ആദിമവാസികൾക്കായി ശബ്ദിച്ച ഗൗരിയമ്മ




ഗൗരിയമ്മ എന്ന വിപ്ലവകാരിയെ ആദിവാസികളുടെ ഭൂസംരക്ഷണത്തിനായി നിയമ സഭയിൽ പോരാടിയ ഏക ജന പ്രതിനിധി എന്ന തരത്തിൽ ഓർമ്മിക്കപ്പെടും.അതു വഴി അവർ കാടുകളുടെയും സംരക്ഷകയാകുവാൻ ശ്രമിക്കുകയായിരുന്നു.


ആദിവാസികളുടെ ഭൂമി അവർക്ക് മടക്കി നൽകണമെന്ന കോടതി വിധിയെ അട്ടിമറിക്കുവാൻ നിയമ സഭയിൽ ബില്ല് പാസ്സാക്കുമ്പോൾ അതിനെതിരെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒറ്റയ്ക്ക് പൊരുതിയ നേതാവാണ് KR ഗൗരിയമ്മ. 


1996 ലെ കേരള പട്ടിക വര്‍ഗക്കാര്‍(ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കലും)ഭേദഗതി ബില്ലിന്റെ ചർച്ചയിൽ ഗൗരിയമ്മയുടെ ഇടപെടൽ ശക്തമായിരുന്നു.ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്ന് ഇറക്കി വിടുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കുചേരാതെ ഒറ്റക്കുനിന്നു എന്നതാണ്  നേതാവിന്റെ മഹത്വം.'നിങ്ങള്‍ക്കു വോട്ടാണ് പ്രധാനം,അല്ലാതെ സാമൂഹ്യ നീതിയല്ല' എന്നു പൊട്ടിത്തെറിച്ച കെ.ആര്‍.ഗൗരി അമ്മയുടെ വാക്കുകൾ സത്യമായി തുടരുന്നു.


09/ 09/ 1996 കേരള നിയമസഭയിൽ   കെ.ആര്‍. ഗൗരിയമ്മ: 'ശ്രീ .സത്യന്‍ മൊകേരി ആദിവാസികള്‍ക്കുവേണ്ടി ധാരാളം പ്രവര്‍ത്തിക്കുന്നുണ്ടാ യിരിക്കും.ആദിവാസികള്‍ പഴയ ആളുകള്‍ അല്ല.വിദ്യാഭ്യാസത്തിലും മറ്റു കാര്യങ്ങ ളിലും ആദിവാസികള്‍ വളരെ ഉന്നതമായിട്ടുള്ള നിലയിലെത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ , ഇന്നും ആദിവാസികള്‍ സങ്കേതത്തില്‍ കഴിയുന്നവരാണ്..ആ നിലയില്‍ ഈ നിയമം ആദിവാസികളെ രക്ഷിക്കാനാണോ ? ശ്രീമാന്‍ കെ.എം. മാണി ആത്മാര്‍ത്ഥമായിട്ടെങ്കിലും പറഞ്ഞു,അദ്ദേഹം കൊണ്ടുവന്ന നിയമം കൃഷിക്കാരനെ രക്ഷിക്കാനാണെന്ന്.ആദിവാസികളെ രക്ഷിക്കാനാണെന്ന് ഇവിടെ പറഞ്ഞില്ല.ഈ നിയമത്തില്‍ ആദിവാസികളെ രക്ഷിച്ചു എന്നാണ് പറയുന്നത്.


കൂട്ടത്തോടെ വംശനാശം വരുത്താനാണ് അവരെ മാറ്റി താമസിപ്പിക്കും എന്നു പറയു ന്നത്.ഭൂമി എവിടെയുണ്ട് ? മലയിലുണ്ടോ?നിങ്ങളുടെ ഈ സിറ്റിയിലുണ്ടോ ഭൂമി അവര്‍ക്കു കൊടുക്കാന്‍.കാഞ്ഞിരപ്പള്ളിയില്‍ ഒരൊറ്റ ആദിവാസിയുണ്ടോ ? അവരുടെ ഭൂമി ഇന്നു മുഴുവന്‍ അന്യരുടെ കയ്യില്‍ , കൂട്ടത്തോടെ അവരെ നശിപ്പിച്ചു . ഭൂമി അവര്‍ക്കുണ്ടോ? ധനാഢ്യന്മാരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരും ഭൂമി അവരില്‍ നിന്നും തട്ടിപ്പറിച്ചു . അവരെ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ചു.


അട്ടപ്പാടിയിലും വയനാട്ടിലും ഒരൊറ്റ ആദിവാസിക്കെങ്കിലും താമസിക്കുന്ന സ്ഥല മല്ലാതെ കൃഷി ചെയ്യാന്‍ വേറെ ഭൂമിയുണ്ടോ ? ഈ അടുത്തകാലത്ത് ഞാന്‍ പോയ ഒരു വീട്ടില്‍ ഇങ്ങനെ ഒരു അനുഭവം കണ്ടു. ആ വീട്ടില്‍ മൂന്നു തലമുറകളാണ് താമസിക്കുന്നത് . അവിടുത്തെ കൊച്ചു മകന്‍ കല്ല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്‍കുട്ടി കെട്ടിത്തൂങ്ങി ചത്തു . കാരണം ആ കുട്ടിയെ എല്ലാവരും ഒന്നിച്ചു താമസിക്കുന്ന മുറിയില്‍ വിവസ്ത്രയാക്കി.അപമാന ഭാരത്താല്‍ ആ കുട്ടി ആത്മഹത്യ ചെയ്തു . അട്ടപ്പാടിയിലെ സ്‌കീം എവിടെ ? സുഗന്ധഗിരി എവിടെ? പൂക്കോട്ട് ഡയറി എവിടെ? ഇവിടെയൊക്കെ ഉണ്ടായിരുന്ന മറ്റു സ്‌കീമുകള്‍ എവിടെ ? അതു മുഴുവന്‍ നിങ്ങളുടെ ഉദ്യോഗസ്ഥര്‍ തിന്നു തീര്‍ത്തിട്ട് മിണ്ടിയിട്ടില്ല.


ഒറിജിനല്‍ നിയമത്തില്‍ മറ്റു വകുപ്പുകള്‍ കൂടി പരിശോധിക്കാന്‍ , ഭൂമി വേഗം തിരിച്ചെടുക്കാന്‍ ആവശ്യമുള്ള ഭേദഗതികള്‍ എഴുതുന്നതിനുപകരം കൃഷിക്കാര്‍ക്ക് ഭൂമിയും ആദിവാസികള്‍ക്ക് ഗവണ്‍മെന്റിന്റെ ഉറപ്പും ഉണ്ടാകണം .അവര്‍ പാവപ്പെ ട്ടവരാണ്. അവരെ സഹായിക്കാന്‍ ആരുമില്ല .അതുകൊണ്ട് ഈ നിയമം ഇതു പോലെ പാസ്സാക്കിയാല്‍ ആദിവാസികള്‍ക്കിടയില്‍ വംശ നാശമുണ്ടാകും . മുമ്പൊരിക്കല്‍ ഈ വിഭാഗക്കാരെ വയനാട്ടില്‍ നിന്ന്, വെട്ടാന്‍ കൊണ്ടുപോകുന്ന മൃഗങ്ങളെപ്പോലെ ഇവിടെ ആട്ടിത്തെളിച്ചുകൊണ്ടുവന്നിരുന്നു.ശ്രീ.കണാരന്‍ ഇത്ര പെട്ടെന്ന് അവരെ കശാപ്പു ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല.അവരെ താമരശ്ശേരി യില്‍ വച്ചാണ് കണ്ടത്.കാര്യം സാധിച്ചല്ലോ കണാരാ.കര്‍ഷകത്തൊഴിലാളികളെ രക്ഷിക്കാന്‍ നടക്കുന്നു .അവരെ അവിടെത്തന്നെ താമസിപ്പിക്കണം.കൃഷിക്കാ രേയും ആദിവാസികളേയും തമ്മില്‍ തല്ലിക്കാത്തവിധത്തില്‍ ഗവണ്‍മെന്റിന്റെ പണ മുപയോഗിച്ച് കൃഷിക്കാരെ മാറ്റിത്താമസിപ്പിക്കണം .കൃഷിക്കാര്‍ക്ക് വേറെ ഭൂമിയും പണവും വേണം .ആദിവാസി റീഹാബിലിറ്റേഷന്‍ ഫണ്ടിനെപ്പറ്റി ഇങ്ങനെ പറയുന്നു: The said fund mainly constsi of grastn and loans from the Gov--ernment . ഇനി ആദിവാസികള്‍ക്ക് ബഡ്ജറ്റില്‍ പ്രാവിഷന്‍ കാണുകയില്ല.എല്ലാം റീഹാബിലിറ്റേഷനു പോകും.ആ വിധത്തിലുള്ള നടപടിയു ണ്ടാകും. അതാണ് വരാന്‍ പോകുന്നത്. ഈ നിയമം നടപ്പിലാക്കിയാല്‍ പാവപ്പെട്ട ആദിവാസിയെ ഇല്ലായ്മ വരുത്തുന്നതിന്റെ ഉത്തരവാദിത്വം ശ്രീ . ഇസ്മയിലിന്റെ തലയില്‍ തന്നെ വരും.അവരെ മാറ്റിത്താമസി പ്പിച്ചാല്‍ അവര്‍ ജീവനോടെ കാണു കയില്ല.മത്സ്യത്തെ കരയില്‍ വളര്‍ത്തുന്നതിന് തുല്യമാണ് വരാന്‍ പോകുന്നത്. ആ വിധത്തില്‍ ഈ നിയമം പുനഃ പരിശോധി ക്കണം .കൃഷിക്കാര്‍ സംഘടിതമാണ് .വയനാട്ടില്‍ രണ്ടു ലക്ഷം ആദിവാസികളു ള്ളപ്പോള്‍ നാലുലക്ഷം കൈയേറ്റക്കാരുണ്ട് .നിങ്ങള്‍ക്കു വോട്ടാണ് പ്രധാനം . അല്ലാതെ സാമൂഹ്യ നീതിയല്ല.ആദിവാസികളെ എങ്ങനെ രക്ഷിക്കാം , അവരെ ഏതു വിധത്തില്‍ പുനരധിവസിപ്പിക്കാം എന്നു നോക്കുന്നതിനുപകരം എന്താണ് നിങ്ങള്‍ നോക്കുന്നത്? അതുകൊണ്ട് ഇത് എതിര്‍ക്കേണ്ട നിയമമാണ് .ആ വിധത്തില്‍ ഞാന്‍ ഇതിനെ എതിര്‍ക്കുകയാണ് ' 


സംസ്ഥാന ജനസംഖ്യയിൽ 1% വരുന്ന ആദിമ വാസികളുടെ അവകാശങ്ങൾ നിരന്തരമായി അവഗണിച്ചു കൊണ്ടാണ് സംസ്ഥാനത്തെ മുഖ്യധാര പാർട്ടികൾ മുന്നോട്ടു പോകുന്നത്.ഭൂമിയുടെ ഉടമസ്ഥാവകാശം ആവർത്തിച്ച് നിഷേധിക്കപ്പെട്ട  ആദിമവാസികളുടെ അവസ്ഥ പരിതാപകരമായി തുടരുന്നു.അവർക്കൊപ്പമാണ് ദളിതരുടെയും മത്സ്യ ബന്ധന തൊഴിലാളികളുടെയും പൊതു അവസ്ഥ.പാർശ്വ വൽക്കരിക്കപ്പെട്ടവർക്കു വേണ്ടി പോരാടിയ വിപ്ലവനായിക  ശ്രീമതി ഗൗരിയമ്മക്ക് ആദരാഞ്ജലികൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment