കേരള ദുരന്ത നിവാരണ അതിർത്തി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ മുൻകരുതൽ




വെള്ളവും കാലാവസ്ഥയും ആയി ബന്ധപ്പെട്ട  ദുരന്തങ്ങളില്‍ മുഖ്യമാണ് ഇടിമിന്നല്‍. കേരളത്തില്‍ ഇടിമിന്നല്‍ കൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഇടിമിന്നലേറ്റ് ഏറ്റവും അധികം മരണവും വസ്തുവകകള്‍ക്ക് നാശവും സംഭവിക്കുന്ന സംസ്ഥാനം കേരളമാണെന്നാണ് പഠന റിപ്പോര്‍ട്ട്. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 71 പേര്‍ ഇടിമിന്നലേറ്റ് മരിക്കുന്നു എന്നാണ് കണക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇടിമിന്നല്‍ അനുഭവപ്പെടുന്നത് കൊല്ലം ജില്ലയിലും കുറവ് തൃശ്ശൂര്‍ ജില്ലയിലും ആണെന്ന് മറ്റൊരു പഠനറിപ്പോര്‍ട്ട് പറയുന്നു. വേനല്‍മഴക്കാലത്ത് ഉള്ള ഇടിമിന്നലുകള്‍ ഏറെ വിനാശകാരികളാണ്. മിക്കവാറും ഉച്ചതിരിഞ്ഞുള്ള സമയങ്ങളിലാണ് ഇത്തരം ഇടിമിന്നലുകള്‍ ഏറെയും ഉണ്ടാകുന്നത്. ദുരന്തസമയത്തും അതിനുമുമ്പും അവലംബിക്കേണ്ട സുരക്ഷാമാര്‍ഗ്ഗങ്ങളുടെ ചെറുവിവരണം താഴെ കൊടുക്കുന്നു.


ഇടിമിന്നലിനു മുമ്പ്
(ആകാശം മൂടിക്കെട്ടി, മിന്നലുകള്‍ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍)


ഉയര്‍ന്ന പ്രദേശങ്ങളില്‍ അപകടസാദ്ധ്യത ഏറെയാണ്‌. പുറത്ത്, തുറസ്സായ പ്രദേശങ്ങളില്‍ പോകുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ കഴിഞ്ഞ് ശബ്ദം കേള്‍ക്കുന്നത് 3 നിമിഷങ്ങള്‍ക്കുള്ളിലാണെങ്കില്‍ മിന്നലിന് വളരെ അടുത്താണ് നിങ്ങള്‍ എന്നും ഏറെ സൂക്ഷിക്കണമെന്നും അനുമാനിക്കാം.


സ്വര്‍ണ്ണം, വെള്ളി മുതലായവ കൊണ്ടുള്ള ആഭരണങ്ങള്‍ മിന്നലിനെ ആകര്‍ഷിക്കുമെന്നതിനാല്‍ ആ സമയത്ത് അവ ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുക.


പൊക്കമുള്ള മരങ്ങള്‍, ടവറുകള്‍, വേലികള്‍, ടെലിഫോണ്‍ ലൈനുകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ ഇടിമിന്നലിനെ ആകര്‍ഷിക്കും. അവയില്‍ നിന്ന് മാറി നില്‍ക്കുക.


ലോഹ വസ്തുക്കളില്‍ നിന്നും മാറി നില്‍ക്കുക. ലോഹ നിര്‍മ്മിത ഏണിപ്പടികള്‍ പൈപ്പ്, ടിവി ആന്റിന തുടങ്ങിയവ ആ സമയത്ത് തൊടാതിരിക്കുക.


ഒറ്റപ്പെട്ട പൊക്കമുള്ള മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍ കടല്‍ തുടങ്ങിയ ജലാശയങ്ങളില്‍ നിന്നും മാറി നില്‍ക്കുക. വെള്ളത്തില്‍ക്കൂടി ഇടിമിന്നലിന്റെ വൈദ്യുതതരംഗങ്ങള്‍ എളുപ്പം പ്രവഹിക്കുമെന്നതുകൊണ്ട് വെള്ളത്തില്‍ നില്‍ക്കാതിരിക്കുക.


ഇടിമിന്നലിന് മുമ്പ് തന്നെ വൈദ്യുത ഉപകരണങ്ങളുടെ (ടിവി, തേപ്പുപെട്ടി, കമ്പ്യൂട്ടര്‍, അലക്കുയന്ത്രം, ഫ്രിഡ്ജ് തുടങ്ങിയവയുടെ) പ്ലഗ്ഗുകള്‍ ഊരിയിടുക.


ഇടിമിന്നല്‍ സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗ്ഗങ്ങള്‍


സൈക്കിള്‍, ട്രാക്ടര്‍, ലോഹയന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. വാഹനങ്ങളില്‍ ചാരി നില്‍ക്കുന്നതും അപകടം ഉണ്ടാക്കും. ജനലും വാതിലും അടയ്ക്കുന്നത് സുരക്ഷിതത്വം കൂട്ടും.


വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. ഇടിമിന്നലിനെ മുഖ്യമായും ആകര്‍ഷിക്കുന്നത് ടെലിവിഷന്‍ മുതലായ ഉപകരണങ്ങളായതുകൊണ്ട് അവ ആ സമയത്ത് ഉപയോഗിക്കരുത്. വൈദ്യുത ഉപകരണങ്ങളുടെ അടുത്ത് നിന്നും അകന്നു മാറി നില്‍ക്കുക.


ബാത്ത്ടബ്ബുകള്‍, ഹീറ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. മുറിക്കുള്ളില്‍, തറയുമായി ബന്ധപ്പെടാതെ, കട്ടിലിന്റെയോ സ്റ്റൂളിന്റെയോ കസേരയുടെയോ മുകളില്‍ ഇരിക്കുന്നതാണ് നല്ലത്. ഇടിമിന്നല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കുളിക്കുന്നത് ഒഴിവാക്കുക. ലോഹനിര്‍മ്മിത സാമഗ്രികള്‍ (കുട, കത്തി, കമ്പിപ്പാര, മണ്ണുകോരി, മണ്ണുവെട്ടി, കൂന്താലി തുടങ്ങിയവ) ആ സമയത്ത് തൊടാതിരിക്കുക. 


തുറസ്സായ സ്ഥലത്ത് ആണെങ്കില്‍ തറയില്‍ കുത്തിയിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു പാദങ്ങളും കാല്‍മുട്ടുകളും പരസ്പരം മുട്ടിയിരിക്കണം. കൈകള്‍ കാല്‍മുട്ടിന് ചുറ്റും വരിഞ്ഞ്, താടി, മുട്ടില്‍ ചേര്‍ന്നിരിക്കണം.


ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യുക. കവചിത വാഹനങ്ങളില്‍ ഇരിക്കുന്നത് സുരക്ഷിതമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment