കാവുകളുടെയും നാടിന്റെയും ജൈവ സംസ്‌കൃതി തിരിച്ചുപിടിക്കാനൊരുങ്ങി ക്ഷേത്ര കമ്മറ്റി




 കാസർഗോഡ്: കാഞ്ഞങ്ങാട് പുല്ലൂർ കൊടവലത്തെ നാട്ടുകാർ നാടിന്റെ ഹരിതാഭം നിലനിർത്താനുള്ള ഒരു പുതിയ ശ്രമത്തിലാണ്. നാടി​ന്റെ ജൈവ സംസ്കൃതി നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രദേശത്തെ ക്ഷേത്രങ്ങളുടെ കാവുകളെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുന്നത്. കൊടവലം മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്​. നാരായണിക്കാവ്, ശങ്കരൻകാവ്, മുളവിന്നൂർക്കാവ്, പരതാളിക്കാവ്, തച്ചർക്കാവ്, പോതീരെ കാവ് എന്നിവിടങ്ങളിലാണ് വനവത്​കരണവും സംരക്ഷണവും നടത്തുന്നത്.


അത്തി, ഇത്തി, ആൽ, അരയാൽ, വഹ്നി, മരുത്, ഇലഞ്ഞി, ചാക്കൊട്ട, കൂവളം തുടങ്ങിയ അന്യംനിന്നുപോകുന്ന വൃക്ഷലതാതികളെ കാവുകളിൽ നട്ട് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കാട്ടുമൂർത്തിയുടെ ആരൂഢ സ്ഥാനമായ എടമുണ്ടയിലെ പരതാളിക്കാവിൽ വൃക്ഷത്തൈകളുടെ നടീൽ നടന്നു. അരയേക്കറിലധികം വിസ്തൃതിയുള്ള കാവിൽ നൂറിലധികം മരത്തൈകളാണ് നട്ടത്. മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്.


കൊടവലം ക്ഷേത്രത്തിനു കീഴിൽ വിവിധ പ്രാദേശിക സമിതികൾ രൂപവത്​കരിച്ചാണ് കാവുകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. പാട്ട്യമ്മേരടുക്കം പ്രാദേശിക സമിതിയാണ് പരതാളിക്കാവി​ന്റെ സംരക്ഷണം നടത്തുന്നത്.


കാവ് വനവത്​കരിക്കുന്നതോടൊപ്പം അടുത്തഘട്ടമായി വീട്ടുപറമ്പിലും ചെറു വനതുരുത്തുകൾ ഒരുക്കാൻ  ക്ഷേത്ര നവീകരണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ക്ഷേത്ര നവീകരണ കമ്മിറ്റി ജനറൽ കൺവീനർ ടി.പി. രാമചന്ദ്രൻ, ചെയർമാൻ എൻ. ബാലകൃഷ്ണൻ, വർക്കിങ് ചെയർമാൻ ദാമോദരൻ നായർ, കൺവീനർമാരായ എം. ശ്രീധരൻ നമ്പ്യാർ, എം. സുരേഷ്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി മുങ്ങത്ത് ശ്രീനിവാസൻ, പ്രസിഡൻറ്​ കെ. ഉപേന്ദ്ര വാര്യർ തുടങ്ങിയവർ നേതൃത്വം നൽകി.


കടപ്പാട്: മാധ്യമം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment