ഗംഗാ മലിനീകരണം തടയാൻ സായുധസേന; പുതിയ നിയമവുമായി കേന്ദ്രസർക്കാർ




ഗംഗാനദി സംരക്ഷണത്തിന് പുതിയ നിയമവുമായി കേന്ദ്ര സർക്കാർ. നദി മലിനമാക്കുന്നവരെ പിടികൂടാൻ പ്രത്യേക സായുധസേനയെ നിയോഗിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് പുതിയ നിയമത്തിന്റെ കരടിലുള്ളത്. വാണിജ്യാടിസ്ഥാനത്തിലുള്ള മൽസ്യബന്ധനം, നദീതടത്തിലെ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ നദിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ജയിൽശിക്ഷയും പിഴയുമടങ്ങുന്ന കർശന ശിക്ഷാനടപടികളും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ദേശീയ ഗംഗാ കൗൺസിൽ, ദേശീയ ഗംഗാ പുനരുജ്ജീവന അതോറിറ്റി എന്നിങ്ങനെ രണ്ടു ഏജൻസികൾ രൂപീകരിച്ച് അവ മുഖാന്തിരം നിയമം നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കരട് ബിൽ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായ രൂപീകരണത്തിന് അയച്ചിരിക്കുകയാണ് ഇപ്പോൾ. 

 

നദി മലിനപ്പെടുത്തുന്നവർക്കും നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നവർക്കും രണ്ടു മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകാനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗംഗാ പ്രൊട്ടക്ഷൻ കോപ്സ് എന്ന പേരിൽ രൂപീകരിക്കുന്ന പുതിയ സായുധ സേനയിലെ അംഗങ്ങൾക്ക് നദി മലിനപ്പെടുത്തുന്നവരെയും  നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നവരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഗംഗാ പ്രൊട്ടക്ഷൻ കോപ്സ് പ്രവർത്തിക്കുക. രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമം ഗംഗാനദിയുടെ സംരക്ഷണത്തിന് അപര്യാപ്തമാണെന്നും അതിനാലാണ് പുതിയ നിയമം രൂപീകരിക്കുന്നതെന്നും കരട് നിയമത്തിൽ പറയുന്നു. 

 

ഗംഗ മലിനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങളുടെ പട്ടികയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നദിക്ക് തടസമുണ്ടാക്കുന്ന നിർമ്മാണങ്ങൾ, നദീതടത്തിൽ നിന്ന് ഭൂഗർഭജലം ഊറ്റുന്നത്, വാണിജ്യാടിസ്ഥാനത്തിലുള്ള മൽസ്യബന്ധനം, ഗംഗയിലേക്കോ, കൈവഴികളിലേക്കോ മലിനജലം ഒഴുക്കുന്നത് തുടങ്ങിയവയൊക്കെ ഈ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. 2016 ൽ അഹമ്മദാബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ഗിരിധർ മാളവ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കരട് ബിൽ സർക്കാരിന് സമർപ്പിച്ചിരുന്നു. ആ ബിൽ നാലംഗ വിദഗ്ധ സമിതി പരിശോധിച്ചാണ് പുതിയ ബിൽ രൂപപ്പെടുത്തിയിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment