മഴയെ കാറ്റ് കൊണ്ടുപോയെന്ന് ശാസ്ത്രജ്ഞര്‍




തിരുവനന്തപുരം: ശക്തമായ കാറ്റ് കാരണമാണ് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകാത്തതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍. ശക്തമായ കാറ്റില്‍ മഴമേഘങ്ങള്‍ അതിര്‍ത്തി കടന്നതോടെയാണു സംസ്ഥാനത്തു മഴയൊഴിഞ്ഞത്. ദക്ഷിണേന്ത്യയില്‍ പെയ്യേണ്ട മഴ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ തിമിര്‍ത്തു പെയ്യുകയാണ്. 


തുടര്‍ച്ചയായി കാറ്റ് പ്രതികൂലമായതോടെ രൂപപ്പെടുന്ന മഴമേഘങ്ങള്‍ സംസ്ഥാനത്തിനു മുകളില്‍നിന്നു നീങ്ങിയതാണ് മഴയെ അകറ്റിയത്. മഴയ്ക്കു വില്ലനാകുന്നത് എന്‍നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണിത്. പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്നതു മണ്‍സൂണിനു വഴിവയ്ക്കുന്ന കാറ്റിന്റെ ചലനത്തെയും ബാധിക്കും.


ഒരു വര്‍ഷം ശരാശരി മൂവായിരം മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. ശരാശരി 64.3 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ പെയ്തത് 35.85 സെന്റിമീറ്റര്‍ മാത്രം. കാലവര്‍ഷം ഇത്രയും ദുര്‍ബലമാകുന്നത് 150 വര്‍ഷത്തിനിടെ ആദ്യമായാണെന്നു കണക്കുകള്‍ സാക്ഷ്യം. ഇത് വൈകാതെ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങാനാണ് സാധ്യത.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment