കൊറോണ കാലത്തു കേരളത്തിൻ്റെ കുതികാൽ  വെട്ടുന്ന  വ്യവസായ മന്ത്രി - ഭാഗം  1 




കൊറോണ കാലത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ള മറ്റൊരു സാർവ്വ ദേശീയ ദുരന്തം ഈ തലമുറയില്‍ പെട്ട ഒരാള്‍ക്കും ഓര്‍മ്മയില്‍ ഉണ്ടാകുകയില്ല. സംസ്ഥാനം വിജയകരമായി കൊവിഡിനെ പ്രതിരോധിക്കുവാന്‍ വിജയിക്കുന്നു. മൂന്നര ലക്ഷം അന്യഭാഷാ തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റും നല്‍കി വരുന്ന നാട് മറ്റൊരു നല്ല മാതൃക കൂടി കാട്ടുകയാണ്.ഈ സമയത്ത് നമ്മൾ ഒറ്റകേട്ടായിരിക്കണം എന്ന് പറയുന്ന സര്‍ക്കാര്‍, മറുവശത്ത് രഹസ്യമായി ചില കച്ചവടങ്ങൾ ഉറപ്പിക്കുവാൻ മടിച്ചു നിൽക്കുന്നില്ല. നാടിൻ്റെ വലിയ നിയമ ലംഘന രംഗമായി കുപ്രസിദ്ധി നേടിയ പാറ ഖനന രംഗത്ത് വൻ കിട പദ്ധതി ഒരുക്കുവാനുള്ള തിരക്കിലാണ് (കൊറോണ കാലത്തെ മറയാക്കി) 2007 മുതൽ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന INKEL ( INFRA STRUCTURE KERALA LIMITED).


INKEL എന്ന Public Private Participation (PPP) ശ്രേണിയിൽ പെട്ട സ്ഥാപനത്തിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ സൂചിപ്പിച്ച പദ്ധതികൾ Health Care, Solar, Road, Business എന്നിവയായിരുന്നു. INKEL വ്യവസായ അടിസ്ഥാനത്തിൽ പാറ പൊട്ടിക്കൽ തുടങ്ങുവാൻ തീരുമാനിക്കുമ്പോൾ അതിൻ്റെ പിന്നിലെ താൽപ്പര്യങ്ങൾ വ്യക്തമാണ്. സ്ഥാപനത്തിനെ പരിചയപ്പെടുത്തുന്ന മുഖ പേജിൽ അവകാശപ്പെടാത്ത രംഗത്തെക്ക്, സർക്കാർ നിയന്ത്രണത്തിൽ, എന്നാൽ സർക്കാരിന് ഭാഗികമായി മാത്രം ഉടമസ്ഥാവകാശമുള്ള  സ്ഥാപനം, നിയമ ലംഘനങ്ങൾ കൊണ്ടു കുപ്രസിദ്ധി നേടിയ പാറ ഖനനത്തിലേക്ക് ചുവടെടുത്തു വെക്കുന്നതിനു പിന്നിലെ അജണ്ടകൾ വ്യക്തമാണ്.

 


Super Quarrying ലക്ഷ്യം വെച്ച് ഏപ്രില്‍ 30നു മുന്‍പ് പാറ ഖനന രംഗത്തെ പരിചയമുള്ളവരില്‍ നീന്നും അപേക്ഷ ക്ഷണിക്കുന്ന പരസ്യം പൊതു ജനങ്ങള്‍ക്ക് ശ്രദ്ധിക്കുവാന്‍ കഴിയാത്ത നിലയില്‍ പത്രങ്ങളില്‍ വരികയുണ്ടായി.കൊറോണയുമായി ബന്ധപ്പെട്ട് അത്യാവശ്യ കാര്യങ്ങൾ മാത്രം നടത്തി കൊണ്ടു പോകുകയാണ് ഇപ്പോൾ സർക്കാർ സമീപനം എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയതാണ് .എന്നാൽ യുദ്ധ സമാനമായ അവസരത്തിൽ പോലും, സംസ്ഥാനത്തെ ഏറ്റവും വലിയ നിയമ ലംഘനങ്ങൾ കൊണ്ടു കുപ്രസിദ്ധി നേടിയ രംഗത്തേക്ക് , അതേ രംഗത്തെ പാരമ്പര്യക്കാരിൽ നിന്ന്, (പതിമൂന്നാം നിയമസഭാ സമിതിയുടെ അഭിപ്രായത്തിൽ മാഫിയകളെ ഊട്ടി വളർത്തുന്നവർ എന്നാണ് ഇത്തരക്കാരെ അവിടെ  പരാമർശിച്ചത്) അപേക്ഷ സ്വീകരിക്കുവാൻ തയ്യാറായത്  വ്യവസായ വകുപ്പു മന്ത്രിയുടെ അറിവോടെയാണ്. 


ഭരണ കൂടം പൊതുവെ ദുരന്തങ്ങളെ ഭയപെടുന്നു എന്ന് പറയുമ്പോഴും യുദ്ധത്തെയും സമാന സംഭവങ്ങളേയും ജനങ്ങളെ അടിച്ചമര്‍ത്തുവാനുള്ള അവസരമാക്കുവാൻ ഭരണ കൂടം താൽപ്പര്യം കാട്ടാറുണ്ട്.യുദ്ധകാലത്താണ് വലിയ കച്ചവടങ്ങള്‍ എളുപ്പം നടത്തുവാൻ കഴിയുക.കേരളത്തിലെ കൊറോണ കാലവും അശുഭമായ പലതരം കച്ചവട കരാറുകൾ നടപ്പിലാക്കുവാനുള്ള അവസരമായി മാറുന്നു. വെള്ള പൊക്കവും കേരള  പുനര്‍ നിര്‍മ്മിതി ചര്‍ച്ചയും KPMG എന്ന കുപ്രസിദ്ധ സ്ഥാപനത്തിൽ എത്തി നിന്നത് സർക്കാർ സംവിധാനങ്ങളുടെ തനി സ്വഭാവത്തെ സൂചിപ്പിച്ചു. കൊറോണ, ലോകത്തെ സ്തംഭനാവസ്ഥയില്‍ ആക്കിയിട്ടും ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ പോലും കേരളത്തിൻ്റെ വ്യവസായ മന്ത്രി ശ്രദ്ധ ചെലുത്തിയത് വൻകിട രീതിയിലുള്ള പാറ ഖനനം വേഗത്തിൽ തുടങ്ങുവാനുള്ള അണിയറ നീക്കത്തിനായിരുന്നു ! 


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment