പരിസ്ഥിതി സൗഹൃദ  ടൂറിസം പ്രായോഗികമാക്കാൻ മിയാവാക്കി വനവുമായി ഒരു ഗ്രാമം




ഒരു ഗ്രാമം പരിസ്ഥിതി സൗഹൃദ  ടൂറിസം എങ്ങനെ പ്രായോഗികമാക്കണം എന്നതിന് രാജ്യത്തിനുതന്നെ മാതൃകയാവുകയാണ് വാരണാസിയിലെ ഒരു ഗ്രാമം. 36 ഹെക്ടർ വരുന്ന പ്രദേശത്ത് മിയാവാക്കി വനം വികസിപ്പിച്ചെടുത്താണ് പരിസ്ഥിതിക്ക് ഈ ഗ്രാമം മുതൽകൂട്ടായിരിക്കുന്നത്. ടൂറിസം മേഖല വികസിപ്പിക്കാനുള്ള സാധ്യതകൾ ഫലപ്രദമാക്കാൻ വേണ്ടിയാണ് മിയാവാക്കി വനം വെച്ചുപിടിപ്പിക്കുന്നത്. 


അധികം വിസ്തീർണ്ണം ഇല്ലാത്ത പ്രദേശങ്ങളിൽ  വനങ്ങൾ വളർത്തിയെടുക്കുന്നതിനായി ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി രൂപം നൽകിയ മാതൃകയാണ് മിയാവാക്കി  വനങ്ങൾ. ഓരോ നാട്ടിലേയും തനത് മരങ്ങൾ അധികം അകലം ഇല്ലാതെ നട്ടുവളർത്തുന്നതാണ് മിയാവാക്കി രീതിയുടെ പ്രത്യേകത. ഇതിലൂടെ മരങ്ങൾ വളവുകൾ ഇല്ലാതെ ഒരേ നിലയിൽ നേരെ വളർന്ന് മനോഹരമായ ദൃശ്യഭംഗി സമ്മാനിക്കും. മരങ്ങളുടെ വളർച്ച വേഗത്തിലാക്കാനും മിയാവാക്കി മാതൃക സ്വീകരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തൽ. 


മിയവാക്കി രീതി പിന്തുടർന്ന് മരങ്ങൾ നട്ടു പിടിപ്പിച്ചാൽ ആദ്യത്തെ മൂന്നു വർഷത്തിനു ശേഷം കാര്യമായ പരിപാലനം ആവശ്യമില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. താരതമ്യേന ചെറിയ പ്രദേശങ്ങളിൽ  ഒരു വനത്തിന് അന്തരീക്ഷം ഒരുക്കിയെടുക്കാൻ ഇത് സഹായിക്കും. 2021 ജൂലൈ മാസത്തോടെ ഉണ്ടിയിലെ മിയാവാക്കി വനത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. 


ജാവുൻപൂർ റോഡ് മുതൽ ഗാസിപൂർ റോഡ് വരെയുള്ള ആറു കിലോമീറ്റർ പ്രദേശത്താണ് മിയാവാക്കി വനം ഒരുക്കുന്നത്. വിനോദസഞ്ചാരികൾക്കായി വനത്തിനു സമീപത്തുകൂടി സൈക്കിൾ സവാരി നടത്താനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ദേശാടന പക്ഷികളെ ആകർഷിക്കുന്നതിനായി ആറ് കുളങ്ങളും നിർമിക്കപ്പെടുന്നു. സഞ്ചാരികൾക്ക് പക്ഷി നിരീക്ഷണത്തിനും വനത്തിനു നടുവിൽ ബോട്ടിംഗ് നടത്തുന്നതിനുമുള്ള സൗകര്യങ്ങളുമുണ്ടാകും. ഇതിനെല്ലാം പുറമേ താമര കുളങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ തടി കൊണ്ട് നിർമ്മിക്കുന്ന പാലവും വിശാലമായ പൂന്തോട്ടവും  പദ്ധതിയുടെ ഭാഗമായി   ഒരുക്കുന്നുണ്ട്.


മിയവാക്കി വനമേഖലയിൽ സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഉണ്ടി ഗ്രാമത്തിലെ ടൂറിസം മേഖലയും മിയാവാക്കി വനത്തിന്റെ വളർച്ചയ്ക്കൊപ്പം ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.  ടൂറിസം മേഖലയ്ക്ക് ഉപകാരപ്രദമാകുന്നതിനുപുറമേ മണ്ണൊലിപ്പ് തടയാനും ഭൂമിയിൽ ജലാംശം നിലനിർത്താനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമെല്ലാം വനം സഹായകരമാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment