വെള്ളച്ചാട്ടം ഇല്ലാതാക്കി ക്വാറി തുറക്കാനുള്ള നീക്കത്തിനെതിരെ ആക്കൽ പ്രദേശത്തെ ജനത സമരത്തിൽ




ജനവാസമേഖലയിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സമരത്തിൽ. കൊല്ലം ജില്ലയിലെ ആക്കൽ പ്രദേശത്താണ് പുതിയ ക്വാറിക്കായി സ്വകാര്യ വ്യക്തി നീക്കം നടത്തുന്നത്. പ്രകൃതിസൗന്ദര്യം നിറഞ്ഞ ആക്കൽ വട്ടക്കയം വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പാറയാണ് പൊട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നത്. പാറപ്പരപ്പിലൂടെ ഇത്തിക്കരയാർ വട്ടം കറങ്ങി ഒഴുകുന്ന ഇവിടെ നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രദേശമാണ്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയാണിത്. സ്വകാര്യ വ്യക്തിയുടെ കൈവശമിരിക്കുന്ന 11 ഏക്കർ ഭൂമിയിലെ പാറ പൊട്ടിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ചുറ്റുമുള്ള വ്യക്തികളുടെ ഭൂമിയും വിലയ്ക്ക് വാങ്ങാൻ തകൃതിയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ആവശ്യത്തിനായി അദാനി കമ്പനിക്ക് വേണ്ടിയാണ് ക്വാറി തുടങ്ങുന്നതെന്നാണ് സ്വകാര്യ വ്യക്തി നാട്ടുകാരോട് പറഞ്ഞിരിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ പ്രവർത്തകർ പറഞ്ഞു. 

 

നാടിൻറെ പൊതുസ്വത്തായ വെള്ളച്ചാട്ടം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രദേശവാസികൾ സമരരംഗത്ത് വന്നു കഴിഞ്ഞു. ആക്കൽ ആക്ഷൻ കൗൺസിൽ എന്ന പേരിൽ സമരസമിതി ആരംഭിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആക്കൽ ജംഗ്‌ഷനിൽ വിശദീകരണ യോഗവും സംഘടിപ്പിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതി ജനറൽ കൺവീനർ എസ്.ബാബുജി യോഗം ഉദ്‌ഘാടനം ചെയ്തു. മഹാപ്രളയത്തിൽ നിന്ന് പാഠം പഠിക്കാതെ നാടിനെ തകർക്കുന്ന ഖനന പരിപാടികൾക്ക് എല്ലാ ഒത്താശയും ഭരണകൂടം ചെയ്തു കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി കൺവീനർ അഡ്വ.വി.കെ സന്തോഷ്‌കുമാർ, എ. കബീർ തുടങ്ങിയവർ സംസാരിച്ചു. 

സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരുമടക്കം നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത സ്ത്രീകളുടെ ചിത്രം പകർത്തി ഭീഷണി പെടുത്താനുള്ള ക്വാറി തുടങ്ങാനിരിക്കുന്ന സ്ഥല ഉടമയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. യോഗ സ്ഥലത്ത് കാറിൽ ചുറ്റിക്കറങ്ങി പരിസ്ഥിതി പ്രവർത്തകരുടെയും പങ്കെടുത്തവരുടെയും ചിത്രങ്ങൾ പകർത്താൻ ഇദ്ദേഹം ശ്രമിച്ചത് ജനകീയ പ്രതിഷേധങ്ങളെ പോലും പുച്ഛത്തോടെ കാണുന്ന ക്വാറി മാഫിയയുടെ ധാർഷ്ട്യത്തിന്റെ പ്രതിഫലനമാണ്. എന്ത് വില കൊടുത്തായാലും നാടിനെ തകർക്കുന്ന ക്വാറി നീക്കം തടയുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ യോഗത്തിൽ പ്രഖ്യാപിച്ചു. തങ്ങളുടെ നാടിൻറെ അഭിമാനമാണ് വട്ടക്കയം വെള്ളച്ചാട്ടമെന്നും അതിൽ തൊടാൻ ഒരാളെയും അനുവദിക്കില്ലെന്നും പ്രദേശത്തെ യുവാക്കൾ ഒന്നടങ്കം പറയുന്നു. 

 

വിഴിഞ്ഞം പദ്ധതിക്കായി പുലിമുട്ട് നിർമ്മിക്കുന്നതിന് വേണ്ടി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടജില്ലകളിൽ വ്യപകമായ പാറ ഖനനത്തിന് ഒരുങ്ങുകയാണ് അദാനി കമ്പനി. പ്രളയത്തിന് മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഏത് വിധേനയും അദാനി കമ്പനിക്ക് പാറ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ മറവിലാണ് പ്രളയം കഴിഞ്ഞതോടെ ഖനന നീക്കവുമായി കമ്പനി മുന്നോട്ട് പോകുന്നത്. മൂന്ന് ജില്ലകളിലായി 11 ക്വാറികൾക്കാണ് അനുമതി തേടിയിട്ടുള്ളത്. എല്ലാ സ്ഥലങ്ങളിലും ജനങ്ങൾ ശക്തമായ സമരവുമായി രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. 

 

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പ്രാദേശിക ജനതയുടെ ജീവിതം തകർക്കണോ എന്ന ചോദ്യമാണ് എല്ലാ സമര കേന്ദ്രങ്ങളിലും നിന്ന് ഉയരുന്നത്. പ്രകൃത്യാ ഉണ്ടായ ഒരു വെള്ളച്ചാട്ടത്തെ സ്വകാര്യ കമ്പനിയുടെ ലാഭത്തിന് വേണ്ടി ഇല്ലാതാക്കണോ എന്നതാണ് ആക്കൽ പ്രദേശത്തെ ജനങ്ങൾ ഉയർത്തുന്ന ചോദ്യം. പ്രളയശേഷവും പഴയ വികസന നയവുമായി മുന്നോട്ട് പോകുന്ന സർക്കാരിനോടുള്ള ചോദ്യം കൂടിയാണത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment