നിരോധനം കാറ്റിൽപറത്തി കോന്നി അരുവാപ്പുലത്ത് ക്വാറി പ്രവർത്തനം
പത്തനംതിട്ട: എല്ലാ നിരോധനങ്ങളും കാറ്റിൽ പറത്തി കോന്നി അരുവാപ്പുലത്ത് വൻതോതിൽ പാറ ഖനനം നടത്തുന്നതായി പരാതി. കോന്നി താലൂക്കിലെ അരുവാപ്പുലം വില്ലേജിൽ ഗാലക്സി ഗ്രാനൈറ്റ് സംസ്ഥാന സർക്കാർ നിരോധനവും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവും കാറ്റിൽപറത്തി ക്വാറി പ്രവർത്തനം നടത്തുന്നതായി പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിക്കുന്നു. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ പരിസ്ഥിതി ദുർബല മേഖലയായി രേഖപ്പെടുത്തിയിട്ടുള്ള പ്രദേശമാണ്   കോന്നി താലൂക്കിലെ അരുവാപ്പുലം വില്ലേജ്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലയാണ് പത്തനംതിട്ട. പ്രളയവും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് ജില്ലയിൽ എല്ലാവിധ ഖനനങ്ങളും ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. ഇതിനെയെല്ലാം അട്ടിമറിച്ച് കൊണ്ടാണ് കോന്നിയിൽ വീണ്ടും പാറ പൊട്ടിച്ച് കടത്താൻ ആരംഭിച്ചിരിക്കുന്നത്. 

 

ബന്ധപ്പെട്ട വകുപ്പുകളുടെ യാതൊരുവിധ അനുമതികളും ഇല്ലാതെ മസിൽ പവറിലും രാഷ്ട്രീയ സ്വാധീനത്തിലുമാണ് ക്വാറി പ്രവർത്തിക്കുന്നത്. ഇ.എസ്.എൽ വില്ലേജുകളിൽ ഖനനം പാടില്ല എന്ന കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് നിലനിൽക്കെയാണ് ഇവിടെ ക്വാറി പ്രവർത്തിക്കുന്നത്. മാസങ്ങൾക്കുമുമ്പ് പൊട്ടിച്ച് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ല് നീക്കം ചെയ്യാൻ നൽകിയ മൂവ്മെന്റ്  പാസിന്റെ മറയിലാണ് ദിനംപ്രതി നൂറ്കണക്കിന് ഉഗ്രസ്ഫോടനങ്ങൾ നടത്തി ആയിരക്കണക്കിന് ലോഡ് പാറ ഇവിടെനിന്ന് കടത്തികൊണ്ടു പോകുന്നത്. അടിയന്തിരമായി ജില്ലാകളക്ടർ ഇടപെട്ട് ക്വാറി പ്രവർത്തനം തടയണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment