മുന്നാര്‍-അടിമാലി റോഡിന്‍റെ ഇരുവശവും അടിമാലി-കുഞ്ചിത്തണ്ണി-വെള്ള തൂവല്‍-രാജക്കാട്, മൂന്നാര്‍-കുമളി റോഡുകള്‍  ഇടിഞ്ഞു മാറി. മൂന്നാര്‍- മാങ്കുളം റോഡിന്‍റെ വശങ്ങളില്‍ പണിതുയര്‍ത്തിയ വന്‍ കിട കെട്ടിടങ്ങള്‍ പകുതി ഒലിച്ചുനില്‍ക്കുന്ന മലയുടെ ഓരത്ത് ഏതു സമയവും അടര്‍ന്നു വീഴാവുന്ന അവസ്ഥയില്‍ ആണ്. ഇടുക്കിജില്ലയിലെ മരണസംഖ്യ അര ശതകത്തിലും കൂടുതല്‍ ഉണ്ട്. മരിച്ചവര്‍ സാധാരണക്കാര്‍ മാത്രം. അതില്‍ ഗര്‍ഭിണികള്‍ ഉള്‍പെട്ടിരുന്നു.ഇവരുടെ മരണത്തില്‍ പോലും  സഹതാപം കാട്ടാത്ത നേതാക്കള്‍ റിസോര്‍ട്ട്,തോട്ടം മുതലാളിമാരുടെ  ഉല്‍കണ്ഠകള്‍  നിയമ സഭക്കകത്തു പ്രകടിപ്പിച്ചതായി കേട്ടു.

 

നിവേദിതാ ഹരന്‍ നിര്‍ദ്ദേശിച്ച മൂന്നു നിലക്ക് മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ ഒഴിവാക്കണം, ദേവികുളം RDOയുടെ  അനധികൃത കെട്ടിടങ്ങള്‍(115) പൊളിക്കൽ , വി.എസ്  ഓപ്പറേഷന്‍ നിര്‍ദ്ധേശങ്ങള്‍ നടപ്പില്‍ കൊണ്ടുവരണം തുടങ്ങിയ അഭിപ്രായങ്ങള്‍ക്കെതിരെ യുദ്ധം നയിച്ച നേതാക്കള്‍, fragile land സംരക്ഷണ നിയമം, മരം മുറിക്കല്‍ അവകാശം, മൂന്നാര്‍ ട്രിബുണൽ തുടങ്ങിയ വിഷയങ്ങളില്‍  കൈയേറ്റക്കാര്‍ക്ക് അനുകൂലായി ഇടതുപക്ഷം പ്രവർത്തിച്ചു.

 

അമേരിക്ക എന്ന മുതലാളിത്ത രാജ്യത്തെ സെനറ്റില്‍ കോര്‍പ്പറേറ്റ്കളുടെ പ്രതിനിധികള്‍ ഉണ്ടാകാറുണ്ട്. കേരള നിയമസഭയില്‍ പ്ലം ജൂഡി  എന്ന നിയമ ലംഘന സ്ഥാപനത്തിന്‍റെ മൈക്കായി മൂന്നാര്‍ എം.എൽ.എ രംഗത്ത് വരുന്നു എന്നത് കേവല അഴിമതി വിഷയം  മാത്രമല്ല.  

 

കക്കടാം പൊയ്കയിൽ ( പരിസ്ഥിതി ലോല പ്രദേശത്ത് ) എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി വാട്ടർ തീം പാർക്ക്  നടത്തുന്ന സിപിഐഎം സ്വതന്ത്ര എം.എൽ.എയുടെ പാരിസ്ഥിതിക ബോധം 3.3 കോടി മലയാളികളെയും ലജ്ജിപ്പിക്കുന്നതാണ്.( ഭൂപരിഷ്ക്കരണ നിയമത്തിലെ നിയന്ത്രണങ്ങൾ മറികടന്ന് 200 ലധികം ഏക്കർ  കൈവശം വെച്ചിരിക്കുന്ന മഹാൻ കൂടിയാണ് സ. എ.കെ.ജിയുടെ പാർട്ടി എം.എൽ.എ ) അദ്ദേഹം മാസങ്ങൾക്കു മുമ്പ് നടത്തിയ പ്രഭാഷണത്തിൽ ജപ്പാനിൽ  മഴ പെയ്യുവാൻ സഹായിക്കുന്ന പശ്ചിമഘട്ട വനത്തെ പറ്റി വാചാലനായി. അദ്ദേഹത്തിന്റെ പുതിയ അന്വേഷണ ബുദ്ധി നിയമസഭയിൽ ഇന്നലെ തുറന്നു വെച്ചു. വനത്തിൽ ഉരുൾപൊട്ടുന്നത് ക്വാറികൾ കൊണ്ടാണോ എന്നായിരുന്നു ആ ചോദ്യം ? 

 

കുവൈറ്റ് ചാണ്ടി എന്ന തോമസ് ചാണ്ടിയുടെ പ്രകൃതി ബോധത്തെ പറ്റി കമ്യൂണിസ്റ്റ് മുഖ്യമന്ത്രി തൃപ്തനാണ് എങ്കിലും കേരള ഹൈക്കോടതിക്ക് സംശയമുണ്ടായിട്ടുണ്ട്. ഇന്നലത്തെ ചാണ്ടി മൊഴികൾ അദ്ദേഹത്തിന്റെ പരിസ്ഥിതി വിഷയത്തിലെ പിടിപ്പുകൾ  ലോകത്തിനു ബോധ്യപ്പെടുത്തി കൊടുക്കുന്നതായിരുന്നു.  ക്വാറികൾ ഉണ്ടായാൽ മഴ പെയ്യില്ല എന്ന വാദത്തെ (ആരുടെ വാദമാണ് എന്ന് എം.എൽ.എ പറഞ്ഞിട്ടില്ല) അദ്ദേഹം തിരുത്തി. റാന്നിയുടെ (കാൽ നൂറ്റാണ്ടായി തുടരുന്ന) എം.എൽ.എ ( മുൻ DYFI നേതാവ്) ഖനന മുതലാളിമാരുടെ വർഗ്ഗ താൽപര്യത്തിനായി അവരുടെ സംഘടനാ നേതാവു കൂടിയായി പ്രയത്നിച്ചു വരുന്നു. 

 

 ജനപ്രതിനിധികൾ സംസ്ഥാന നിയമസഭയിൽ സ്വകാര്യ താൽപര്യത്തിനായി വിഢിത്തം തട്ടിവിടുമ്പോൾ അതേ പാർട്ടിയിൽ പെട്ട വി.എസ്  മറ്റൊരു നിലപാട് സ്വീകരിച്ചു. സിപിഐഎം ജനപ്രതിനിധികൾ (ഇടതുപക്ഷ മുന്നണി ) ഞായറാഴ്ച ക്ലബ് സമിതിയിലെ അംഗങ്ങളെ പോലെ നിയമസഭക്കകത്ത് നിലപാടുകൾ എടുക്കുന്നു എങ്കിൽ അതിനു പിന്നിലുള്ള അജണ്ട വേട്ടക്കാരനും ഇരക്കുമൊപ്പം എന്നതാണ്.  

 

(സംസ്ഥാന നിയമസഭയുടെ രേഖകളിൽ നിന്നും വിഡ്ഢിത്തങ്ങൾ നിറഞ്ഞ പ്രതികരണങ്ങൾ നീക്കി നാടിന്റെ മാനം കാക്കുവാൻ നിയമസഭാ സ്പീക്കർ തയ്യാറാകണം.) വല്ലപ്പോഴും ഉണ്ടായിട്ടുള്ള ഉരുള്‍പൊട്ടലുകളുടെ എണ്ണം ഈ മഴക്ക് 300 കഴിഞ്ഞു. നെല്ലിയാംപതി റോഡുകളില്‍ 30 ഇടത്ത് ഉരുൾ പൊട്ടി . 1500 കി.മീ  വിസ്താരത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഉണ്ട് എന്ന് CESS വിശദമാക്കി.

  

വെള്ളപൊക്കത്തിനു ശേഷം പുതിയ ഒരു കേരളത്തെപറ്റി ചിന്തിക്കുവാന്‍ നമ്മൾ  നിര്‍ബന്ധിതമാണ് എന്ന് എല്ലാ രാഷ്ടീയ പാര്‍ട്ടികളും പറഞ്ഞു തുടങ്ങി. 450നടത്തു മരണങ്ങള്‍ സംഭവിച്ചു. മലകള്‍ സംരക്ഷിക്കപെടണം എന്ന്, നദികളെ ഒഴുകുവാന്‍ അനുവദിക്കണം എന്ന്, കായലുകളും കണ്ടലുകളും കൈയ്യേറരുത് എന്ന്, കടലില്‍ മാലിന്യങ്ങള്‍ തള്ളരുത് തുടങ്ങിയ വിഷയങ്ങള്‍ക്ക് അവധി കൊടുക്കാതെ സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ ഭരണ പ്രതിപക്ഷങ്ങള്‍ തീരുമാനിക്കുന്ന ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ സിപിഐഎം മൂന്നാര്‍ എം.എൽ.എയും കൈയേറ്റക്കാരുടെ രാഷ്ടീയ രക്ഷകനായി രംഗത്തുള്ള പാലയുടെ പ്രതിനിധിയും  വന്‍കിട തോട്ടം-ടൂറിസം മാഫിയകള്‍ക്കായി അവരുടെ പണികൾ ആരംഭിച്ചു കഴിഞ്ഞു.

 

കേരളത്തിന് എത്ര രൂക്ഷമായ പ്രതിസന്ധികൾ ഉണ്ടായാലും പരിസ്ഥിതി വിഷയത്തില്‍ തങ്ങള്‍ ഒരിഞ്ച്  മാറുവാന്‍ തയ്യാറല്ല എന്ന ധാരണ ഇടതുപക്ഷത്തെ പറ്റി പരക്കുന്നത് കേരളത്തിന്റെ പുനർനിർമ്മാണത്തെ വരെ പ്രതികൂലമാക്കും. 

കേരളത്തെ വന്‍ ദുരന്തത്തില്‍ എത്തിച്ച സാഹചര്യങ്ങളെ മുൻനിർത്തി,  പ്രകൃതിദുരന്തങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കാതെ, ജനങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തില്‍  പ്രതികരിച്ച  മാണിയും രാജേന്ദ്രന്‍ - അൻവർ - ചാണ്ടി  സംഘവും മാളങ്ങളില്‍ നിന്നും പുറത്തു വന്ന് മാഫിയ പ്രവര്‍ത്തനം തുടരുവാന്‍ വെമ്പുകയാണ്.  കേരളം ഇവരെ തിരിച്ചറിയേണ്ടതുണ്ട്.
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment