നല്ല ഭക്ഷണത്തിനും ആരോഗ്യത്തിനുമായി ചക്കവണ്ടി തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രമേഹം, പൊണ്ണത്തടി ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾക്കുള്ള ആരോഗ്യ ഭക്ഷണവും ഔഷധവുമായ ചക്കപുഴുക്കും കറിയും, ചക്ക സൂപ്പ്, ആവിയിൽ വേകിച്ച പലഹാരങ്ങൾ തുടങ്ങിയവയുമായി ചക്കവണ്ടി മെയ് 15 മുതൽ അനന്തപുരിയിൽ എത്തുന്നു. പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ സംയുക്താഭി മുഖ്യത്തിൽ ആരംഭിക്കുന്ന ചക്ക വണ്ടിയുടെ ഉദ്ഘാടനവും ആരോഗ്യ സെമിനാറും മേയ് 15 രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കൃഷിമന്ത്രി അഡ്വ. വി. എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.


വി.എസ്. ശിവകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന ജാക്ക്അനിലിന്റെ പ്ലാവിൻ തൈകളുടെ വിതരണോദ്ഘാടനം മേയർ അഡ്വ. വി.കെ. പ്രശാന്ത് നിർവ്വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പനസ കമ്പിനിയുടെ ഷെയർ വിതരണോദ്ഘാടനം ചെയ്യും. നബാർഡ് ചീഫ് ജനറൽ മാനേജർ  ആർ. ശ്രീനിവാസൻ മുഖ്യാതിഥിയായിരിക്കും. 


നബാർഡ് സഹായത്തോടെ സന്നദ്ധ സംഘടനയായ ചപ്പാത്ത് ശാന്തിഗ്രാം രൂപീകരിച്ച പ്ലാവ് കർഷകരുടെ സംരംഭമായ "പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി" (പനസ FPC) യുടെ പ്രഥമ സംരംഭമാണ് ചക്കവണ്ടി.  200ൽപരം ചക്കവിഭവങ്ങളും ചക്കസദ്യയും ഒരുക്കി കേരള ത്തിൽ ചക്കയുടെ പുതിയ ചരിത്രം കുറിച്ച് ശ്രദ്ധേയനായ ഇടിച്ചക്കപ്ലാമൂട് എച്ച്. എം. റഫീക്കും ശാന്തിഗ്രാമിൽ നിന്നും വിദഗ്ധ പരിശീലനം ലഭിച്ച വീട്ടമ്മമാരും ചേർന്നാണ് ചക്ക വിഭവങ്ങൾ തയ്യാറാക്കുന്നത്.

 


ആരോഗ്യദായകവും ജനങ്ങൾക്ക് നേരിട്ട് കഴിക്കാവുന്ന തുമായ (Ready to Eat- RTE) ചക്കവിഭവങ്ങൾ 365 ദിവസവും  ലഭ്യമാ ക്കുന്ന കേരളത്തിലെ പ്രഥമ കർഷക സംരഭമാണ് ചക്കവണ്ടി. എന്നും രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന ചക്കവണ്ടി വൈകിട്ട് 7 മണി വരെ അനന്തപുരിയിൽ ഉണ്ടാകും. ചക്കപുഴുക്കിനോടൊപ്പം കഞ്ഞിയും സസ്യാഹാരികൾക്ക് ഇഞ്ചിചമ്മന്തിയും മറ്റുള്ളവർക്ക് മീൻകറിയും ലഭിക്കും. ഇടിച്ചക്കപ്ലാമൂട് റഫീക്കിന്റെ ചക്കസദ്യയിലെ പ്രധാന ഇനമായ ചക്കസൂപ്പും ചക്കവണ്ടിയിൽ ഉണ്ട്. ആവിയിൽ പുഴുങ്ങിയ ചക്ക കുമ്പിളപ്പം, ഇലയട, കൊഴുക്കട്ട തുടങ്ങിയപലഹാരങ്ങൾക്കൊപ്പം ചക്കക്കുരുചുക്ക്കാപ്പിയും ഉണ്ടാകും.

 
ജില്ലയിലെ വനിതാസംരംഭകരുടെ ഗുണമേന്മയുള്ള ചക്ക ഉല്പ ന്നങ്ങളായ ചക്കകേക്ക്, ചക്കഹൽവ, ചക്കവരട്ടി,  വിവിധതരം ചിപ്സുകൾ, ചക്കക്കുരു ഉൽപ്പന്നങ്ങൾ,  ചക്ക പാനീയങ്ങൾ തുടങ്ങിയവയുടെ വിപണനത്തിനുള്ള സംവിധാനവും പനസ കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇരുപത് വർഷം കൊണ്ട് പത്തുലക്ഷത്തിലധികം പ്ലാവിൻ തൈകൾ വിറ്റ രാജ്യത്തെ പ്രഥമ പ്ലാവ് നഴ്സറിയുടമ ജാക്ക് അനിൽ, പുത്തൂർ നിന്നിക്കലിൽ നിന്നും വിവിധയിനം പ്ലാവിൻ തൈകളുമായി എത്തിച്ചേരും. ചക്കവിഭവങ്ങളുമായി കേരളത്തിൽ പ്രഥമ ചക്കവണ്ടി യാത്രയ്ക്ക് നേതൃത്വം നൽകിയ ചിക്കൂസ് ഐസ്ക്രീം ചക്ക ഐസ്ക്രീമുമായി ചക്ക വണ്ടി ഉദ്ഘാടനത്തിൽ പങ്കാളിയാകും.


ചക്കഐസ്ക്രീം, ഒന്നരവർഷംകൊണ്ട്കായ്ക്കുന്ന വിയറ്റ്നാം ഏർലിഗോൾഡ്, അരക്കില്ലാചക്ക, സിന്ദൂരവരിക്ക, ആൾസീസൻ പ്ലാവ്, പ്രശാന്തി, സിംഗപ്പൂർവരിക്ക തുടങ്ങിയ മേൽത്തരം പ്ലാവിൻ തൈകളും അന്നേ ദിവസം ലഭിക്കും. മുൻകൂർ ഓർഡർപ്രകാരം തുടർന്നും ഇവ ചക്കവണ്ടിയിൽ ലഭിക്കും.


ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങൾക്ക് ചക്ക ഔഷധമോ? ഭക്ഷണമോ? എന്ന സെമിനാർ നടക്കും.  CISSA ജനറൽ സെക്രട്ടറി ഡോ. സി.സുരേഷ്കുമാർ ഭക്ഷണത്തിലെ വിഷം ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണംനടത്തും.  പ്രമേഹത്തിന് ചക്ക-പരീക്ഷണ ഫലങ്ങൾ, ജീവിതശൈലീ രോഗങ്ങൾക്ക് ചക്കയുടെ പ്രാധാന്യം, ജീവിത ശൈലീ രോഗങ്ങൾക്ക് ചക്ക പ്രധാന ഭക്ഷണമായി കഴിക്കാ നുള്ള മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങൾ പ്രശസ്ത ലാപ്പറോ സ്ക്കോപ്പിക്ക്  സർജനും പ്രമേഹ പാദരോഗ വിദഗ്ദ്ധനുമായ ഡോ.എസ്.കെ. അജയ്യകുമാർ, നിംസ് മെഡിസിറ്റി നാച്ചുറോ പ്പതി ഹെഡ് ഡോ. ലളിത അപ്പുകുട്ടൻ, ജാക്ക്ഫ്രൂട്ട് 365   സ്ഥാപ കനും ബ്രാന്റ് അംബാസിഡറുമായ ജെയിംസ് ജോസഫ് എന്നിവർ അവതരിപ്പിക്കും.

 

പത്തായം പ്രകൃതിഭക്ഷണശാല ഡയറക്ടർ ഡോ. ഗംഗാധരൻ ചിന്നങ്ങത്ത്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ മുഖ്യ കാര്യദർശി കെ.ബി. മദൻമോഹൻ, മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘുരാമദാസ്, JPC ചെയർമാൻ  റൂഫസ് ഡാനിയേൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.


സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. സെമിനാറിൽ ആദ്യം പേര് രജിസ്റ്റർ ചെയ്ത്  പങ്കെടുക്കുന്ന 100 പേർക്ക്  Jackfruit 365 ചമ്പാ പുട്ടുപൊടിയും ചക്കപ്പുഴുക്കും മറ്റ് ചക്ക വിഭവങ്ങളും സൗജന്യമായി നൽകുന്നതാണ്. വിവരങ്ങൾക്ക്:   9497004409, 9249482511, 9072302707,

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment