പോബ്സൺ ക്രഷറിന് സമീപം ഭൂമി വിണ്ടുകീറി ; ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു




മലപ്പുറം : വെട്ടത്തൂർ പഞ്ചായത്തിൽ തേലക്കാട് പോബ്സൺ ക്രഷർ യൂണിറ്റിന് സമീപം കുന്നിൻചെരുവിൽ ഭൂമി വിണ്ടുകീറി. ഏതു നിമിഷവും കുന്നിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥലത്ത് ആർ.ഡി.ഓ അടക്കമുള്ള റവന്യൂ സംഘം പരിശോധന നടത്തുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ജനങ്ങൾ ഭീതിയിലാണെന്നും പ്രദേശവാസികൾ പറഞ്ഞു. 

 

ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കണമെന്നാണ് റവന്യൂ സംഘത്തിന്റെ നിർദ്ദേശമെന്ന് വെട്ടത്തൂർ പഞ്ചായത്ത് അംഗം ഹരീഷ് ഗ്രീൻറിപ്പോർട്ടറോട് പറഞ്ഞു. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഉള്ള തോട് റോഡ് കവിഞ്ഞു ഒഴുകുകയാണെന്നും, ക്വാറിയിൽ നിന്നുള്ള വേസ്റ്റ് തോട്ടിൽ അടിഞ്ഞുകൂടിയതാണ് ഇതിന്റെ കാരണമെന്ന് നാട്ടുകാർക്ക് പരാതിയുണ്ടെന്നും, അടിയന്തിര സാഹചര്യം പരിഗണിച്ച് ക്രഷർ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകുന്ന കാര്യം പഞ്ചായത്ത് കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയുടെ മറുവശത്തായാണ് വർഷങ്ങളായി പോബ്സൺ ഗ്രൂപ്പിന്റെ ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലമാണ്. ഈ പ്രദേശത്താണ് ഇപ്പോൾ ഭൂമി വിണ്ടുകീറി ഏതു നിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. കേരളത്തിലെ പ്രമുഖ എം സാൻഡ് നിർമ്മാതാക്കളും ക്വാറി വ്യവസായികളുമാണ് പോബ്സൺ ഗ്രൂപ്പ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment