ക്വാറികളെ പേടിച്ച് ഒരു സർക്കാർ സ്‌കൂൾ പൂട്ടുന്നു




സംസ്ഥാനത്ത് ഒരു സ്‌കൂൾ കൂടി പൂട്ടുന്നു. ഇത്തവണ സ്‌കൂൾ പൂട്ടുന്നത് പഠിക്കാൻ കുട്ടികളില്ലാത്തത് കൊണ്ടല്ല, മറിച്ച് ക്വാറികളുടെ ഭീഷണികൊണ്ട് ജീവഭയമില്ലാതെ പഠിക്കാൻ സാധിക്കാത്തതിനാലാണ്. കണ്ണൂർ പെടേന ഗവർമെന്റ് എൽ പി സ്‌കൂളാണ് കരിങ്കൽ ക്വാറികൾ മൂലം അപകടാവസ്ഥയിലായതിനാൽ പൂട്ടുന്നത്. ഇവിടെ നിന്നുള്ള അവസാന കുട്ടിയും കഴിഞ്ഞ ദിവസം പടിയിറങ്ങി.


കഴിഞ്ഞ ദിവസം സ്‌കൂൾ തുറന്ന് 11 മണിയോടെയയാണ് സ്‌കൂളിൽ ഉണ്ടായിരുന്ന 55 കുട്ടികളും പഠനം അവസാനിപ്പിച്ച് ഈ സർക്കാർ സ്‌കൂളിൽ നിന്നും പടിയിറങ്ങിയത്. ഭീഷണിയായി നാല് ക്വാറികളാണ് സ്‌കൂളിന് 500 മീറ്ററിനുള്ളിലായി പ്രവർത്തിക്കുന്നത്. പിന്നെ എങ്ങിനെ ആ കുരുന്നുകൾ അവിടെ ഇരുന്ന് പഠിക്കും. കുട്ടികളെ ഇനി ഇവിടേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കളും. അധ്യയന വർഷം പകുതിയോളം എത്തിയ ഈ സമയത്ത് ഈ കുട്ടികൾ ഇനി എന്ത് ചെയ്യും എന്ന ആശങ്കയും രക്ഷിതാക്കൾക്കുമുണ്ട്. എങ്കിലും കുഞ്ഞുങ്ങളുടെ ജീവനേക്കാൾ വലുതല്ലല്ലോ പഠനം.


കഴിഞ്ഞ ഒരു വർഷമായി അതീവ അപകടാവസ്ഥയിലാണ് സ്‌കൂൾ പ്രവർത്തിച്ച് വരുന്നത്. നാല് ക്വാറികളിലെയും സ്ഫോടനം മൂലം സ്‌കൂളിന്റെ ചുമരുകൾക്ക് വിള്ളലുകൾ വീണിട്ടുണ്ട്. ക്വാറികളിൽ നിന്ന് രൂക്ഷ മലിനീകരണവും ഉണ്ടാകുന്നുണ്ട്. ഇതുകാരണം നിരവധി കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടികൾക്ക് നൽകാനുള്ള ഉച്ചഭക്ഷണം സ്ഫോടനത്തെ തുടന്ന് ബെഞ്ചിൽ നിന്ന് മറിഞ്ഞ് വീണിരുന്നു. സ്‌ഫോടനത്തിൽ കരിങ്കൽ ചീളുകളെത്തുമെന്ന് കരുതി കുട്ടികൾക്ക് പുറത്തേക്ക് ഇറങ്ങാനും ഭയമാണ്.


അതേസമയം, സ്‌കൂളിൽ നിന്ന് പടിയിറങ്ങിയെങ്കിലും തങ്ങളുടെ അവസ്ഥ അറിയിക്കാനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജില്ലാ കളക്ടറെ കാണും. നേരത്തെ മുഖ്യമന്ത്രിക്ക് കുട്ടികൾ അവസ്ഥ വിശദീകരിച്ച് കൊണ്ട് കത്തെഴുതിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.


ഞങ്ങൾ ഭരണത്തിൽ വന്നാൽ പൂട്ടിയ സ്‌കൂളുകളെല്ലാം തുറക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ എത്തിയ സർക്കാരിന്റെ കാലത്ത് തന്നെയാണ് ഒരു സർക്കാർ പൂട്ടുന്നത്. അതും ക്വാറികളെ തുടർന്ന് എന്നത് സർക്കാരിന്റെ വൻവീഴ്ചയാണ്. ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ഉരുൾപൊട്ടലായി അനുഭവിക്കുമ്പോൾ തന്നെയാണ് ക്വാറികൾ മൂലം സ്‌കൂൾ വരെ പൂട്ടുന്ന അവസ്ഥയുണ്ടായിട്ടും നടപടി എടുക്കാതെ സർക്കാർ നോക്കി നിൽക്കുന്നത്.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment