കുടിവെള്ളത്തിനായി തോപ്പിൽ കോളനിയിൽ വീണ്ടും സമരം




കിളിമാനൂർ തോപ്പിൽ കോളനിയിൽ കുടിവെള്ളത്തിനായി വീണ്ടും സമരം തുടങ്ങി. സമരം കെ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബാബുജി, ഭീം ആർമി ജില്ലാ നേതാവ് രഞ്ജിനി, സജി ലാൽ, സേതു തുടങ്ങിയവർ സംസാരിച്ചു. നൂറോളം കുടുംബങ്ങളാണ് ഇനിയും വെള്ളത്തിനായി കാത്തിരിക്കുന്നത്. ദരിദ്ര ദളിത് കുടുംബാംഗങ്ങളായ ഇവർക്ക് വെള്ളം നൽകുന്നതിനെതിരെ എല്ലാ പാർട്ടികളും ഒരുമിച്ചാണ് നിൽക്കുന്നതെന്ന് സമര സമിതി ആരോപിക്കുന്നു.


ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ് കുടിവെളളം, അത് പോലും ഇത്രയും വർഷക്കാലമായി എത്തിക്കാൻ കഴിയാത്ത രാഷ്ട്രിയ പാർട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. ഇവർ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്കറിയാം. എന്തായാലും നമുക്കുവേണ്ടിയല്ല എന്നും. ഈ തിരിച്ചറിവിൽ മാത്രം ഒതുങ്ങി കൂടിയാൽ മതിയോ? -  സമര സമിതി ചോദിക്കുന്നു. ഈ ചോദ്യം തന്നെയാണ് പ്രത്യക്ഷ സമരത്തിലേക്ക് അവരെ എത്തിച്ചത്.


ജനകീയ മുന്നേറ്റ സമിതിയുടെ നേത്യത്വത്തിൽ ഒരു വർഷം മുൻപ് പട്ടിക ജാതി ബ്ലോക്ക് ഓഫീസിന് മുന്നിൽ ദിവസങ്ങളോളം കുത്തിയിരുപ്പ് സമരം നടത്തിയതിന് ശേഷമാണ് തോപ്പിൽ കോളനിയിൽ 24 കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചത്. സമരം മൂലമല്ലാതെ മുൻ മെമ്പർ രവിയോ മറ്റു നേതാക്കന്മാരുടെയോ ഇടപെടലിൽ അല്ല ഇവരിൽ കുറച്ച് പേർക്കെങ്കിലും വെള്ളം ലഭിച്ചത്. ഇനിയും 90 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കാനുണ്ട്. ഒരു നാട്ടിൽ കുടിവെള്ളം ഇല്ലാതെ ജനങ്ങൾ കഷ്ട്ടപെടുമ്പോൾ സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കൾ എകെആർ ക്വാറിക്ക് വേണ്ടി പണിയെടുക്കുകയായിരുന്നു എന്ന് സമര സമിതി ആരോപിക്കുന്നു. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്. ക്വാറിയുടെ പ്രവർത്തനം ജനവിരുദ്ധമാണെന്ന് പുതിയ മെമ്പർ ഗീതാകുമാരി പോലും പറയാൻ ധൈര്യപ്പെടില്ല. കാരണം അവരും രവിയറ പാതയിൽ നിന്നാണ് തുടങ്ങാനിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.


തോപ്പിൽ കോളനിയിലെ 21 കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചതിൽ രണ്ടു പേരുടെ കുടിവെള്ള പൈപ്പ് കണക്ഷൻ മുൻമെമ്പർ രവിയുടെ നേതൃത്വത്തിൽ ബിജെപി യുടെ ഗുണ്ട ജോയ് അടിച്ചു തകർക്കുകയാണ് ചെയ്തത്. ഇതിനെതിരെ കിളിമാനൂർ പോലീസിൽ കേസ് നില നിൽക്കുകയാണ്. എന്നാൽ പോലീസും ഇവരുടെ ഭാഗത്താണ്.


കുടിവെള്ളത്തിന് പണം നൽകിയില്ല എന്ന കാരണം പറഞ്ഞാണ് സീനയുടെയും മേസ്തിരി ആനന്ദന്റെയും കുടിവെള്ളം  മുടക്കിയത്. അതിന് വേണ്ടി സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടായി. എന്നാൽ ആർക്കാണ് പണം നൽകേണ്ടതെന്ന് സമര സമിതി നേതാക്കൾ ചോദിക്കുന്നു. സമരം ചെയ്‌ത്‌ നേടിയ ഈ കുടിവെള്ള പദ്ധതിക്ക് പൈസ നൽകണമെന്ന് ഒരു സർക്കാർ രേഖകളിലും പറയുന്നില്ല. പിന്നെ എന്തിനാണ് നമ്മൾ പണം നൽകേണ്ടതെന്നും ഇവർ ചോദിക്കുന്നു.


എത്രയും വേഗം തങ്ങളുടെ ആവശ്യം അംഗീകരിച്ച് ഉടൻ കുടിവെള്ളം എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. വേനൽ വരും നാളുകളിൽ രൂക്ഷമാകുമെന്നതിനാൽ ഇവരുടെ കുടിവെള്ളത്തിനായുള്ള ആശങ്കയും വർധിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment