കോന്നി പോലീസ് അദാനി ഗ്രൂപ്പിൻ്റെ കൂലിപ്പണിക്കാരാകരുത്




കലഞ്ഞൂർ, കൂടൽ വില്ലേജിലെ കാരക്കാകുഴി വിഴിഞ്ഞം അദാനി പോർട്ടിനു വേണ്ടിയുള്ള ഖനനത്തെ പറ്റിയുള്ള ജനാഭിപ്രായം രേഖപ്പെടുത്തൽ വേദിയിലെ അദാനിക്കായുള്ള ഗുണ്ടാ പ്രവർത്തനം വരാൻ പോകുന്ന മഹാ ദുരന്തത്തിൻ്റെ വ്യാപ്‌തി തെളിയിക്കുന്നതാണ്. പശ്ചിമ ഘട്ടത്തിൻ്റെ ബഫർ സോണിൽ പെടുന്ന പഞ്ചായത്ത്, ജില്ലയുടെ ജൈവ സുരക്ഷ ഒരുക്കി വരുന്നതിൽ അതിനിർണ്ണായക പങ്കു വഹിക്കുന്നത് അര ഡസൻ മലനിര കളിലൂടെയാണ്. ഇതു തിരിച്ചറിയുവാൻ കഴിവുള്ള നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മുന്നിൽ അവരുടെ പരിഭവങ്ങൾ ശാസ്ത്രീയമായും യുക്തി ഭദ്രമായും അവതരിപ്പിച്ചു.അവരുടെ നിശ്ചയ ദാർഷ്ഠ്യം നിറഞ്ഞു നിന്ന അഭിപ്രായത്താൽ സർക്കാരിൻ്റെ തീരുമാനത്തിൽ മാറ്റ മുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.പഞ്ചായത്തു പ്രസിഡൻ്റും19 വാർഡു മെമ്പർമാരും MLA, MP തുടങ്ങിയവരുടെ ശക്തമായ ഖനന വിരുധ നിലപാട് മലിനീകരണ ബോർഡിനു മുന്നിൽ പ്രകടമാക്കിയതിൽ നാട്ടുകാർക്ക് സന്തോഷമുണ്ട്. 

 


ഇന്നലെ പഞ്ചായത്ത് അതൃത്തിക്കു പുറത്തുള്ള വകയാറിൽ വെച്ച് നടത്തിയ പബ്ലിക് മീറ്റിങ്ങിൽ പങ്കെടുത്ത നൂറിലധികം ആളുകളിൽ നാലുപേർ മാത്രമാണ് ഖനനത്തെ ന്യായീകരിച്ചത്.ഇവർ എത്തിയത് അദാനി ഗ്രൂപ്പിൻ്റെ ഇടപെടലിൻ്റെ ഭാഗമായിട്ടാണ് എന്ന് പിന്നീട് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഖനനം അനുവദിക്കണം എന്ന് അഭിപ്രായപ്പെട്ട ശേഷം ഹാളിന് പുറത്ത് വന്ന അവർക്ക് ഖനന സ്ഥാപനങ്ങളുടെ ബന്ധുക്കൾ രൂപയും കിറ്റും നൽകു വാനുള്ള ശ്രമങ്ങൾ നടത്തി.അദാനിയുടെ വക്താക്കളുടെ ശബ്ദ രേഖ പുറത്തുവന്നതിനു ശേഷം നടന്ന ശ്രമത്തെ ചിത്രീകരിക്കാൻ ശ്രമിച്ച കാരക്കാ കുഴി മനുവിനെ കൈയ്യേറ്റം ചെയ്യുവാൻ കോന്നി പോലീസ് സ്റ്റേഷനിലെ അസി.സബ്.ഇൻസ്പെക്ടർ അൻസാരി മുതിർന്നു.ശ്രീ.മനുവിനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചത് ആർക്കു വേണ്ടിയായിരുന്നു ? അദാനി ഗ്രൂപ്പിൻ്റെ കൂലി പറ്റുന്ന ഗുണ്ടയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെയും അതിനു കൂട്ടുനിന്ന കോന്നി പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ വകുപ്പു പ്രകാരം കേസ്സ് എടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ഖനന മാഫിയകൾക്കുള്ള സ്വാധീനം പുറത്തു കൊണ്ടു വരുവാൻ സംസ്ഥാന വിജിലൻസ് സത്വര നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.

 


ജനകീയ അഭിപ്രായത്തെ വെല്ലുവിളിക്കുന്ന രീതിയിൽ അന്തരീക്ഷം ഒരുക്കുവാനായി എത്തിയ ഖനന രംഗത്തു ബന്ധമുള്ള വ്യക്തികളുടെ പരാതി സ്വീകരിച്ച പോലീസ് ശ്രീ.മനുവിൻ്റെ ഫോൺ കോന്നി പോലീസ് ഓഫീസിൽ പിടിച്ചു വെച്ചിരിക്കുന്നു.പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകളും അദാനി ഗ്രൂപ്പിൻ്റെ കൂലിപ്പണിക്കാരുടെ സംഭാഷണവും ബന്ധപ്പെട്ടവർ പരിശോധിക്കണം.പൊതു വികാരത്തെ വെല്ലു വിളിച്ച പോലീസ് ഇടപെടലിനെതിരെ കോന്നി MLA പരാതി നൽകി എന്നറിയുവാൻ കഴിഞ്ഞു.പോലീസ് കംപ്ലെൻ്റ് അതോറിട്ടിക്ക് പരാതി കൊടുക്കുവാൻ നാട്ടുകാർ തയ്യാറെടുക്കുകയാണ്.


കലഞ്ഞൂർ പഞ്ചായത്തിൻ്റെ നിലനിൽപ്പിനെ അവതാളത്തിലാക്കുന്ന ഖനനങ്ങളുടെ വ്യാപ്തി വർധിക്കുന്നത് 8000 കുടുംബങ്ങളുടെ ജീവിക്കുവാ നുള്ള അവകാശത്തെയാണ് വെല്ലു വിളിക്കുന്നത്.അദാനിയുടെ സാമ്പത്തിക ലാഭത്തെ മാത്രം ലാക്കാക്കി ഒരു ഗ്രാമത്തെ കൂടി കുരുതി കൊടുക്കുവാൻ കലഞ്ഞൂർ ഗ്രാമം അനുവദിക്കില്ല എന്നറിയുന്നതിൽ സന്താേഷവും അഭിമാനവുമുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment