നാട്ടുഭക്ഷണത്തിൻ്റെ നന്മയിലേക്കൊരു യാത്ര - നാട്ടറിവ് പഠന കളരി 




മൂഴിക്കുളം ശാലയിൽ നടന്ന് വരുന്ന ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠം - നാട്ടറിവ് പഠന കളരിയുടെ മൂന്നാം ദിവസത്തെ റിപ്പോർട്ട്. 
എഴുതിയത് - ഡോ.എം. എച്ച്.രമേശ് കുമാർ എഴുതിയ റിപ്പോർട്ട് 


മൂഴിക്കുളം ശാല ജൈവ കാമ്പസിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാട്ടറിവു പ0നക്കളരിയിൽ ഇന്നലെ നാട്ടുഭക്ഷണത്തിൻ്റെ നന്മയിലേക്കുള്ള യാത്രയായിരുന്നു. ആധുനികവൽക്കരണത്തിൻ്റെ പ്രശ്നങ്ങളും, രോഗികളുടെ സ്വന്തം നാടായി കേരളം എങ്ങനെ മാറുന്നുവെന്നും വിവരിക്കുന്ന അവതരണം കൂടിയായിരുന്നു ക്യാമ്പസ് ഡയറക്ടർ കൂടിയായ ശ്രീ. ടി ആർ പ്രേംകുമാർ നടത്തിയത്.
      

സൈദ്ധാന്തികമായ വാചാടോപം മാത്രമല്ല, ഇതിൻ്റെ പ്രയോഗ കവൽക്കരണ സാധ്യതകൾ അന്വേഷിക്കുന്ന പാഠശാല കൂടിയാണ് മൂഴിക്കുളം കാമ്പസ് . സിദ്ധാന്തത്തേയും പ്രയോഗത്തേയും സമന്വയിപ്പിച്ച് അറിവ് രൂപീകരിക്കുകയും ഇതുവഴി സാമൂഹ്യ പുരോഗതി സാധ്യമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. അതിൻ്റെ നേർ ചിത്രമാണ് കാർബൺ ന്യൂട്രൽ അടുക്കള നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.


പഴയ അടുക്കളയിൽ നിന്ന് പുതിയ അടുക്കളയിലേക്ക് വന്നപ്പോൾ സംഭവിച്ച അപചയമാണ് ജീവിത ശൈലി രോഗങ്ങളിലേക്ക് കേരളീയ സമൂഹത്തെ കൊണ്ടു പോകുന്നത്. അമ്മുമ്മ വൈദ്യത്തിൻ്റെയും ഗൃഹവൈദ്യത്തിൻ്റെയും ഇടമായിരുന്ന അടുക്കളയെ വിപണി മൂല്യങ്ങൾ കീഴടക്കിയിരിക്കുന്നു. ഒരു ദിവസത്തെ ആഹാരം ഒറ്റ പ്രാവശ്യം കൊണ്ട് പാചകം ചെയ്ത് തീർക്കുന്ന രീതിയായിരുന്നില്ല നമ്മുടെ പൂർവ്വികരുടേത്. ഓരോ നേരവും ഓരോ പാചകമായിരുന്നു. ഇപ്പോൾ ഒരു നേരം മാത്രം പാചകവും ഹോട്ടൽ ഭക്ഷണവും ഓൺലൈൻ ഭക്ഷണവിതരണവും ഒക്കെയായി മാറി. പഴയ അടുക്കളയെ തിരിച്ചു പിടിച്ചാൽ ആരോഗ്യ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും നാട്ടറിവിനെയും നമ്മുടെ സ്വപ്നങ്ങളെ തന്നെയും പുന:സൃഷ്ടിക്കാൻ കഴിയും.


നാട്ടുഭക്ഷണത്തിന് സ്വാഭാവികമായ ഗന്ധമുണ്ടായിരുന്നു. ചക്ക വിരിയുന്നതിൻ്റെയും മാവു പൂക്കുന്നതിൻ്റെയും മാങ്ങാച്ചുനയുടെയും കൈതച്ചക്കയുടെയും കൈനാറിയുടെയും ഗന്ധവും ധനുമാസത്തിൽ പൂക്കുന്ന പാലപ്പൂവിൻ്റെയും ഇലഞ്ഞിപ്പൂവിൻ്റെയും മാദക ഗന്ധവും പുതുതലമുറക്ക് അന്യമായിരിക്കുന്നു.


ഇഡ്ഡലിയുടെ ഗന്ധത്തിൽ നിന്നായിരുന്നു അത് വെന്തിരുന്നോ / പാകമായോ എന്ന് തിരിച്ചറിഞ്ഞിരുന്നത്. ഓണക്കാലത്തെ അടയുടെ ഗന്ധം നിർവചനാതീതമാണ്.ഇതിലേക്ക് അടുക്കളയെയും നമ്മുടെ ജീവിതത്തെയും തിരിച്ചു നടത്തണം. ഇത് തിരിച്ചറിയുമ്പോൾ സ്വസ്ഥത നശിക്കുകയും തലക്ക് തീപിടിക്കുകയും ചെയ്യും. സ്വയം വെളിച്ചമായി മാറിക്കൊണ്ട് സാമൂഹ്യ മാറ്റമുണ്ടാക്കാൻ അത്തരക്കാർക്കെ കഴിക്കൂ.അത്തരം മനസുള്ളവരെ സൃഷ്ടിക്കുകയാണ് കേരളം അനുഭവിക്കുന്ന സർവ്വതലസ്പർശിയായ പ്രതിസന്ധിക്കുള്ള പോംവഴി.


ഇന്നത്തെ ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം ആശുപത്രിയിലേക്കുള്ള ക്ഷണക്കത്തുകൾ ആണ്. ഈ പ്രതികൂലമായ മാറ്റമാണ് കേരളീയരുടെ ആരോഗ്യത്തെ ബാധിച്ചതും രോഗികളുടെ സ്വന്തം നാടായി കേരളത്തെ മാറ്റിയതും. പുതിയ തലമുറകൾക്ക് മാർഗനിർദ്ദേശം നൽകിയിരുന്ന പഴയ മാതൃകകൾ നശിച്ചിരിക്കുന്നു. അത് കേരളീയ കുടുംബ ജീവിതത്തെ ഒട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഗോപൻചേട്ടൻ എന്ന അമ്മാവനിലൂടെ കഥകളും പഴഞ്ചൊല്ലും പറഞ്ഞു തന്ന, കേട്ടെഴുത്തിട്ടിരുന്ന, നല്ല രീതിയിൽ പാചകം ചെയ്തിരുന്ന ഒരു മാതൃകാ വ്യക്തിത്വത്തെ വരച്ചിടുകയായിരുന്നു. അത്തരം മാതൃകകളുടെ അഭാവം കേരളത്തിൻ്റെ സ്വാസ്ഥ്യത്തെയും സാമൂഹ്യ ജീവിതത്തിൻ്റെ ആരോഗ്യത്തെയും തകർത്തു കൊണ്ടിരിക്കുകയാണ്.


ഓരോ വീടും ഓരോ വിദ്യാലയമാണെന്നും മാതാപിതാക്കൾ അധ്യാപകരാണെന്നുമുള്ള ഗാന്ധിജിയുടെ വാക്കുകൾ വളരെ പ്രസക്തമാകുന്ന കാലമാണിത്. പഴയ കാലത്ത് 5 വയസു വരെ സ്വാഭാവികമായി അറിവ് പകർന്നിരുന്നു. അതില്ലാതായതിൻ്റെ ദുരവസ്ഥ ONV കുറുപ്പിൻ്റെ "കുഞ്ഞേടുത്തി" എന്ന കവിതയിലൂടെ അവതരിപ്പിച്ചത് നവ്യാനുഭവമായി..

     
ഓരോ കാലത്തിനും യോജിച്ച, ലളിതമായ, ആരോഗ്യദായകമായ ഭക്ഷണമായിരുന്നു മലയാളി കഴിച്ചിരുന്നത് എന്നു വിളിച്ചു പറയുന്ന മുമ്മാസപ്പാട്ട് പ്രസക്തമാകുന്ന കാലം കൂടിയാണിത്. 
"ചക്കയും മാങ്ങയും മുമ്മാസം
ചേനയും ചേമ്പുംമുമ്മാസം
താളും തകരയുംമുമ്മാസം
അങ്ങനെ ഇങ്ങനെ മുമ്മാസം"..... ഈ പാട്ട് സൂചിപ്പിക്കുന്നത് നാടൻ വിഭവങ്ങൾ കൊണ്ട് അടുക്കളയിൽ സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്ത ഭൂതകാലമാണ്. ഒരു വർഷത്തെ മെനുവാണിത്.


നാട്ടുവൈദ്യൻമാർ കേരളത്തിലെ നാട്ടുകാഴ്ചയായിരുന്നു. മരുന്നിനായി കുപ്പിയുമായി നിൽക്കുന്നവർ അവിടെയുണ്ടായിരുന്നു. പത്തു രൂപക്കും ഇരുപത് രൂപക്കും മരുന്നു നൽകിയ ഇടമായിരുന്നു ആശുപത്രികൾ. ഇന്ന് പഞ്ചനക്ഷത്ര ആശുപത്രികളും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഇതി ൻ്റ ഒക്കെ സ്ഥാന മ പ ഹരിച്ചിരിക്കുന്നു. അപ്പോൾ മലയാളി രോഗിയായും കേരളീയ സമൂഹം രോഗാതുരവുമായും മാറി ..


നല്ല വിഭവങ്ങൾ പാചകം ചെയ്യുന്ന രീതിയും പരിചയപ്പെടുത്തുന്ന വിധത്തിലാണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്.നെല്ലിക്കയും ഉള്ളിയും ഉപ്പും കറിവേപ്പിലയും അല്പം വെളിച്ചെണ്ണയുമൊഴിച്ചാൽ തൊടുകറിയായി. ഈ തൊടുകറിയെ നാളീകേരം അരച്ച് ചമ്മന്തിയാക്കി മാറ്റിയാൽ അത് മറ്റൊരു വിഭവമായി. ചമ്മന്തിയിൽ തൈര് ഒഴിച്ച് കടുകു വറത്താൽ മോരുകറിയുമായി.


നാളീകേരം, ജീരകം, കറിവേപ്പില മഞ്ഞൾപ്പൊടി, തൈര് ഇവ ചേർത്ത് പച്ചടി ഉണ്ടാക്കാമെന്നും, പച്ചടിയിൽ ജീരകത്തിനു പകരം കടുക് അരച്ചാൽ കിച്ചടിയാകുമെന്നും ഇതിനെ അവിയലാക്കാമെന്നും, മോരുകറിയുമുണ്ടാക്കാമെന്നും പറഞ്ഞ് മുന്നോട്ട് നീങ്ങിയ ക്ലാസ് പഴയ അടുക്കളയുടെ ലാളിത്യത്തിലേക്കും സുഗന്ധത്തിലേക്കും ഉള്ള യാത്രയായി മാറി.


അടുക്കളയെ സർഗാത്മകതയുടെയും നല്ല പരീക്ഷണങ്ങളുടെയും ഇടമായി മാറ്റേണ്ടതിൻ്റെ ആവശ്യകതക്ക് അടിവരയിടുന്നതായി മാറി നാട്ടറിവു പ0നക്കളരിയിൽ ശ്രീ TR പ്രേംകുമാർ നടത്തിയ അവതരണം. കഥയെഴുതുന്നതുപോലെയും നോവലും കവിതയും രചിക്കുന്നതു പോലെയുമുള്ള സർഗാൽമക പ്രവൃത്തി തന്നെയാണ് പാചകം. വാക്കുകൾ മാറ്റി മറിച്ച് കവിത രചിക്കുന്ന കവിയെപ്പോലെയാകണം പാചകം ചെയ്യുന്നയാളും. യാന്ത്രികമായി നടത്തുന്ന പ്രവർത്തിയല്ല, ആഹ്ലാദത്തോടെയും സമർപ്പണബോധത്തോടെയും നടത്തുന്ന സർഗാൽമക പ്രവൃത്തിയാണിത്. ഇതിലൂടെ പഴയ അടുക്കളയുടെ നന്മകളെയും നാടൻ ഭക്ഷണത്തെയും നമ്മുടെ തീൻമേശയിലേക്ക് കൊണ്ടുവന്നെങ്കിൽ മാത്രമെ ആരോഗ്യ കേരളം സൃഷ്ടിക്കാൻ കഴിയൂ എന്ന ബോധം പകർന്നു നൽകാൻ കഴിഞ്ഞത് ശ്രീ. ടി ആർ പ്രേംകുമാറിൻ്റെ അവതരണത്തിൻ്റെ മേന്മയായി മാറി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment