മധ്യപ്രദേശിൽ ഒരാഴ്ച്ചക്കിടെ പിറന്നത് 11 കടുവ കുട്ടികൾ




മധ്യപ്രദേശിലെ മൂന്ന് ദേശീയ പാര്‍ക്കുകളില്‍ നിന്നായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ 11 പുതിയ കടുവ കുട്ടികളെ കണ്ടെത്തി. പുതിയതായി കണ്ടെത്തിയ കടുവക്കുട്ടികളില്‍ അഞ്ചെണ്ണം പന്നാ കടുവാ സങ്കേതത്തിലാണ്. നൗറാദേഹി, രതപാനി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് കടുവക്കുട്ടികളെ വീതം കണ്ടെത്തി. കടുവകളുടെ സംരക്ഷണം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിൽ കണ്ടെത്തിയ ഈ കടുവ കുട്ടികൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്.


മെയ് 9 ന് നൗറാദേഹിയില്‍ കണ്ടെത്തിയവയാണ് സംസ്ഥാനത്ത് 3 വര്‍ഷങ്ങള്‍ക്കിടെ ജനിക്കുന്ന ആദ്യത്തെ കുട്ടികള്‍ .കന്‍ഹ, ബന്ധവ്ഘട്ട് എന്നീ കടുവാസങ്കേതങ്ങളില്‍ നിന്നായി ഇവിടേക്കെത്തിച്ച രാധാ, കൃഷ്ണ എന്നീ കടുവകള്‍ക്കാണ് ഈ കുട്ടികള്‍ ജനിച്ചത്. പന്നാ കടുവാ സങ്കതത്തില്‍ അധികൃതര്‍ കോളര്‍ നല്‍കി നിരീക്ഷിച്ചു പോരുന്ന കടുവാ ദമ്പതികള്‍ക്കാണ് രണ്ട് കുട്ടികള്‍ പിറന്നത്. കോളറില്ലാത്ത മറ്റൊരു കടുവാ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളും പിറന്നു. ഇവ കൂടാതെ രതപാനി, ഉബൈദുള്ളഗഞ്ച് എന്നീ കടുവാസങ്കേതങ്ങളിലും പുതിയ കുട്ടികളെ അധികൃതര്‍  ഈ വർഷം ആദ്യം കണ്ടെത്തിയിരുന്നു. ഇവ കൂടി ചേർത്താൽ ഈ വർഷം ഇതുവരെ 23 കടുവ കുട്ടികൾ ജന്മമെടുത്തിട്ടുണ്ട്. അതേസമയം, കടുവാക്കുട്ടികളെ കാണപ്പെട്ട മേഖലകളെല്ലാം തന്നെ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. 


പന്നാ കടുവ സങ്കേതത്തിൽ വീണ്ടും പുതിയ കടുവകൾ ജനിച്ചത് പ്രകൃതിക്ക് മൃഗസംരക്ഷണം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഏറെ സന്തോഷം പകരേണ്ട കാര്യമാണ്. ഒരിക്കൽ, നിരന്തരമായ വേട്ടയും വനനശീകരണവും മൂലം പന്ന കടുവാസങ്കേതത്തിലെ കടുവകള്‍ പൂര്‍ണമായും ഇല്ലാതായിരുന്നു. പിന്നീട് മറ്റു കടുവാ സങ്കേതങ്ങളിൽ നിന്ന് പന്നാ സങ്കേതത്തിലേക് കടുവകളെ കൊണ്ടുവന്ന വീണ്ടും ഈ കടുവാ സങ്കേതം വികസിപ്പിച്ച് കൊണ്ടുവരികയായിരുന്നു. അതിനിടെയാണ് ഈ പുതിയ കടുവക്കുട്ടികൾ അതിഥികളായി എത്തുന്നത്. നിലവിൽ 52 കടുവകളാണ് പന്ന കടുവ സങ്കേതത്തിലുള്ളത്.


ഒരേസമയം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കടുവകളുടെ സംരക്ഷണം ആശങ്കയും പരത്തുന്നുണ്ട്. ആ ആശങ്കയെ ശരിവെക്കുന്നതാണ് ഓരോ വർഷവും നഷ്ടപ്പെടുന്ന കടുവകളുടെ എണ്ണം. 2019 ല്‍ മാത്രം ഇതുവരെ സംസ്ഥാനത്ത് കൊല്ലപ്പെട്ട നിലയിലും ജീവൻ നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയത് 14 കടുവകളെയാണ്. 2014 ല്‍ നടന്ന സെന്‍സസില്‍ 308 കടുവകളാണ് മധ്യപ്രദേശിലെ ആറ് കടുവാസങ്കേതങ്ങളിലായി ഉള്ളത്. 2018 ല്‍ നടത്തിയ സെന്‍സസിന്‍റെ കൃത്യമായ കണക്കുകൾ പുറത്ത് വിട്ടില്ലാത്തതിനാൽ കടുവകളുടെ എണ്ണത്തിൽ വർധനവാണോ കുറവാണോ ഉണ്ടായതെന്ന് കൃത്യമായി പറയാൻ സാധിക്കില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment