സാലിം അലിയെ ഓർക്കുമ്പോൾ




നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി രാജ്യം ആചരിക്കുകയാണ്. പക്ഷി നിരീക്ഷണത്തിനായും ശാസ്ത്രീയ ഗവേഷണത്തിനായും ജീവിതം സമര്‍പ്പിച്ച ഡോ. സാലിം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി മാറിയത്. പക്ഷി മനുഷ്യൻ എന്നറിയപ്പെട്ട അദ്ദേഹത്തിൻ്റെ ആത്മ കഥയാണ് The fall of a Sparrow.


സാലിമിന്റെ പ്രധാന വിനോദം കുരുവികളെ വേട്ടയാടലായിരുന്നു. ഇതിനിടയില്‍ പല വിചിത്രാനുഭവങ്ങളും സാലിമിനെ സ്വാധീനിച്ചു. അമ്മാവന്റെ കയ്യില്‍ നിന്നു ലഭിച്ച എയര്‍ഗണ്‍ ഉപയോഗിച്ച് കുരുവി വേട്ട നടത്തുന്നതിനിടയില്‍ അടയിരിക്കുന്ന പെണ്‍ കുരുവിയെയും ഇണയേയും കാണാനിടയായി. ആണ്‍ കുരുവിയെ താൻ തോക്കിനിരയാക്കിയെങ്കിലും പെണ്‍ കുരുവി വേറെ ഇണയെ കണ്ടെത്തി. ഇതു പലവട്ടം തുടര്‍ന്നു എന്നത് സാലിമിനെ അമ്പരപ്പിച്ചു. ഈ സംഭവങ്ങൾ അദ്ദേഹത്തെ പക്ഷികളുടെ ലോകത്തെത്തിച്ചു.


മില്യാഡ്‌ എന്ന യൂറോപ്യൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) സാലിമിലെ പക്ഷി നിരീക്ഷകനെ കണ്ടെത്തി വളര്‍ത്തുകയായിരുന്നു. മുംബൈയിലെ സെന്റ്‌ സേവിയർ കോളേജില്‍ പഠനം തുടങ്ങിയതെങ്കിലും പൂര്‍ത്തിയാക്കാതെ മ്യാന്‍മാറിലേയ്ക്കു പോയ ശേഷം, പ്രകൃതി സ്നേഹത്തിലേയ്ക്കു കൂടുതൽ അടുക്കുകയാരുന്നു. മുംബൈയില്‍ മടങ്ങിയെത്തി വിദ്യാഭ്യാസം തുടര്‍ന്നു.1928 ല്‍ ജര്‍മ്മനിയിലേയ്ക്കു പോയ അലിക്ക് ബെർലിനിലെ പല മുൻ നിര ജർമ്മൻ പക്ഷി ശാസ്ത്ര ജ്ഞരുമായി ഇടപഴാകാൻ അവസരം കിട്ടി. ബെർനാണ്ട് റേൻഷ (Bernhard Rensch), ഓസ്കർ ഹീന്രോത് (Oskar Heinroth), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു അവർ. 1932-ൽ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷി ശാസ്ത്ര പര്യവേക്ഷണ” ത്തിൽ (Hyderabad State Ornithology Survey) പങ്കെടുത്തതോടെ  പഠന പര്യവേക്ഷണം സജ്ജീവമായി.


1935ൽ കുരിയാർ കുട്ടിയിലെ സത്രത്തിലിരുന്നാണ്‌ സലീം കേരളത്തിലെ പക്ഷി ശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്. പിന്നീട് തട്ടേക്കാടെത്തി അവിടുത്തെ അമൂല്യമായ പക്ഷി സമ്പത്തിനെ കുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണ കേന്ദ്രം (Collection centre) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ചാലക്കുടി, പറമ്പിക്കുളം, മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിലും പഠനം തുടര്‍ന്നു. ‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകം രചിച്ചു. കാശ്മീർ മുതൽ കന്യാകുമാരി വരെ സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തിയ സലീം അലി ലോകത്തെ പ്രസിദ്ധനായ പക്ഷി ഗവേഷകനും പ്രകൃതി സ്നേഹിയുമായി മാറി.  


ഭരത്പൂർ വനങ്ങളെ വന്യ ജീവി സങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചു. അനേകം പക്ഷികളുടെ മരണത്തിന് കാരണമായ ‘കന്നുകാലി മേയൽ’ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്യുവാൻ അദ്ദേഹത്തിൻ്റെ നീക്കം സഹായിച്ചു. 1987-ജൂൺ 20 ന് തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.


1300-ൽ അധികം പക്ഷി  വർഗ്ഗങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറെ അധികം പക്ഷികളെ കേരളത്തിൽ കാണാം. അഞ്ച് പക്ഷി സങ്കേതങ്ങൾ കേരളത്തിലുണ്ട്. കുമരകം ബേർഡ് സാങ്ച്വറി, തട്ടേക്കാട് പക്ഷി സങ്കേതം, മംഗള വനം, പാതിരാമണൽ, കടലുണ്ടി എന്നിവയാണ് അവ. പക്ഷി വര്‍ഗ്ഗങ്ങള്‍ പലതും വംശനാശ ഭീഷണി നേരിടുകയാണ്. മുമ്പ് ഭൂലോകത്തുണ്ടായിരുന്ന പല പക്ഷികളും ഇന്നില്ല. നാം കണ്ടിരുന്ന പല പക്ഷികളേയും കാണാനില്ല. പല നാടുകളില്‍ നിന്നായി ദേശാടന പക്ഷികള്‍ നമ്മുടെ നാട്ടില്‍ വന്നു പോയിക്കൊണ്ടിരിക്കുന്നു. 


കേരളത്തില്‍ വംശനാശ ഭീഷണികള്‍ നേരിടുന്ന പക്ഷിയിനങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. 50 ഇനം പക്ഷികൾ ചുവന്ന പട്ടികയില്‍ പെടുന്നു. തലേക്കെട്ടന്‍ തിത്തിരി, ചുട്ടിക്കഴുകന്‍, തവിട്ടു കഴുകന്‍ എന്നിവയാണ് ഗുരുതരമായ വംശ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പക്ഷികള്‍. കാതില ക്കഴുകന്‍, തോട്ടിക്കഴുകന്‍, തെക്കന്‍ ചിലുമിലുപ്പന്‍, സന്ധ്യക്കിളി തുടങ്ങിയ പക്ഷികളും വംശനാശ പട്ടികയിലുണ്ട്. അടുത്തുതന്നെ അപകടാവസ്ഥയിലാകുന്നത് 25 ഇനം പക്ഷികളാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. സൂചിമുഖി, ഇലക്കുരുവി, നീലക്കിളി, പാറ്റപിടിയന്‍, ചെറിയമീന്‍ പരുന്ത്, കരിങ്കഴുകന്‍, മല മുഴക്കി, ചേരക്കോഴി തുടങ്ങിയവും ഇതില്‍പ്പെടും. നേരത്തെ പക്ഷി നിരീക്ഷണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയ പട്ടികയില്‍ കന്യാസ്ത്രീകൊക്ക്, ചെറിയ പുള്ളിപരുന്ത്, വലിയ പുള്ളിപരുന്ത്, തോട്ടികഴുകന്‍, കിഴക്കന്‍ നട്ട്, കടല്‍ക്കാട്, ആല്‍കിളി തുടങ്ങിയവ വംശനാശത്തിന്റ വക്കിലാണ്.


കേരളം അനുഭവിക്കുന്ന പാരിസ്ഥിതിക തിരിച്ചടികളിൽ ഏറെ പരുക്കുകൾ ഏൽക്കുന്നത് പക്ഷി കൂട്ടങ്ങൾക്കാണ്. ഡോ. സാലിം അലിയുടെ ഓർമ്മകൾ പരിസ്ഥിതി വിഷയത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ വർധിപ്പിച്ചിരുന്നു എങ്കിൽ ? 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment