പൊന്തൻപുഴ വനമേഖലയിൽ ഖനനം തകർക്കുന്നു ; പൊടിശല്യത്തിൽ സഹികെട്ട നാട്ടുകാർ ടിപ്പർ ലോറികൾ തടഞ്ഞു
പൊടിശല്യം കൊണ്ട് സഹികെട്ട് നാട്ടുകാർ ക്വാറിയിൽ നിന്നുള്ള ടിപ്പർ ലോറികൾ തടഞ്ഞു. പത്തനംതിട്ട പെരുമ്പെട്ടിയിലെ അമിറ്റി റോക്ക്‌സിൽ നിന്ന് കരിങ്കൽ ഉൽപ്പന്നങ്ങളുമായി ചീറിപ്പായുന്ന ടിപ്പർ ലോറികളാണ് നാട്ടുകാർ തടഞ്ഞത്. പൊന്തൻപുഴ വനഭൂമിയോട് ചേർന്ന് പ്രവർത്തിക്കുന്ന വമ്പൻ ക്വാറിയാണ് അമിറ്റി റോക്ക്സ്. പ്രളയത്തെ തുടർന്ന് ഖനനം നിരോധിച്ച് കൊണ്ട് കളക്ടർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇത് ലംഘിച്ച് അമിറ്റി റോക്ക്സ് വൻതോതിൽ പാറ പൊട്ടിച്ച് കടത്തിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നിർത്തിവെച്ചെങ്കിലും ഖനന നിരോധനം നീക്കിയതോടെ ഇപ്പോൾ പൂർവ്വാധികം ശക്തിയായി പാറ പൊട്ടിക്കൽ തുടരുകയാണ്. 

 

അമിറ്റിയിൽ നിന്ന് പാറയുമായി ചീറിപ്പായുന്ന ടിപ്പർ ലോറികൾ ഉണ്ടാക്കുന്ന പൊടിശല്യം മൂലം സഹികെട്ട പെരുമ്പെട്ടിയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ ടിപ്പർ ലോറികൾ തടയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും റോഡ് നനച്ച് കൊടുക്കാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കി ലോറികൾ പറഞ്ഞയക്കുകയായിരുന്നുവെന്ന് പൊന്തൻപുഴ വന സംരക്ഷണ സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി പറഞ്ഞു. പൊന്തൻപുഴ വനത്തിൽ നിന്ന് അൻപത് മീറ്റർ പോലും അകലം ഇല്ലാതെയാണ് അമിറ്റി റോക്ക്സ് പാറ പൊട്ടിച്ച് കൊണ്ടിരുന്നത്. ഹൈക്കോടതിയിൽ നടത്തിയ നിയമയുദ്ധത്തെ തുടർന്ന് ഇടക്കാലത്ത് ഇവിടെ ഖനനം നിരോധിച്ചിരുന്നു. 

 

പൊന്തൻപുഴ വനം സ്വകാര്യ വ്യക്തികളുടെ കൈവശമാകുന്നതോടെ ഏറ്റവും ഗുണം ചെയ്യുന്നത് അമിറ്റി പോലുള്ള വൻകിട ക്വാറി ഉടമകൾക്കാണ്. വനത്തിനുള്ളിലെ വമ്പൻ പാറകളിലാണ് ക്വാറി മാഫിയയുടെ കണ്ണ് . മുൻപ് ഉരുൾ പൊട്ടലുണ്ടായ സ്ഥലമാണ് പൊന്തൻപുഴ വനത്തോട് ചേർന്ന ആവോലിമല. കഴിഞ്ഞ പ്രളയ കാലത്ത് വലിയ ദുരിതം നേരിട്ട സ്ഥലമാണ് അമിറ്റി റോക്ക്സ് ഉൾപ്പെടുന്ന പ്രദേശം. ഇതൊന്നും വകവെക്കാതെയാണ് ഇവിടെ ഇപ്പോഴും നിർബാധം ഖനനം തുടരുന്നത്. പ്രളയം കനത്ത നാശം വിതച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെ പത്തനംതിട്ടയിൽ പലയിടത്തും അനധികൃത പാറ ഖനനം നടക്കുകയാണ്. കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് അമിറ്റി റോക്സിനും ഖനനാനുമതി നൽകിയിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment