മാനന്തവാടി, ബത്തേരി മേഖലകൾ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാകും




കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 3.5 കിലോമീറ്റര്‍ വായു പരിധിവരെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച്‌ കരട് വിജ്ഞാപനമിറങ്ങി. മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 119 സ്ക്വയര്‍ കിലോമീറ്റര്‍ പരിസ്ഥിതി ദുർബല മേഖലയാകും. ഇതോടെ ഭൂമിയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരും. വന്‍കിട നിര്‍മ്മാണങ്ങളും ഖനന പ്രവര്‍ത്തനങ്ങളും പൂര‍്ണ്ണമായും നിരോധിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്.


ജനുവരി 28നാണ് ഗസറ്റ് വിജ്ഞാപനമിറങ്ങിയത്. കരട് വിജ്ഞാപനമിറങ്ങി 60 ദിവസത്തിനുള്ളില്‍ പരാതികളറിയിക്കാം. 60 ദിവസത്തിനു ശേഷം പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല മേഖലയാവും. കരട് വിജ്ഞാപനം പ്രകാരം ബത്തേരി, കാട്ടിക്കുളം ടൗണുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലകളാകും.


വിവിധ ഖനന പ്രവര്‍ത്തികള്‍, പാറമടകള്‍, ക്രഷര്‍ എന്നിവ പൂര്‍ണമായും നിരോധിക്കും. മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ നിരോധിക്കും.


ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതികള്‍ സ്ഥാപിക്കാനാവില്ല. തടി മില്ലുകള്‍ നിരോധിക്കും. പഴയ തടി മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പാടില്ല. വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ പുതിയ ഹോട്ടലുകളും റിസോര്‍ട്ടുകളും പാടില്ല. ഒരു കിലോമീറ്റര്‍ പരിധിയില്‍ വ്യവസായിക ആവശ്യത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിരോധിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പരിസ്ഥിതി ദുര്‍ബല മേഖലയിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പാടില്ല. പരിസ്ഥിതി ദുര്‍ബല മേഖലയിലെ ജൈവ കൃഷികള്‍ പ്രോത്സാഹിപ്പിക്കുമെന്നും വിജ്ഞാപനം പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment